കരമന-കളിയിക്കാവിള ദേശീയപാത വികസനം മന്ദഗതിയില്‍: ഒഴിപ്പിച്ച ഭൂമിയില്‍ വഴിയോരകച്ചവടം പൊടിപൊടിക്കുന്നു
നേമം: കമരന-കളിയിക്കാവിള ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തിലെ രണ്ടാം റീച്ചായ പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം കൊടിനട വരെയുള്ള ഭാഗം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇപ്പോള്‍ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്ന് പരക്കെ ആക്ഷേപം.
പ്രാവച്ചമ്പലം മുതല്‍ കൊടിനട വരെയുള്ള 95 ശതമാനത്തോളം ഭൂമി ഒഴിപ്പിച്ച് കെട്ടിടങ്ങള്‍ ഇടിച്ച് നിരത്തിയെങ്കിലും അത് മാസങ്ങളായി വഴിയോര കച്ചവടക്കാര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ്. പദ്ധതിയുടെ ഒന്നാം ഘട്ടമായ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുളള ഭാഗം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചിരുന്നു.
എന്നാല്‍ കിഫ്ബിയുടെ ധനസഹായത്തോടുകൂടി നടത്തുന്ന രണ്ടാം റീച്ചിന്റെ റോഡ് പണിയ്ക്ക് മാത്രമായി പ്രേജക്ട് റിപ്പോര്‍ട്ട് പ്രകാരമുളള 111.5 കോടി രൂപയ്ക്ക് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
കോടതി കേസുകള്‍ വഴിയുള്ള പ്രതിബന്ധങ്ങള്‍ ഏറെക്കുറെ പരിഹരിക്കാന്‍ കഴിഞ്ഞെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതില്‍ ആശങ്കയിലാണ് തെക്കന്‍ ജില്ലയിലെ ജനങ്ങളിലെറെയും. പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം കൊടിനടവരെയുള്ള 5 കിലോ മീറ്റര്‍ ഭാഗത്തെ ഭൂമി ഏറ്റെടുക്കുന്നതിനായി കഴിഞ്ഞ വര്‍ഷം തന്നെ പൊതുമരാമത്ത് വകുപ്പ് 266 കോടി രൂപ ഭൂവുടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കാനായി ജില്ലാ കലക്ടര്‍ക്ക് കൈമാറിയ പ്രകാരമാണ് ഭൂമി ഏറ്റെടുത്തതും ടെണ്ടര്‍ നടപടികളിലേക്ക് കടക്കാനും സാധിച്ചത്. എന്നാല്‍ ബാലരാമപുരം മുതല്‍ വഴിമുക്കുവരെയുള്ള ഒന്നര കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ഭൂമി ഏറ്റെടുപ്പിനായി 98.1 കോടിയുടെ ഭരണാനുമതി ലഭിച്ചതായും പറയുന്നു.
എന്നാല്‍ പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം കൊടിനട വരെയുള്ള രണ്ടാം റീച്ചിന്റെ നിര്‍മാണ പ്രവര്‍ത്തനം മന്ദഗതിയിലായതോടെ മൂന്നാം ഘട്ടമായ ബാലരാമപുരം-വഴിമുക്കുവരെയുള്ള ദേശീയപാത വികസനത്തില്‍ ആശങ്കയിലാണ് ജനം. എന്നാല്‍ നാലാം ഘട്ടമായ വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെയുള്ള കരട് അലൈന്‍മെന്റ് തയാറാക്കി അടുത്തിടെ നെയ്യാറ്റിന്‍കര, പാറശാല എം.എല്‍.എമാരുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുകയുണ്ടായി.
ഇപ്പോള്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി നില്‍ക്കുന്ന പ്രാവച്ചമ്പലം ഭാഗത്ത് ദിനം പ്രതി നിരവധി അപകടങ്ങളാണ് നടക്കുന്നത്. കരമന മുതല്‍ ഇരുവശങ്ങളിലായി നാലുവരി പാതയായി എത്തി നില്‍ക്കുന്ന പ്രാവച്ചമ്പലം ഭാഗത്ത് അവസാനിക്കുന്ന സ്ഥലത്താണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. ഈ ഭാഗങ്ങളില്‍ ആവശ്യത്തിന് പൊലിസിനെ വിന്യസിക്കണം എന്ന ആവശ്യവും നാട്ടുകാര്‍ക്കിടയില്‍ ഏറുകയാണ്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുതല്‍ ഇരുചക്ര വാഹനങ്ങള്‍ വരെ സീബ്രാ ലൈന്‍ അവഗണിച്ചാണ് യാത്ര നടത്തുന്നത്. ഇക്കാരണത്താലാണ് അപകടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. ബാലരാമപുരം വഴിമുക്കുമുതല്‍ കൊടിനട വരെയുള്ള ഭാഗം താണ്ടണമെങ്കില്‍ വാഹനങ്ങള്‍ക്ക് അരമണിക്കൂര്‍ സമയം വേണ്ടി വരും.
പലപ്പോഴും ഇരുചക്ര വാഹനങ്ങളും മറ്റ് ചെറുവാഹനങ്ങളും ചീറി പായുന്ന ആംബുലന്‍സിന്റെ പിന്നാലെ പായുന്ന കാഴ്ചയും ഈ ഭാഗങ്ങളില്‍ കാണാന്‍ കഴിയും.
ഈ അവസ്ഥ മാറണമെങ്കില്‍ ഒന്നാം ഘട്ടത്തിന്റെ രണ്ടാം റീച്ചായ പ്രവച്ചമ്പലം മുതല്‍ കൊടി നടവരെയുള്ള ഭാഗത്തിന്റെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."