സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ജില്ലയായി പ്രഖ്യാപിച്ചിട്ട് ഒരാഴ്ച ഇതാ സമ്പൂര്‍ണ പ്ലാസ്റ്റിക് കൂമ്പാരം
കണ്ണൂര്‍: സമ്പൂര്‍ണ പ്ലാസ്റ്റിക് വിമുക്ത ജില്ലയായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ തികയുംമുമ്പേ ജില്ലാ ആസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം. തെക്കിബസാര്‍ കക്കാട് റോഡ് ജങ്ഷനിലെ ദേശീയപാതയോരത്തുള്ള കടമുറിയിലാണു പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂമ്പാരം കുമിഞ്ഞുകൂടിയത്. ഷട്ടര്‍ തുറന്നിട്ട നിലയിലുള്ള കെട്ടിടത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിനിടയില്‍ മറ്റു മാലിന്യങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഷട്ടര്‍ തുറന്നുകിടക്കുന്നതിനാല്‍ തെരുവുനായ്ക്കളും നഗരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളും ഇവിടെയത്തി പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കാനും ഇടവരും. ഈ മാസം മൂന്നിനാണ് കണ്ണൂരിനെ പ്ലാസ്റ്റിക് വിമുക്ത ജില്ലയായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചത്. വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു പ്ലാസ്റ്റിക് കവറുകള്‍ വിതരണം ചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്ലാസ്റ്റിക് മാലിന്യം ഭൂമിക്കടിയിലും കുമിഞ്ഞുകൂടുന്നതിനാല്‍ ഇത് എങ്ങനെ നശിപ്പിക്കുമെന്ന കാര്യം അധികൃതരും ഗൗരവത്തോടെ ആലോചിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."