വനമേഖലയില്‍ കുടില്‍ കെട്ടിയതിന്റെ പേരില്‍ ഏഴ് ആദിവാസികള്‍ അറസ്റ്റില്‍
രാജാക്കാട്: വനംവകുപ്പിന്റെ അധീനതയിലുള്ള പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനില്‍ അനധികൃതമായി കടന്നു കയറി കുടില്‍ നിര്‍മ്മിച്ചതിന്റെ പേരില്‍ 7 ആദിവാസികളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പ്ലാന്റേഷനുള്ളില്‍ ആദിവാസികള്‍ നിര്‍മ്മിച്ച 8 കുടിലുകള്‍ പൊലിസും വനംവകുപ്പും ചേര്‍ന്ന് ഒഴിപ്പിച്ചു.
അടിമാലി മച്ചിപ്ലാവ് ആദിവാസിക്കുടിയിലെ താമസക്കാരായ റെജു ജോണ്‍സന്‍, ജോര്‍ജ്ജ് ഐസക്ക്, ഗോപാലന്‍ നാഥന്‍, ബിജു കൃഷ്ണന്‍, സൂര്യന്‍ തെക്കന്‍, സജി കൃഷ്ണന്‍, അഴകന്‍ പുനല എന്നിവര്‍ ചേര്‍ന്ന് ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനിലെത്തി കുടിലുകള്‍ നിര്‍മ്മിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡെപ്യൂട്ടി റെയിഞ്ചോഫീസര്‍ അഖില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പെരിഞ്ചാംകുട്ടിയിലെത്തി ആദിവാസികളെ കസ്റ്റഡിയിലെടുത്തു. വൈദ്യുതി വകുപ്പ് വനംവകുപ്പിന് കൈമാറിയ പെരിഞ്ചാംകുട്ടി പ്ലാന്റേഷനിലാണ് ആദിവാസികള്‍ കുടിലുകള്‍ നിര്‍മ്മിച്ചത്. വനഭൂമിയില്‍ അതിക്രമിച്ച് കയറിയതിനും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി റെയിഞ്ചോഫീസര്‍ പറഞ്ഞു.
അതേസമയം പെരിഞ്ചാംകുട്ടിമേഖലയില്‍ കുടിയിരിക്കുവാനുള്ള അനുവാദം കോടതിമുഖേന തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അതിന്‍പ്രകാരമാണ് തങ്ങള്‍ പെരിഞ്ചാകുട്ടിയിലെത്തി കുടില്‍ നിര്‍മ്മിച്ചതെന്നുമാണ് ആദിവാസികള്‍ പറയുന്നത്.നിലവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം 19 ആദിവാസി കുടുംബങ്ങള്‍ക്ക് മാത്രമേ പെരിഞ്ചാംകുട്ടി പ്ലാന്റേഷനു സമീപം താമസിക്കുവാനുള്ള അനുമതി ലഭിച്ചിട്ടുള്ളുവെന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ പറയുന്നു.
നിലവില്‍ 12 കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസമുള്ളത്.അറസ്റ്റിലായ ആദിവാസികള്‍ അവകാശപ്പെടുംപോലെ ഭൂമി സംബന്ധിച്ച് എന്തെങ്കിലും കോടതി ഉത്തരവുകള്‍ ഇവരുടെ പക്കല്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറയിച്ചു. അറസ്റ്റ് ചെയ്ത ഏഴ് പേരെ അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 2012 ലും സമാനരീതിയില്‍ 100 ഓളം ആദിവാസികള്‍ പെരിഞ്ചാംകുട്ടി മേഖലയില്‍ കടന്നുകയറുകയും വനംവകുപ്പ് ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."