ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ടു ദിവസത്തിനകം
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ അവസാനത്തെ മന്ത്രിസഭായോഗവും ഇന്നലെ അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന് ഉടന്‍ പ്രഖ്യാപിച്ചേക്കും. രണ്ടു ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.
ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള അസംബ്ലി തിരഞ്ഞെടുപ്പും ഇതോടൊപ്പം പ്രഖ്യാപിക്കും. ഏപ്രില്‍, മെയ് മാസങ്ങളിലായി എട്ടോ പത്തോ ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച തിരഞ്ഞെടുപ്പ് കമ്മിഷന് അവിടുത്തെ സാഹചര്യങ്ങള്‍ തിരഞ്ഞെടുപ്പിന് പ്രതികൂലമല്ലെന്ന് വിലയിരുത്തി.
മാര്‍ച്ച് അഞ്ചിനായിരുന്നു 2014ലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രില്‍ എഴു മുതല്‍ മെയ് 12വരെ ഒന്‍പത് ഘട്ടങ്ങളിലായാണ് അന്ന് തിരഞ്ഞെടുപ്പ് നടന്നത്. മെയ് 16നായിരുന്നു വോട്ടെണ്ണല്‍.
2009ലെ തിരഞ്ഞെടുപ്പും ഏകദേശം സമാനമായിരുന്നു. മാര്‍ച്ച് രണ്ടിനായിരുന്നു പ്രഖ്യാപനം. അഞ്ചുഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 16 മുതല്‍ മെയ് 13 വരെയായിരുന്നു. മെയ് 16നായിരുന്നു വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ ഉടനെ തിരഞ്ഞെടുപ്പ് കമ്മിഷന് തിരഞ്ഞെടുപ്പ് നിരിക്ഷകരുടെ യോഗം വിളിക്കും.
മാര്‍ച്ച് അവസാനത്തിലായിരിക്കും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധ്യത. 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുക. ജൂണ്‍ മൂന്നിനാണ് നിലവിലുള്ള ലോക്സഭയുടെ കാലാവധി അവസാനിക്കുന്നത്. അതിനുമുമ്പ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റിരിക്കണം.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക യാത്രാപരിപാടികള്‍ പൂര്ത്തിയാകാനാണോ കമ്മിഷന് കാത്തിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ചോദിച്ചു.
മോദി സര്‍ക്കാര്‍ പൊതുപണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ നടത്തുകയും ടെലിവിഷനിലും പത്രങ്ങളിലും പരസ്യങ്ങള്‍ നിറയ്ക്കുകയും ചെയ്യുകയാണെന്നും അഹമ്മദ് പട്ടേല്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."