മെഡിക്കല്‍ കോളജ് പരിസരത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു
ആര്‍പ്പൂക്കര : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിലവിലെ അത്യാഹിത വിഭാഗത്തിന് മുന്‍വശത്തെ വെള്ളക്കെട്ടിന് പരിഹാരമാകുന്നു. മഴവെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത് മൂലം കാര്‍ഡിയോളജി, ഗൈനക്കോളജി വിഭാഗങ്ങളിലേയ്ക്ക് കാല്‍നടക്കാരായ രോഗികള്‍ അടക്കമുള്ളവര്‍ക്ക് സഞ്ചരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
വണ്‍വേ സമ്പ്രദായമായത് മൂലം ആശുപത്രി പരിസരത്തേക്ക് ആം ബുലന്‍സ്, ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍, രോഗി സന്ദര്‍ശനത്തിനെത്തുന്നവര്‍, രോഗികളുമായി മറ്റ് വാഹനങ്ങളില്‍ വരുന്നവര്‍ എല്ലാവരും, കടന്നു പോകുന്നത് പ്രധാന റോഡില്‍ നിന്ന്അത്യാഹിത വിഭാഗത്തിന്റെ മുന്‍വശത്തുള്ള റോഡിലൂടെയാണ്.
എന്നാല്‍ പുതിയ അത്യാഹിത വിഭാഗത്തിലേക്ക് വാഹനങ്ങള്‍ വന്നു പോകുന്നതിനായി നിര്‍മ്മിച്ച പുതിയ റോഡ് നിര്‍മ്മിച്ചിരിക്കുന്നത് നിലവിലെ റോഡ് സൈഡില്‍ ഉണ്ടായിരുന്ന വെള്ളം ഒഴുകിപ്പോകുന്നതിനുണ്ടായിരുന്ന ഓട അടച്ചു കൊണ്ടാണ്്. ഇത് മൂലം പ്രധാന റോഡില്‍ നിന്നുള്ള മഴവെള്ളം വരെ താഴേയ്ക്ക് പതിച്ച് അത്യാഹിത വിഭാഗത്തിന് മുന്‍വശത്തായി കെട്ടിക്കിടക്കുകയാണ്.കാല്‍നട യാത്രക്കാരെ മാത്രമല്ല, ആംബുലന്‍സും, ജീവനക്കാരും ഒഴികെ, ആശുപത്രി കോമ്പൗണ്ടിലേയ്ക്ക് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും, പാര്‍ക്കിംഗ് ഫീസ് നിര്‍ബന്ധമാണ്.ഇത് വാങ്ങുന്നതിനായി, കുടുംബശ്രീ വിഭാഗത്തില്‍ നിന്നും രണ്ടു ഷിഫ്റ്റ് കളിലായി ഒരേ സമയം നാല് സ്ത്രികളാണ് ഡ്യൂട്ടി ചെയ്യുന്നത്. ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഇവര്‍ ധരിച്ചിരിക്കുന്ന ഡ്യൂട്ടി വസ്ത്രത്തില്‍ ചെളി തെറിക്കുന്നത് പതിവാണ്.
പൊതുമരാമത്ത് വകുപ്പിന്റെ അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം മൂലമാണ് ഇവിടെ വെള്ളക്കെട്ടുണ്ടായതെന്ന് ആരോപണപമുണ്ട്.വാര്‍ത്തയെ തുടര്‍ന്ന് വ്യാഴാഴ്ച പൊതുമരാമത്ത് വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവരുടെ നിര്‍ദേശപ്രകാരം ഓട മൂടിക്കൊണ്ട് പുതിയതായി നിര്‍മ്മിച്ച റോഡ് വെട്ടിപ്പൊളിച്ച് പഴയ ഓട പോയിക്കൊണ്ടിരിന്ന അതേ സ്ഥലത്ത് വലിയ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കുന്നതിനുള്ള ജോലി ആരംഭിച്ചിരിക്കുകയാണ്.ഇപ്പോള്‍ പൊളിക്കുന്ന റോഡ് നിര്‍മ്മിച്ചിട്ട് ഒരു മാസം പോലും ആയിട്ടില്ല.
27 ന് മുഖ്യമന്ത്രി, പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തുന്നതുമായി ബന്ധപ്പെട്ടു കൊണ്ട് നിര്‍മ്മിച്ച റോഡാണ് വെട്ടിപ്പൊളിച്ച് ഓട നിര്‍മ്മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."