ഡിഫ്തീരിയ; പ്രതിരോധ മരുന്നില്ലാത്തത് പ്രതിഷേധത്തിനിടയാക്കി
പളളിക്കല്‍: ഡിഫ്തീരിയക്കെതിരേ ആരോഗ്യ വകുപ്പ് അധികൃതര്‍ ബോധവത്കരണം ശക്തമാക്കിയതോടെ ദിവസവും നിരവധി പേരാണു കുത്തിവെപ്പെടുക്കാന്‍ എത്തുന്നത്. ഇതോടെ ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിനു മരുന്നില്ലാത്ത അവസ്ഥയാണ്. വെള്ളിയാഴ്ച കുത്തിവെപ്പെടുക്കാന്‍ നൂറുക്കണക്കിനാളുകള്‍ കൂനൂള്മാടു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിയെങ്കിലും വാക്സിന് ഇല്ലാത്തതിനാല്‍ 22 പേര്‍ക്കു മാത്രമേ കുത്തിവെപ്പെടുക്കാനായുള്ളൂ.
പള്ളിക്കല്‍ എ.എം.യു.പി സ്കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പെടുക്കാമെന്ന് ആരോഗ്യ വകുപ്പു സ്കൂള്‍ അധികൃതരെ അറിയിച്ചെങ്കിലും വാക്സിന്റെ കുറവ് മൂലം ഇന്നലെ സ്കൂളില്‍ നടന്ന ക്യാംപില്‍ അഞ്ചാം തരത്തിലെ 300 കുട്ടികളില്‍ 108 കുട്ടികള്‍ക്ക് മാത്രമാണു കുത്തിവെപ്പുനടത്തിയത്. ബാക്കി കുട്ടികള്‍ക്ക് വാക്സിന് എത്തിയാലുടന്‍ കുത്തിവെപ്പു നടത്താമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
രോഗബാധ കണ്ടത്തിയ പ്രദേശങ്ങളില്‍ ബോധവത്കരണം ശക്തമായതോടെ കുത്തിവെപ്പെടുക്കാനായി എത്തുന്നവര്‍ മരുന്നില്ലാത്തതിന്റെ പേരില്‍ തിരിച്ചു പോകേണ്ടി വരുന്നതു പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."