മണ്ണൊലിപ്പിനെ തുടര്‍ന്ന് പൊലിസ് ക്വാര്‍ട്ടേഴ്‌സ് കെട്ടിടം അപകടാവസ്ഥയില്‍; കുടുംബങ്ങള്‍ ആശങ്കയില്‍
കാക്കനാട് : ശക്തമായ മഴയില്‍ ഉണ്ടായ മണ്ണൊഴുക്കിനെ തുടര്‍ന്ന് പൊലിസ് ക്വാര്‍ട്ടേഴ്‌സിലെ കുടുബാംഗങ്ങള്‍ ആശങ്കയില്‍. തൃക്കാക്കര പൊലിസ് സറ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന പൊലിസ് ക്വാര്‍ട്ടേഴ്‌സിലെ 'ബി' ബ്ലോക്ക് കെട്ടിടത്തിന്റെ അടിഭാഗത്തെ മണ്ണ് ശക്തമായ മഴയില്‍ ഒലിച്ച് പോയതിനെ തുടര്‍ന്ന് കെട്ടിടം അപകടത്തില്‍പ്പെടുമോ എന്ന അശങ്കയിലാണ് താമസക്കാര്‍. ബി ബ്ലോക്കില്‍ താഴത്തെ നിലയില്‍ വടക്ക് കിഴക്കേ മൂലയിലെ ക്വാര്‍ട്ടേഴ്‌സിന്റെ അടിഭാഗത്തെ മണ്ണൊലിച്ചുപോയി ഗര്‍ത്തം രൂപപ്പെട്ട അവസ്ഥയിലാണ്.
കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പൊലിസ് കമ്മിഷണറെ നേരില്‍ കണ്ട് നിരവധി തവണ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരായ സ്ത്രീകള്‍ പറഞ്ഞു. 2002ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച നാല് ബ്ലോക്കുകളിലായി 60ല്‍പ്പരം കുടുംബങ്ങളാണ് താമസിക്കുന്നത്. കെട്ടിടത്തിന്റെ അപകടാവസ്ഥ പരിശോധിക്കാന്‍ പൊതുമരാമത്ത് അധികൃതരും തയാറായിട്ടില്ല. തറഭാഗത്തെ മണ്ണൊലിച്ചുപോയി കെട്ടിടം കൂടുതല്‍ അപകടാവസ്ഥയിലാകുന്നത് തടയണമെന്നാണ് താമസക്കാരുടെ ആവശ്യം.
മൂന്ന് വര്‍ഷം മുമ്പ് നിര്‍മിച്ച മേല്‍ക്കൂരയിലെ ഷീറ്റ് കാറ്റില്‍ പറന്നുപോയതോടെ കെട്ടിടത്തിന് മുകളില്‍ മഴവെള്ളം കെട്ടിക്കിടന്ന് ചോരുന്ന അവസ്ഥയിലാണ്. കെട്ടിടത്തിലെ ചോര്‍ച്ച തടയുന്നതിനായിരുന്നു മേല്‍ക്കൂരയില്‍ ഷീറ്റ് മേഞ്ഞത്. തകരഷീറ്റ് കാറ്റില്‍ പറന്നു താഴെ വീഴുന്നത് അപകടത്തിന് ഇടയാക്കുമെന്ന് താമസക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."