മോഷണക്കേസ് പ്രതിയ്ക്കെതിരേ കാപ്പ ചുമത്തി
കൊച്ചി: കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി മോഷണകേസുകളില്‍ പ്രതിയായ കൊല്ലം കുണ്ടറ ഇളമ്പല്ലൂര്‍ അമ്പിപൊയ്ക പി.കെ.വി കവല ലക്ഷംവീട് കോളനിയില്‍ അഞ്ചാം നമ്പര്‍ വീട്ടില്‍ കുട്ടന്റെ മകന് ടൈറ്റാനിക് ബിജു എന്നറിയപ്പെടുന്ന ഷമീര്‍(37) പിടിയിലായി. സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) നിയമം 2007 പ്രകാരം സെന്‍ട്രല്‍ പൊലിസ് ഇന്‍സ്പെക്ടര്‍ എ. അനന്തലാല്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഒരു വര്‍ഷമാണ് തടങ്കല്‍ കാലാവധി.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് പരിധിയില്‍ തുടര്‍ച്ചയായി മോഷണങ്ങള്‍ നടത്തിവന്ന ഇയാളെ അറസ്റ്റ് ചെയ്ത അഞ്ച് കേസുകളില്‍ ശിക്ഷിച്ചിരുന്നു. തുടര്‍ന്നും സെന്‍ട്രല്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പല മോഷണകേസുകളിലും മോഷണ ശ്രമങ്ങളിലും ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരേ കാപ്പ ചുമത്തുന്നതിനുള്ള റിപ്പോര്‍ട്ട് സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശ് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചത്.
തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള ആണ് കാപ്പ പ്രകാരമുള്ള കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് ഉത്തരവായത്. പൊലിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ബിജു പ്രതിയായിട്ടുള്ള കേസുകളിലെ ഉത്തരവുകളും ജാമ്യ വ്യവസ്ഥകളും പരിഗണിച്ചതില്‍ ഇയാള്‍ ജാമ്യവ്യവസ്ഥകള്‍ പാലിച്ചില്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."