എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലേക്ക് ഓടാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ ഇതൊന്ന് ആലോചിക്കണം
ഇത് പ്രവാസി സ്‌നേഹത്തിന്റെ വസന്തകാലമാണ് അല്ല ചാകരയാണ്. ഒരു മഹാമാരി വന്ന് ലോകത്തെ കീഴടക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയാസത്തിലാക്കിയത് നാടും കൂടും വിട്ട് നിര്‍ബന്ധിത പ്രവാസം സ്വീകരിക്കേണ്ടി വന്ന ലക്ഷക്കണക്കായ മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെയാണ്. നാളിത് വരെ അവരോടില്ലാത്ത സ്‌നേഹമല്‍സരത്തിന്ന് നാട്ടിലെ വാര്‍ഡ് കമ്മറ്റികള്‍ മുതല്‍ അങ്ങ് പ്രധാനമന്ത്രി വരെയുള്ളവരോട് പ്രവാസികള്‍ കടപ്പെട്ടിരിക്കുന്നു. എന്തൊരു തയ്യാറെടുപ്പാണ്‍ പള്ളിയും പള്ളികൂടവും മാത്രമല്ല കോഴി കൂടുകള്‍ വരെ ഒരുക്കിവെച്ച് പ്രവാസികളെ മാടി വിളിക്കുകയാണ്. ഒരു ഭീകര ജീവിയെ പിടിക്കാന്‍ പോവുന്ന തയ്യാറെടുപ്പുകളാണ്.
കൊറന്റെയിന്‍സെന്ററിലെ മെനുവരെ തയ്യാറാണ്. ഇതെല്ലാം കണ്ട് ചങ്ങല പൊട്ടിച്ച് ഓടാന്‍ വെമ്പുകയാണ് പ്രവാസികള്‍
വിമാനത്തില്‍ തന്നെ വേണമെന്നില്ല കപ്പലിലോ ട്രയിനിലോ ഏത് ഊട് വഴി പോലും ഒരു സാഹസത്തിന്ന് തയ്യാറാണവര്‍.
അത്രക്കും ദുഷ്‌കരമായ സാഹചര്യമാണവര്‍ അഭിമുഖീകരിക്കുന്നത്. നാളിത് വരെ ജോലി ചെയ്തും സ്വതന്ത്രമായി ചുറ്റി അടിച്ചും കളിച്ചും ഉല്ലസിച്ചും കഴിഞ്ഞിരുന്നവര്‍ ഇന്ന് ഒരു തരം തടങ്കലിലാണ്. കോവിഡിന്റെ വ്യാപ്തി ഗള്‍ഫ് മേഖലയെയും പിടിച്ചുലച്ചപ്പോള്‍ ആരും ഓര്‍ക്കാത്തതാണ് ഇത്തരം ഒരു ഒറ്റപ്പെടലിന്റെ കാര്യം. ഒരു താല്‍ക്കാലിക സംവിധാനമെന്ന നിലക്ക് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അനന്തമായി നീണ്ടപ്പോള്‍ പ്രതീക്ഷകളും കുറഞ്ഞ് വരികയായിരുന്നു. ആകെ ആശ്വാസം ഭരണാധികാരികളിലുള്ള വിശ്വാസമാണ്. സ്വദേശകളെയും വിദേശികളെയും ഞങ്ങള്‍ ഒരു പോലെ സംരക്ഷിക്കുമെന്നും വിദേശികള്‍ ഞങ്ങളുടെ അതിഥികളാണെന്നുമുള്ള ഭരണാധികാരികളുടെ ആര്‍ജവമുള്ള വാക്കുകള്‍ അനല്‍പ്പമായ ആശ്വാസത്തിന്റെതാണ്.
എങ്കിലും പ്രവാസികള്‍ ഇന്നനുഭവിക്കുന്ന മാനസിക ശാരീരിക സമ്മര്‍ദ്ദങ്ങള്‍ വിവരണങ്ങള്‍ക്കപ്പുറമാണ്
ഭൂരിപക്ഷം ആളുകളും മാസവരുമാനത്തില്‍ നിന്നും സ്വന്തം ചിലവും വീട്ടിലെ ചിലവും കഴിച്ചുകൂട്ടുന്നവരാണ്. കിട്ടാന്‍ പോവുന്ന ശമ്പളം കണ്ട് വെച്ച് പറ്റ് കാശും ബാങ്ക് ലോണും കരണ്ട് ബില്ലും അടക്കാന്‍ കാത്തിരിക്കുന്നവരാണ്. അസുഖബാധിതര്‍ തുടര്‍ചികിത്സക്കായി നാട്ടില്‍ പോവാന്‍ തയ്യാറെടുത്തിരിക്കുന്നവരാണ്. നാട്ടില്‍ പോവാനായി ലീവ് ശരിപ്പെടുത്തി അത്യാവശ്യം സാധനങ്ങളും വാങ്ങി മനസ് നിറയെ പ്രതീക്ഷകളുമായി കാത്തിരിക്കുന്നവര്‍ക്ക് മുമ്പിലാണ് കോവിസ് 19 ഒരു ദുരന്തമായി പൊട്ടിവീണത്.
ലോകം ഒരു മഹാവിപത്തിന്ന് മുമ്പിലാണ്. കറുത്തവനോ വെളുത്തവനോ ,സമ്പന്നനോ ദരിദ്രനോ എന്നില്ലാതെ ലോക രാജ്യങ്ങളെ മുഴുവന്‍ കിഴടക്കിയ വിപത്ത്. ഈ വിപത്ത് ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി നേരിട്ടല്ലാതെ വിജയം കൈവരിക്കാനാവില്ല. രാജ്യാതിര്‍ത്തികളും സാമൂഹ്യ സാഹചര്യങ്ങളും പുനര്‍നിര്‍വചനം നടത്തേണ്ടതുണ്ട്.. ഞാന്‍ എന്റെ കുടുംബം എന്നതിന് പകരം നില്‍ക്കുന്നിടം വീടായും നാടായും കണ്ട് അനുസരണയുടെ ഒരു പോരാട്ടമാണ് വേണ്ടത്. നാട്ടിലെക്കെന്ന മുറവിളി മാറ്റി വെച്ച് നില്‍ക്കുന്നിടത്ത് സുരക്ഷിതരാവാനാണ് ശ്രമിക്കേണ്ടത്. എംബസികളും സന്നദ്ധസംഘടനകളും നില്‍ക്കുന്നിടത്ത് തന്നെ പ്രവാസികള്‍ക്ക് സഹായം നല്‍കണം. ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കണം. ഭരണകൂടസംവിധാനങ്ങളോടൊപ്പം ഇതെല്ലാം നിര്‍വ്വഹിക്കാനുള്ള നിയമപരമായ പരിരക്ഷ ഉറപ്പാക്കാന്‍ എംബസികള്‍ക്ക് കഴിയണം.
ഈ ദുരന്ത നാളില്‍ ഏറ്റവും പ്രയാസമനുഭവിക്കുന്നത് നാട്ടിലെ കുടുംബാഗങ്ങളാണ് ഈ പ്രവാസി കുടുബങ്ങള്‍ക്ക് റേഷന്‍ സംവിധാനങ്ങളിലൂടെ സാധനങ്ങള്‍ എത്തിച്ചു നല്‍കാനാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കേണ്ടത്. അവരുടെ ഭക്ഷണവും മരുന്നും ഉറപ്പാക്കലാണ് ആയിരം വാഗ്ദാനങ്ങളെക്കാള്‍ ഒരു പ്രവാസിയുടെ ആവശ്യം. സ്വന്തം കുടുംബം സുരക്ഷിതമാണെന്നതാണ് ഇന്ന് ഒരു പ്രവാസിക്ക് നല്‍കേണ്ട സന്ദേശം
സംഘര്‍ഷഭരിതമായ അവന്റെ മനസിന് സ്വന്തനമേകാന്‍ ഇത്തരം നടപടികള്‍ക്കാവും. ഇനി ഏതങ്കിലും വിധം നാട്ടിലെത്തിയാലുള്ള അവസ്ഥ എന്താണ്.ഒരു മാസത്തോളം ആരെയും തട്ടാതെ മുട്ടാതെ തലോടാതെ ഒരു കാഴ്ചബംഗ്ലാവിലെ പോലെ ചെന്ന് ഇരുന്ന് കൊടുക്കണം. ഈനിര്‍ബന്ധിത' ഇദ്ദ ' 'കാലവും കഴിഞ്ഞാലും എന്തോ ഒരു പാപം ചെയ്തവനെ പോലെയാണ് സമൂഹം കാണുന്നത്. വാ മക്കളെ കയറി വാ എന്ന സിനിമാ ഡയലോഗും കാച്ചി നാട്ടുരാജാക്കന്‍മാര്‍ പ്രവാസികളെ ക്ഷണിക്കുന്നത് ഒരു സുരക്ഷിത താവളത്തിലേക്കല്ല എന്ന് ഒര്‍ക്കുന്നത് നന്ന്.
അറിയാതെ ഒരു കൊറോണാ വാഹകനായാണ് നാം ചെല്ലുന്നത് എങ്കില്‍ തന്റെ പ്രിയപ്പെട്ടവരെ കൂടി ഈ മഹാമാരിയിലേക്കടുപ്പിക്കാന്‍ ഒരു പക്ഷേ നാം തന്നെ കാരണമായേക്കാം. അപ്പോള്‍ അത് വരെ നാം കണ്ട നാട്ടുകാരെയും കുടുംബക്കാരെയുമായിരിക്കില്ല കാണുക ഒരു രോഗിയോടുള്ള ധാക്ഷിണ്യം പോലും പ്രതീക്ഷിക്കരുത്.
പിന്നെ സാഹസപ്പെട്ട് നാട്ടിലെത്തി കോവിഡ് കാലവും പിന്നിട്ട് തിരിച്ചെത്തുമ്പോള്‍ ഗള്‍ഫിലെ സാഹചര്യം എന്തായാരിക്കും?
വിദേശികളെ വീണ്ടും പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകൂടങ്ങളുടെ തീരുമാനം എന്തായിരിക്കും?
ജോലി ചെയ്ത സ്ഥാപനവും സ്‌പോണ്‍സറും എല്ലാം അതെ പോലെ അവിടെ തന്നെ കാണുമെന്ന് എന്താണ് ഉറപ്പ്.?
.അഞ്ചോ ആറോ മാസം നാട്ടിലിരിക്കുമ്പോള്‍ നാട്ടില്‍ തന്നെ കൂടാം എന്ന ചിന്ത വരും ..നാട്ടില്‍ കഴിഞ്ഞ് കൂടാന്‍ എന്ത് അനുകൂല സാഹചര്യമാണുള്ളത്. ഉള്ളത് സ്വരുക്കൂട്ടി വ്യവസായം തുടങ്ങാനായി ഇറങ്ങി പുറപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന പ്രവാസികളുടെത് കുടിയാണ് കേരളം.
ഈ പ്രവാസി പ്രേമത്തിന്റെ തിക്കും തിരക്കും കഴിയുമ്പോള്‍ നാട്ടില്‍ പുറങ്ങളിലെ റോഡ് വക്കുകളില്‍ കാഴ്ചവസ്തുക്കളാവാനുതകുന്നതാവരുത് ഒരോ പ്രവാസിയുടെയും തീരുമാനങ്ങള്‍.ഏതാനും കാലം കൊണ്ട് രോഗത്തെ പിടിച്ചുകെട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ അതിന്റെ ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈന സാധാരണ നിലയിലേക്ക് തിരിച്ചെത്തി കൊണ്ടിരിക്കുന്നു..
അത് കൊണ്ടു തന്നെ നമുക്കും അല്‍പ്പം കാത്തിരിക്കാം. അന്ന് ആരുടെയും ഔദാര്യത്തിലല്ലാതെ തിക്കും തിരക്കും കൂട്ടാതെ സാധാരണ നിലയില്‍ നാട്ടിലേക്ക് പോവാം. നിലവിലുള്ള സ്ഥാപനങ്ങളും ജോലിയും സുരക്ഷിതമായി നിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കാണ് ഒരോ പ്രവാസിയും ശ്രദ്ധ ചെലുത്തേണ്ടത്
സമദ് പട്ടനില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."