മിനുട്സിന്റെ കോപ്പിയാവശ്യപ്പെട്ട് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സെക്രട്ടറിയെ ഉപരോധിച്ചു
കാസര്‍കോട്: കാസര്‍കോട് നഗരസഭാ യോഗത്തിന്റെ മിനുട്ട്സ് ആവശ്യപ്പെട്ട് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
ഭവന നിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഓവര്‍സിയറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്താനാണ് തീരുമാനിച്ചതെന്നും അതിനാല്‍ മിനുട്സിന്റെ കോപ്പി വേണമെന്നാവശ്യപ്പെട്ടാണ് ഉപരോധ സമരം നടന്നത്.
രാവിലെ തുടങ്ങിയ ഉപരോധസമരം ഉച്ചയ്ക്ക് ഒന്നോടെ മിനുട്സ് ലഭ്യമാക്കിയതോടെ അവസാനിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സി.പി.എം കൗണ്‍സിലര്‍ കെ ദിനേശന് മിനുട്ട്സിന്റെ കോപ്പി ആവശ്യപ്പെട്ട് സെക്രട്ടറിക്ക് മുന്നിലെത്തിയത്. കോപ്പി ലഭ്യമാക്കാന്‍ വൈകുമെന്നറിയിച്ചതോടെ കൗണ്‍സിലര്‍ സെക്രട്ടറിയുടെ മുറിയില്‍ കുത്തിയിരുന്നു.
വിവരമറിഞ്ഞ് സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. അവരും സെക്രട്ടറിയുടെ മുറിക്കകത്ത് മുദ്രാവാക്യം വിളിച്ചതോടെ സ്ഥിതി സംഘര്‍ഷഭരിതമായി. വിവരമറിഞ്ഞ് സ്ഥലത്ത് പൊലിസും എത്തി.
തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് സെക്രട്ടറി മിനുട്സ് ലഭ്യമാക്കിയത്. നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഓവര്‍സിയറെ സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്താനാണ് തീരുമാനിച്ചതെന്നും കൗണ്‍സിലര്‍ ദിനേശന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."