ചാവേറുകളുടെ നീതിബോധം
ലോകത്ത് ഏറ്റവുമധികം മാനസിക സന്തോഷവും സംതൃപ്തിയും സത്യത്തില്‍ അനുഭവിക്കേണ്ടത് സമാധാന സ്‌നേഹികളായിരിക്കണം. കാരണം അവരുടെ മനസുകള്‍ സദാ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ശീതളച്ഛായയിലായിരിക്കും വട്ടമിടുന്നത്. പക്ഷെ, അവര്‍ക്കാണിന്ന് ഏറ്റവും വലിയ ചങ്കിടിപ്പ് എന്നതാണ് വസ്തുത. നാളെ കേള്‍ക്കേണ്ടിവരിക എത്ര വലിയ രോദനമായിരിക്കും, കാണേണ്ടിവരിക എത്ര വലിയ ദുരന്തമായിരിക്കും, അനുഭവിക്കേണ്ടിവരിക എത്ര വലിയ വേദനയായിരിക്കും എന്നതാലോചിക്കുമ്പോള്‍ അവരുടെ ഉള്ളം കലങ്ങുകയാണ്.
ശുഭപ്രതീക്ഷ, സദ്ശ്രമങ്ങള്‍, പ്രാര്‍ഥനകള്‍ എന്നിവക്കൊന്നും ഈ കലക്കത്തെ തെളിയിച്ചെടുക്കുവാന്‍ കഴിയുന്നില്ല എന്നിടത്താണ് ഈ പരിവട്ടങ്ങള്‍ പിരിമുറുക്കമായിത്തീരുന്നത്. ഏറെ വികസിച്ചു എന്ന് ആഘോഷിക്കുന്ന ശാസ്ത്ര സാങ്കേതികവിദ്യകളും ഏറെ പുരോഗമിച്ചു എന്ന് അഭിമാനിക്കുന്ന രാഷ്ട്രീയ നാഗരികതകളും വെറും നോക്കുകുത്തികളായി നില്‍ക്കേണ്ടിവരുന്നു എന്നതാണ് അവരുടെ സങ്കടം ഇരട്ടിയാക്കുന്നത്. അതുകൊണ്ട് അവര്‍ക്കിപ്പോള്‍ സമാധാനത്തിന്റെ ശാദ്വല തീരങ്ങളിലൂടെ വട്ടമിട്ടുപറക്കാന്‍ കഴിയുന്നില്ല എന്നു മാത്രമല്ല അവര്‍ക്കു ചുറ്റും കഴുകന്‍മാര്‍ വട്ടമിട്ടുകൊണ്ടിരിക്കുകയുമാണ്. മറ്റെന്തായിരുന്നെങ്കിലും എന്തെങ്കിലുമൊരു ആശ്വാസം കണ്ടെത്താമായിരുന്നു. പക്ഷെ, തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കാര്യത്തില്‍ അതിനു കഴിയില്ലല്ലോ. കാരണം, ആരെയും അറിയിക്കാതെ പതുങ്ങിപ്പതുങ്ങിയും സമയവും കാലവും ഗൗനിക്കാതെയും ആശയവും ആദര്‍ശവും പരിഗണിക്കാതെയും ഒരു നിലയ്ക്കും ന്യായീകരിക്കാന്‍ കഴിയാതെയും കടന്നുവന്ന് എല്ലാം കവര്‍ന്നുകൊണ്ടുപോകുന്ന ഈ ഭ്രാന്തിനെ എങ്ങനെ പിടിച്ചുകെട്ടാനാണ്? ഇതുവായിക്കുന്ന മലയാളിയുടെ സ്വന്തം ചുറ്റുപാടിലുള്ള വനമേഖലകള്‍, അവിടെ നിന്ന് മുന്നോട്ടുപോയി രാജ്യത്തിന്റെ അതിര്‍ത്തികള്‍, അതും കടന്ന് തന്റെ വന്‍കരയാകെ വ്യാപിച്ചുകിടക്കുന്ന ഒളിത്താവളങ്ങള്‍... അങ്ങനെ നീണ്ടുകിടക്കുകയാണ് തീവ്രവാദികളുടെയും ഭീകരവാദികളുടെയും സാന്നിധ്യം.
സമാധാന സ്‌നേഹികളോട് ഈ വിഷയത്തില്‍ നാം മാനസികമായി ഐക്യദാര്‍ഢ്യപ്പെടുമ്പോള്‍ നമുക്ക് രണ്ടു സന്ദേശങ്ങളാണ് കൈാമറാനുള്ളത്. രണ്ടും ഇസ്‌ലാമിക സാമൂഹ്യ ശാസ്ത്രത്തിലെ പ്രധാന അധ്യായങ്ങള്‍ കൂടിയാണ്. കാരണം, ഭീകരവാദിത്തിനും തീവ്രവാദത്തിനുമെതിരേ ആത്മാര്‍ഥമായ നിലപാട് സ്വീകരിച്ചിട്ടുള്ള മതമാണ് ഇസ്‌ലാം. മനുഷ്യന് ജീവിതവീഥിയില്‍ സമാധാനം ഉറപ്പുവരുത്തുക എന്നത് ഇസ്‌ലാമിന്റെ പ്രഥമ സാമൂഹ്യ ലക്ഷ്യങ്ങളില്‍പെട്ടതാണ്. ഇസ്‌ലാം അത്രമാത്രം ഇക്കാര്യങ്ങളില്‍ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. ഈ ലോകത്ത് ഒരു പ്രത്യേക വിശ്വാസ ആദര്‍ശത്തില്‍ അധിഷ്ഠിതമായി ജീവിക്കാന്‍ മുസ്‌ലിംകളെ ഇസ്‌ലാം സജ്ജമാക്കുമ്പോള്‍ ഏറ്റവുമധികം ജാഗ്രത പുലര്‍ത്തുന്നത് മറ്റുള്ളവരുമായുള്ള, ഉണ്ടാവേണ്ട ബന്ധങ്ങളിലാണ്. അതു വഷളാവാതിരിക്കാനും പരിരക്ഷിക്കാനും വളരെയേറെ കരുതല്‍ നടത്തുന്നുണ്ട് ഇസ്‌ലാം.
മറ്റുള്ളവരുമായുള്ള ബന്ധങ്ങളെ വഷളാക്കുന്നതിനെ ഫസാദ് എന്നാണ് ഖുര്‍ആന്‍ വിളിക്കുന്നത്. ഇങ്ങനെ ഫസാദുണ്ടാക്കുന്നതിനെയും ഉണ്ടാക്കുന്നവരെയും ശക്തമായ ഭാഷയിലാണ് ഖുര്‍ആന്‍ താക്കീത് ചെയ്യുന്നത്. അല്ലാഹു പറയുന്നു: 'അല്ലാഹുവിനോടും റസൂലിനോടും പോരാടുകയും നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ ക്രൂശീകരണമോ കൈകാലുകള്‍ ഭിന്നവശങ്ങളില്‍ നിന്ന് വിഛേദിക്കലോ നാടുകടത്തലോ ആകുന്നു. അവര്‍ക്ക് ഐഹിക ലോകത്തുള്ള അപമാനമാകുന്നു ഇത്. പാരത്രിക ലോകത്താവട്ടെ കഠിന ശിക്ഷയുമുണ്ടായിരിക്കും' (അല്‍ മാഇദ- 33) അല്ലാഹുവിനോടും റസൂലിനോടും യുദ്ധം ചെയ്യുന്നവര്‍ എന്ന ആയത്തിലെ പ്രയോഗത്തില്‍ നിന്ന് അല്ലാഹുവിന്റെയും റസൂലിന്റെയും താല്‍പര്യമോ സമ്മതമോ ഇല്ലാത്ത കാര്യങ്ങളില്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കുവാന്‍ വേണ്ടി ഏര്‍പെടുന്നതിനെയാണ് ഈ സൂക്തം താക്കീത് ചെയ്യുന്നത് എന്ന് മനസിലാക്കാം. ഇവര്‍ ചെയ്യുന്ന പാതകമാവട്ടെ നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നു. ഇന്നത്തെ തീവ്ര-ഭീകര വാദങ്ങള്‍ അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. നാട്ടില്‍ സമാധാനം നശിപ്പിക്കപ്പെടുന്നു എന്നത് ഇവയുടെ ഏറ്റവും പ്രധാനപ്പെട്ട അനന്തരഫലമാണല്ലോ.
പുറത്തുപറയാന്‍ കൊള്ളാത്തതോ പറഞ്ഞാല്‍ പൊതു അംഗീകാരം നേടാന്‍ കഴിയാത്തതോ ആയ കാര്യങ്ങളായിരിക്കും ഭീകരവാദികളുടെ ലക്ഷ്യങ്ങള്‍. അതുകൊണ്ട് അവര്‍ നിയമാനുസൃത മാര്‍ഗങ്ങളും പൊതു പ്രതികരണ സ്വഭാവങ്ങളും ഉപേക്ഷിക്കുകയും കലാപവും ബലപ്രയോഗവും വഴി ഭീതിയുടെ പുകമറ സൃഷ്ടിച്ച് കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുകയുമാണ്. ഇത് ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. ഒരു ഹദീസില്‍ ഇങ്ങനെ കാണാം: അന്ന് അവര്‍ ഒരു യാത്രയിലായിരുന്നു. കൂട്ടത്തില്‍ ഒരാള്‍ തന്റെ അമ്പ് അടുത്തുവച്ച് ഉറങ്ങുകയായിരുന്നു. ഉറക്കില്‍ നിന്ന് ഉണര്‍ന്നുനോക്കുമ്പോള്‍ അദ്ദേഹത്തിന്റെ അമ്പ് കാണാനില്ല. അദ്ദേഹം ആകെ ആശങ്കാകുലനായി. അതൊരു തമാശയെന്നോണം സഹയാത്രികരായിരുന്ന സ്വഹാബിമാര്‍ എടുത്തുവച്ചതായിരുന്നു. അദ്ദേഹത്തിന്റെ വെപ്രാളം നബി തിരുമേനിയുടെ മുന്‍പിലെത്തി. ഈ സംഭവത്തില്‍ നബി (സ) വളരെ കര്‍ശനമായ ഒരു താക്കീത് നല്‍കുകയുണ്ടായി. നബി(സ) പറഞ്ഞു: 'ഒരാളും തന്റെ മുസ്‌ലിമായ സഹോദരനെ ഞെട്ടിക്കരുത്' (അഹ്മദ്, അബൂദാവൂദ്). ഒരു വ്യക്തിയെ അകാരണമായോ തമാശക്കുവേണ്ടിയോ പോലും ഞെട്ടിക്കരുത് എന്ന് ഇസ്‌ലാം ഈ പ്രമാണങ്ങളിലൂടെ തീര്‍ത്തുപറയുമ്പോള്‍ ഇസ്‌ലാമിന് എങ്ങനെ ഭീകരവാദത്തെ ന്യായീകരിക്കാനാകും?
സ്വയം ചമയ്ക്കുന്ന ന്യായീകരണങ്ങളാണ് ഭീകരവാദികളുടെയും തീവ്രവാദികളുടെയും ഒരു പിടിവള്ളി. ഇതും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ഈ അര്‍ഥത്തില്‍ ചില സൈനിക സ്വഹാബിമാരില്‍ നിന്ന് ഉണ്ടായ അമിതാവേശങ്ങള്‍ വരുത്തിവച്ച അക്രമങ്ങളെ നബി (സ) അപലപിക്കുകയുണ്ടായി. അതിന് ഉദാഹരണമാണ് ഹിജ്‌റ നാലാം വര്‍ഷം നടന്ന ബിഅ്‌റു മഊന സംഭവം. ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു അത്. നജ്ദില്‍ നിന്ന് മദീനയിലെത്തിയ അവിടത്തെ ഒരു പ്രാദേശിക നേതാവായിരുന്ന ആമിര്‍ ബിന്‍ മാലിക് എന്നയാള്‍ നടത്തിയ ഒരു കൊടും വഞ്ചനയുടെ കഥയാണത്. അദ്ദേഹത്തെ നബി (സ) ഇസ്‌ലാമിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ തന്ത്രപരമായി അത് തള്ളാതെയും കൊള്ളാതെയും നില്‍ക്കുകയായിരുന്നു അയാള്‍.
അയാള്‍ നബി (സ)യോട് ഒരു നിര്‍ദേശം മുന്നോട്ടുവച്ചു: 'നബിയേ, ഞങ്ങളുടെ നാട്ടിലേക്ക് അങ്ങയുടെ ഏറ്റവും നല്ല ശുദ്ധരും സമര്‍ഥരുമായ കുറച്ച് അനുയായികളെ പറഞ്ഞയച്ചുതരണം. അവര്‍ക്കവിടെ ഇസ്‌ലാം പ്രചരിപ്പിക്കാന്‍ വേണ്ടതെല്ലാം ഞങ്ങള്‍ ചെയ്തുകൊടുക്കാം'. അതുകേട്ട നബി (സ) തന്റെ ഏറ്റവും നല്ല അനുയായികളുടെ ഒരു സംഘത്തെ നജ്ദിലേക്ക് പറഞ്ഞയക്കുക തന്നെ ചെയ്തു. എഴുപതു പേരുണ്ടായിരുന്നു സംഘത്തില്‍. ആ സംഘത്തെ വഴിയില്‍വച്ച് ശത്രുക്കള്‍ ചതിയില്‍ കൊന്നു. അംറ് ബിന്‍ ഉമയ്യ, മുന്‍ദിര്‍ ബിന്‍ ഉഖ്ബ എന്നിവരല്ലാത്തവരെല്ലാം വധിക്കപ്പെട്ടു. അവസാനം മുന്‍ദിറും കൊല്ലപ്പെട്ടു. സംഭവത്തില്‍ അവശേഷിക്കുന്ന ഏക വ്യക്തിയായ അംറ് ബിന്‍ ഉമയ്യ മദീനയിലേക്ക് പുറപ്പെട്ടു. മദീനയിലേക്ക് പോകും വഴി ഖര്‍ഖറ എന്ന സ്ഥലത്തുവച്ച് രണ്ടുപേരെ അദ്ദേഹം കണ്ടുമുട്ടി. ബിഅ്‌റു മഊനയില്‍ കൂട്ടക്കുരുതി നടത്തിയ ബനൂ ആമിറിലെ ഒരു കുടുംബമായ ബനൂ കിലാബില്‍ പെട്ടവരായിരുന്നു അവര്‍. അവരെ കണ്ടതും അംറ് (റ) അവര്‍ക്കുമേല്‍ ചാടി വീഴുകയും അവരെ വധിക്കുകയും ചെയ്തു. തന്റെ കൂട്ടാളികളെ കൊന്നതിന് ഒരു ചെറിയ പ്രതികാരം എന്ന ഉദ്ദേശ്യമായിരുന്നു അദ്ദേഹത്തിന്റെ ഉള്ളില്‍. മദീനയിലെത്തി നബി (സ)യോട് ഇക്കാര്യം പറഞ്ഞപ്പോള്‍ നബി (സ) അതിനെ ഒരു നിലയ്ക്കും ന്യായീകരിച്ചില്ല. എന്നു മാത്രമല്ല, ആ കൊലയ്ക്ക് പകരമായി രക്തദ്രവ്യം നബി (സ) നല്‍കുകയുമുണ്ടായി. തീവ്ര-ഭീകര വാദങ്ങള്‍ക്കെതിരേ ഇസ്‌ലാമിന്റെ നിലാപട് ഇത്രക്കു സുതാര്യമാണ്.
ഈ പറഞ്ഞതെല്ലാം നമ്മുടെ ആദര്‍ശത്തിന്റെ നിലാപടുകളാണ്. എന്നാല്‍ ഇതുമാത്രം പോരാ ആധുനിക സാഹചര്യത്തില്‍ സമാധാന സ്‌നേഹികളെ ആശ്വസിപ്പിക്കാന്‍. കാരണം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇവിടെയുള്ള എല്ലാ ഭീകരവാദങ്ങളും മതത്തിന്റെ പേരിലോ മതത്തിനെതിരേയോ അല്ല. രാഷ്ട്രീയവും വ്യക്തിപരവുമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ഓരോ കൂട്ടങ്ങളും നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ എന്നു മാത്രമേ ഇവിടെ പൊതുവില്‍ പറയാനാകൂ. അതിനാല്‍ ഇതിനെ കരുതിയിരിക്കാന്‍ വേണ്ടത് ചില പൊതു തിരിച്ചറിവുകളാണ്. അവയിലൊന്നാമത്തേത് ഭീകരവാദം നുഴഞ്ഞുകയറുന്നത് എവിടെ എന്നതാണ്. ലോകത്തെ ഏറ്റവും വലിയ ഏഴാമത്തെ സൈനിക ശക്തിയായ ഇന്ത്യന്‍ സൈന്യവും ആയുധങ്ങളുടെയും പ്രതിരോധ മുറകളുടെയും കാര്യത്തില്‍ നാം നേടിയ വികാസങ്ങളും നേരേചൊവ്വെ ഭീകരവാദത്തെ കടത്തിവിടുന്നവയല്ല. എന്നിട്ടും ഭീകരവാദം നമ്മുടെ സമാധാന ലോകത്തേക്ക് നുഴഞ്ഞുകയറുന്നതും കാടുകളിലും അതിര്‍ത്തികളിലും തമ്പടിക്കുന്നതും പ്രധാനമായും മൂന്നു വഴിക്കാണ്. ഒന്ന് ഭരണാധികാരികളുടെ കൈവിരലുകള്‍ക്കിടയിലൂടെ. രണ്ട് ഭരണീയരുടെ അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കുന്ന വിടവുകള്‍ വഴി. മൂന്ന് രാഷ്ട്രങ്ങളെയും ജനങ്ങളെയും സദാ അസ്വസ്ഥരാക്കി നിലനിര്‍ത്താന്‍ ഗൂഢമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഭീകരവാദികളുടെ തന്ത്രങ്ങള്‍ വഴി. ഇവ മൂന്നും ജാഗ്രതയോടെ കാണുകയും ഈ വഴികള്‍ അടയ്ക്കുകയും ചെയ്യുമ്പോഴായിരിക്കും നമുക്ക് കുറച്ചെങ്കിലും ആശ്വസിക്കാനാവുക. ഈ മൂന്നു കാര്യങ്ങളിലും ഇസ്‌ലാമിനു വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഒന്നാമത്തെക്കുറവു പരിഹരിക്കാന്‍ ഭരണാധികാരി നീതിമാനായിരിക്കാന്‍ ഇസ്‌ലാം ഉദ്‌ബോധിപ്പിക്കുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും വിടവുകള്‍ നികത്താനാവട്ടെ ഇസ്‌ലാം രാജ്യ സ്‌നേഹവും മൗലിക നീതിയും പഠിപ്പിക്കുന്നു. ഇതാണ് ഒന്നാമത്തെ സന്ദേശം.
രണ്ടാമത്തേത് കാലത്തിന്റെ കറക്കവുമായി ബന്ധപ്പെട്ടതാണ്. ചാക്രികമായ കാലത്തിന്റെ കറക്കത്തില്‍ സാമൂഹ്യബന്ധങ്ങള്‍ തേഞ്ഞുപോകുമെന്നും അങ്ങനെയങ്ങനെ ഇതൊക്കെ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നും നബി (സ) പറഞ്ഞിട്ടുണ്ട്. കറങ്ങിക്കറങ്ങി നിശ്ചലമാവാന്‍ പോകുമ്പോള്‍ അതിന്റെ അടയാളമെന്നോണമായിരിക്കും ഇതൊക്കെ സംഭവിക്കുക എന്നും നബി(സ) പറഞ്ഞതിലുണ്ട്. അബൂ ഹുറൈറ(റ)വില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്നു: നബി (സ) പറഞ്ഞു: 'എന്റെ ശരീരം ആരുടെ നിയന്ത്രണത്തിലാണോ അവന്‍ തന്നെയാണ് സത്യം, ജനങ്ങള്‍ക്ക് ഒരു കാലം വരും. കൊല്ലപ്പെട്ടവന്‍ താന്‍ എന്തുകൊണ്ട് കൊല്ലപ്പെട്ടു എന്നും കൊന്നവന്‍ എന്തിനു കൊന്നു എന്നും അറിയാത്ത ഒരു കാലം' (മുസ്‌ലിം). അങ്ങനെ പറയുന്നത് 'എന്തെങ്കിലുമാവട്ടെ' എന്ന നിസംഗ നിലപാടില്‍ മുഖം പൂഴ്ത്താനല്ല. അത്തരം കാര്യങ്ങളെ അവജ്ഞതയോടെ തള്ളിക്കളയാന്‍ വേണ്ടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."