മലയോരത്ത് നാശം വിതച്ച് ചുഴലിക്കാറ്റ്
ആലക്കോട്: വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ ചുഴലിക്കാറ്റില്‍ മലയോരത്ത് വ്യാപക നാശം. ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളില്‍ കൃഷി നാശമുണ്ടായി. ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. പാത്തന്‍പാറ, മേലാരുംതട്ട്, മാന്തട്ട് എന്നിവിടങ്ങളിലാണ് ആദ്യം കാറ്റെത്തിയത്. തെക്കേ വിലങ്ങുപാറ ചാക്കോ, കാപ്പിയില്‍ ഷാജു എന്നിവരുടെ ആയിരക്കണക്കിന് കുലച്ച ഏത്തവാഴ പൂര്‍ണമായും നിലംപൊത്തി. മണക്കടവ് രാജപുരം കവലയിലെ പേരാമ്പ്ര ബേബി, ഓലിക്കല്‍ റോസ, കുറ്റിമാക്കല്‍ തങ്കച്ചന്‍ എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര മരം വീണ് തകര്‍ന്നു. മൂരിക്കടവിലെ കീരിപ്ലാക്കല്‍ സജിമോന്റെ രണ്ടായിരത്തോളം വാഴകള്‍ നിലംപൊത്തി. കുല വെട്ടാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെയാണ് നാശമുണ്ടായത്.
അഞ്ച് ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു നാലായിരത്തോളം വാഴ നട്ടത്. ബാങ്ക് വായ്പ്പയായും സ്വര്‍ണം പണയം വച്ചും ലഭിച്ച 25 ലക്ഷത്തോളം രൂപ ഉപയോഗിച്ച് നടത്തിയ കൃഷി കാറ്റില്‍ തകര്‍ന്നടിഞ്ഞു. വാഴ ഇന്‍ഷൂര്‍ ചെയ്യാത്തതിനാല്‍ 40 രൂപ മാത്രമാണ് ഈ കര്‍ഷകന് സര്‍ക്കാരില്‍ നിന്നു ലഭിക്കുക. കാപ്പിമല മഞ്ഞപ്പുല്ലിലും നിരവധി കൃഷിയിടങ്ങള്‍ കാറ്റില്‍ തകര്‍ന്നു. വൈദ്യുത ലൈനിനു മുകളില്‍ മരങ്ങള്‍ ഒടിഞ്ഞു വീണതിനാല്‍ പലയിടത്തും വൈദ്യുതി തകരാറിലായി. തിങ്കളാഴ്ച ഉച്ചയോടെയാണ് വൈദ്യുതി വിതരണം ഭാഗികമായെങ്കിലും പുനസ്ഥാപിക്കാനായത്.
തളിപ്പറമ്പ്: മാതമംഗലം പുനിയംകോട് വെള്ളോറ വീട്ടില്‍ കുഞ്ഞിപ്പാറുവിന്റെ ഓടിട്ട വീട്ടിനു മുകളില്‍ മരം പൊട്ടിവീണു. വിടിന്റെ ഓടും മരവും ഭിത്തിയും തകര്‍ന്നു. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. മാതമംഗലം ടൗണിലെ ഷോപ്പിങ് കോംപ്ലക്‌സിലെ കുറ്റൂന്‍ ഷീറ്റ് കാറ്റില്‍ തകര്‍ന്ന് സമീപത്തെ കെ.പി നാരായണന്റെ വീട്ടുമുറ്റത്തേക്കു വീണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."