ചൂടു കുറയുന്നു, തെക്കന്‍ ജില്ലകളില്‍ ഇന്നു മുതല്‍ മഴക്ക് സാധ്യത
കോഴിക്കോട്: സംസ്ഥാനത്ത് ചൂട് കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ താപനിലയില്‍ വലിയതോതില്‍ വര്‍ധനവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ തെക്കന്‍ കേരളത്തില്‍ വൈകിട്ട് മഴക്കും സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് ഇന്നലെ സാധാരണയില്‍ നിന്ന് പകല്‍ചൂട് കൂടുതലായി രേഖപ്പെടുത്തിയത്. പാലക്കാടും, പുനലൂരിലും കൂടിയ താപനില 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
ഇന്ന് മുതല്‍ താപനില കുറയാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകരും പറയുന്നു. തമിഴ്നാട്ടില്‍ അനുഭവപ്പെടുന്ന ശക്തമായ ചൂടും രണ്ടു ദിവസത്തിനകം കുറയാനാണ് സാധ്യത. തമിഴ്നാട്ടിലും തെക്കന്‍ കേരളത്തിലുമാണ് മഴക്ക് സാധ്യത. കന്യാകുമാരിക്ക് സമീപം സമുദ്രനിരപ്പില്‍ നിന്ന് 1.5 കി.മി ഉയരത്തിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ചൂടു കുറയാനും മഴക്കും സാധ്യതയുണ്ട്. അറബിക്കടലില്‍ നിന്ന് ജലബാഷ്പീകരണം നടക്കുന്നതായും ഇത് മേഘങ്ങള്‍ രൂപപ്പെടാന്‍ കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. തെക്കന്‍ കേരളത്തില്‍ ഇന്നുമുതല്‍ മഴ പ്രതീക്ഷിക്കാം.
ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെയും മഴക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. വൈകിട്ട് ഇടിയോടുകൂടിയുള്ള മഴക്കാണ് സാധ്യത. എന്നാല്‍ വടക്കന്‍ കേരളത്തില്‍ മഴക്ക് സാധ്യത കുറവാണ്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് വരണ്ട കാലാവസ്ഥ തുടരുക. മലപ്പുറം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കുന്നുണ്ട്. പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനം തുടരുന്നതിനാല്‍ മഴക്ക് ശേഷവും ചൂട് ക്രമാതീതമായി ഉയരാതിരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."