കാന്‍സര്‍ ബാധിതനെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരവ്
കാസര്‍കോട്: നാവിലും കഴുത്തിന്റെ ഒരു വശത്തും കാന്‍സര്‍ ബാധിച്ച എന്‍ഡോസള്‍ഫാന്‍ ബാധിതനെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കാസര്‍കോട് ജില്ലാ കലക്ടര്‍ക്കാണ് കമ്മിഷനംഗം കെ. മോഹന്‍കുമാര്‍ ഉത്തരവ് നല്‍കിയത്. മൂളിയാര്‍ തെക്കിന്‍ ഫെറി സ്വദേശി എന്‍. മഹമൂദിന് സഹായം നല്‍കണമെന്നാണ് ഉത്തരവ്.
സംസാരശേഷിക്കുറവ് അനുഭവിക്കുന്ന തന്റെ അന്നനാളത്തിന്റെ ഞരമ്പിന് ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും ആറുലക്ഷത്തിലധികം രൂപ ചെലവായിട്ടുണ്ടെന്നും മഹമൂദ് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ തന്റെ പേരില്ലെന്നും പുതിയ പട്ടികയില്‍ തന്നെകൂടി ഉള്‍പ്പെടുത്തണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം. പരാതിക്കാരന് രോഗം വന്നത് എന്‍ഡോസള്‍ഫാന്‍ കാരണമല്ലെന്ന് ജില്ലാ കലക്ടര്‍ കമ്മിഷനെ അറിയിച്ചു. കലക്ടറുടെ റിപ്പോര്‍ട്ടിന് പരാതിക്കാരന്‍ പ്രതികരണം സമര്‍പ്പിച്ചു.
ഇതില്‍ താനും രണ്ട് മക്കളും എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുകയാണെും ചികിത്സക്ക് മൊത്തം 30 ലക്ഷം രൂപ ചെലവായെന്നും പറയുന്നു. പരാതിക്കാരനും കുടുംബവും രോഗം ബാധിച്ച് ചികിത്സ തേടുന്നവരാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
വിദഗ്ധ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് ഖണ്ഡിക്കത്തക്ക മറുപടി പരാതിക്കാരന്‍ നല്‍കിയിട്ടില്ലെങ്കിലും തികച്ചും പുനപരിശോധന അര്‍ഹിക്കുന്ന പരാതിയാണിത്. പശ്ചാത്തലവും സാഹചര്യവും പറഞ്ഞറിയിക്കാന്‍ കഴിയാത്ത ശാരീരികാവസ്ഥയിലാണ് പരാതിക്കാരന്‍. പരാതിക്കാരനെ പുനപരിശോധന നടത്തി പട്ടികയില്‍ ഉള്‍പ്പെടുത്തി പരിശോധനയുടെ അടിസ്ഥാനത്തില്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."