അന്ത്യോദയക്ക് സ്റ്റോപ്പ്: പ്രതിഷേധം ശക്തം
കാസര്‍കോട്: ജില്ലയിലെ ട്രെയിന്‍ യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി-മംഗളുരു അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ രാവിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അന്ത്യോദയ എക്സ്പ്രസിനെ കാസര്‍കോട് തടഞ്ഞ് വച്ചു.
ഇന്നലെ രാവിലെ കണ്ണൂരില്‍നിന്ന് അന്ത്യോദയ എക്സ്പ്രസില്‍ കയറിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യാണ് എട്ട് മണിയോടെ കാസര്‍കോട് എത്താറായപ്പോള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിറുത്തിച്ചത്. തുടര്‍ന്ന് അര മണിക്കൂറോളം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ട്രെയിനിന് മുന്പില് കുത്തിയിരിക്കുകയായിരുന്നു.
പ്രതിഷേധ സമരത്തില്‍ മുസ്ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എ. അബ്ദുള്‍ റഹ്മാന്, പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ, ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് എ.എം കടവത്ത്, ജന. സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, ജന. സെക്രട്ടറി ടി.ഡി കബീര്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, എ. അഹ്മദ് ഹാജി, മാഹിന്‍ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം തുടങ്ങിയവര്‍ നേതൃത്വം നല്കി.
അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പട്ള ജി.എച്ച്.എസ് സ്കൂളിലെ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കുട്ടികള്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് പോസ്റ്റ് കാര്‍ഡുകളില്‍ നിവേദനമയച്ചു. ജൂലായ് ഒന്നിന് പി. കരുണാകരന് എം.പി റെയില്‍വേ സ്റ്റേഷന് പരിസരത്ത് സമരം പ്രഖ്യാപിച്ചിട്ടുണ്ട്. 29ന് എ.ഐ.വൈ.എഫ് കാസര്‍കോട് അന്തോദയ എക്സ്പ്രസ് തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."