എം.വി ബാലകൃഷ്ണന് ഖാദി ബോര്‍ഡ് വൈസ് ചെയര്മാന് സ്ഥാനം രാജിവച്ചു
കണ്ണൂര്‍: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നേട്ടങ്ങളുടെ പാതയിലേക്കെന്ന് വൈസ് ചെയര്മാന് എം.വി ബാലകൃഷ്ണന്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ബോര്‍ഡിന് ആരോഗ്യപരമായ വിവിധ പരിപാടികള്‍ക്ക് രൂപം നല്കാന് സാധിച്ചതായും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 54 കോടി രൂപയുടെ വില്പന കൈവരിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ വൈസ് ചെയര്മാന് സ്ഥാനം രാജിവച്ചതായും അദ്ദേഹം അറിയിച്ചു.
ഖാദി മേഖലയില്‍ 1597 പേര്‍ക്ക് പുതുതായി തൊഴിലവസരം ലഭ്യമാക്കുകയും വിവിധ ജില്ലകളിലായി 16 പുതിയ ഖാദി ഉല്പാദന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്തു. കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ പുതിയ റെഡിമെയ്ഡ് പാവു നിര്‍മാണ യൂനിറ്റുകള്‍ തുടങ്ങി. ഖാദി തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്‍കം സപ്പോര്‍ട്ട് പദ്ധതി പ്രകാരം 54.145 കോടി രൂപ ബോര്‍ഡിന് ലഭിക്കുകയും തൊഴിലാളികള്‍ക്ക് യഥാസമയത്ത് മുഴുവന്‍ തുകയും വിതരണം ചെയ്യുകയും ചെയ്തു. അഞ്ചുവര്‍ഷം കൊണ്ട് 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിട്ട് ഖാദി ഗ്രാമം എന്ന നൂതന പദ്ധതി ആരംഭിച്ചു. പാപ്പിനിശ്ശേരിയില്‍ ഖാദി ബോര്‍ഡിന് സ്വന്തമായി ചര്‍ക്കയും തറിയും നിര്‍മിക്കുന്ന യൂനിറ്റ് സ്ഥാപിച്ചു. പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതിപ്രകാരം 431 പുതിയ യൂനിറ്റുകള്‍ ആരംഭിക്കുകയും 3,898 പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തു. 2017-18 വര്‍ഷത്തില്‍ പത്ത് കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഹരികുമാര മേനോന്, ടി.വി കൃഷ്ണകുമാര്‍, കെ.എസ് പ്രദീപ്കുമാര്‍, കെ. ധനഞ്ജയന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."