യാത്രക്കാരുടെ തലവര മാറ്റും സീബ്രാ വരകള്‍
തളിപ്പറമ്പ്: ദേശീയപാതയിലെ സീബ്രാ വരകള്‍ മാഞ്ഞ് അപകടഭീഷണി ഉയര്‍ത്തുന്നു. പ്രശ്‌ന പരിഹാരത്തിന് അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തും കോഫിഹൗസിനു മുന്നിലും ചിറവക്കിലുമുള്ള സീബ്രാ വരകളാണ് മാഞ്ഞത്. മാഞ്ഞ വരകള്‍ മഴയ്ക്കു മുന്‍പ് തന്നെ പുനസ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ദീര്‍ഘദൂര വാഹനയാത്രക്കാര്‍ സീബ്രാ വരകള്‍ ഉളളതറിയാതെ റോഡ് മറികടക്കുന്നവരുമായി വാക്കേറ്റമുണ്ടാകുന്നത് പതിവായിരിക്കുകയാണ്.
നേരത്തെ സീബ്രാ വരകള്‍ നിലനിന്നിരുന്നപ്പോഴും മിക്ക വാഹനങ്ങളും കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായ സഞ്ചാരമൊരുക്കാന്‍ വാഹനം നിര്‍ത്താറുണ്ടായിരുന്നില്ല. ഇപ്പോള്‍ സീബ്രാ വരകള്‍ മാഞ്ഞതോടെ അപകടങ്ങളും വര്‍ധിച്ചു. കഴിഞ്ഞ താലൂക്ക് വികസന സമിതി മുമ്പാകെ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍ സീബ്രാ വരകള്‍ പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി ഹൈവേ അതോറിറ്റി സ്വീകരിച്ചാല്‍ ചെലവ് നഗരസഭ വഹിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. മൂന്നര വര്‍ഷം മുമ്പും സമാനമായ സ്ഥിതി ഉണ്ടായിരുന്നപ്പോള്‍ സ്വതന്ത്ര ഓട്ടോത്തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തകരാണ് പെയിന്റുപയോഗിച്ച് സീബ്രാ വരകള്‍ പുനസ്ഥാപിച്ചത്. അപകടങ്ങള്‍ ഏറുന്നതിനു മുന്‍പ് അധികൃതര്‍ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."