അതിര്‍ത്തി കൊട്ടിയടച്ച കര്‍ണാടകയുടെ കണ്ണില്‍ ചോരയില്ലായ്മക്ക് കാസര്‍കോടിന് നല്‍കേണ്ടിവന്നത് 16 മനുഷ്യ ജീവനുകള്‍
കാസര്‍കോട്: കൊവിഡ് ലോക്ക് ഡൗണിനിടയില്‍ അതിര്‍ത്തി കൊട്ടിയടച്ച കര്‍ണാടക സര്‍ക്കാരിന്റെ മനസ് ഇനിയും അലിഞ്ഞില്ല. കൊവിഡ് നിയന്ത്രണത്തില്‍ കേരളം മാതൃകയാണെന്നും മറ്റും അടിക്കടി പ്രസ്താവന ഇറക്കുന്ന കര്‍ണാടക സര്‍ക്കാര്‍ കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് ഇപ്പോഴും വിദഗ്ധ ചികിത്സ തടഞ്ഞു വരുകയാണ്. കഴിഞ്ഞ ദിവസം കാസര്‍ക്കോട് ഉപ്പള ഭാഗത്തെ ഒരു യുവതി വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചതോടെ കര്‍ണാടകയുടെ കണ്ണില്‍ ചോരയില്ലായ്മ കാരണം കാസര്‍ക്കോട് ജില്ലയില്‍ മരിച്ചവരുടെ എണ്ണം 16 ആയി.
ഗര്‍ഭിണിയായ യുവതി കഴിഞ്ഞ കുറെ മാസങ്ങളായി മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നാണ് ചികിത്സ തേടിയിരുന്നത്. കഴിഞ്ഞ ദിവസം പ്രസവ സമയം അടുത്തതോടെ മംഗളൂരുവിലേക്ക് പോകാന്‍ സാധിക്കാതിരുന്ന ഇവരെ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ യുവതിയുടെ നില വഷളായതോടെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകുന്നതിനിടയിലായിരുന്നു മരണം സംഭവിച്ചത്. പരിയാരം മെഡിക്കല്‍ കോളജിലെത്തിയ ഇവരെ പരിശോധിച്ചതോടെ വയറ്റിലുള്ള കുഞ്ഞും മരിച്ചതായി കണ്ടെത്തുകയിരുന്നു.
അതെ സമയം അതിര്‍ത്തി കൊട്ടിയടച്ചതുമായി ബന്ധപ്പെട്ടു സുപ്രിം കോടതി വരെയെത്തിയ ഹരജിയില്‍ കൊവിഡ് ബാധിതരല്ലാത്തവര്‍ക്കു ചികിത്സ നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഒരു മാസം പിന്നിടാറായിട്ടും ഇക്കാര്യത്തില്‍ യാതൊരു അനുകൂല തീരുമാനവും കര്‍ണാടക കൈക്കൊണ്ടില്ലെന്നു മാത്രമല്ല ആദ്യ ദിവസങ്ങളില്‍ കര്‍ണാടകയില്‍ പ്രവേശിപ്പിച്ച നാലോളം രോഗികളെ ആശുപത്രിയില്‍ നിന്നും ചികിത്സ നല്‍കാതെ തിരിച്ചയക്കുകയും ചെയ്തിരുന്നു.
അതിനിടെ അതിര്‍ത്തി വഴി കര്‍ണാടകയില്‍ നിന്നും യഥേഷ്ടം വാഹനങ്ങള്‍ നിത്യവും കടന്നു വരുന്നുണ്ട്. ഇവയിലൊക്കെയും നിത്യോപയോഗ സാധനങ്ങളും, കോഴികളും ഉള്‍പ്പെടെയാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ഇത് വഴി കര്‍ണ്ണാടക നിത്യേന കോടികള്‍ വരുന്ന തുക കേരളത്തില്‍ നിന്നും നേടിയെടുക്കുന്നുണ്ട്. വര്‍ഷങ്ങളായി കര്‍ണാടകയില്‍ നിന്നും വിദഗ്ധ ചികിത്സ തേടിയിരുന്നവര്‍ കാസര്‍കോട് ജില്ലയിലുള്‍പ്പെടെ ഏറെ പ്രയാസം നേരിടുന്നുണ്ടെങ്കിലും നിസ്സഹായത ഓര്‍ത്തു പരിതപിക്കാനേ രോഗികള്‍ക്ക് സാധിക്കുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."