പുത്തന്‍ചിറ മാതൃശിശു സംരക്ഷണ കേന്ദ്രം തകര്‍ച്ചാ ഭീഷണിയില്‍
പുത്തന്‍ചിറ: കുടുംബക്ഷേമ പൊതുജനാരോഗ്യ മാതൃ ശിശു സംരക്ഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു.
പുത്തന്‍ചിറ കുടുംബക്ഷേമ പൊതുജനാരോഗ്യ മാതൃ ശിശു സംരക്ഷണ വിഭാഗം കെട്ടിടം തകര്‍ച്ചാഭീഷണിയിലായതിനെ തുടര്‍ന്നു സൗകര്യപ്രദമല്ലാത്ത താല്‍ക്കാലിക റൂമുകളിലേക്ക് മാറ്റിയതോടെയാണ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായത്.
വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുത്തന്‍ചിറ സാമൂഹ്യരോഗ്യ കേന്ദ്രത്തോടനുബന്ധിച്ചാണ് കുടുംബക്ഷേമ കേന്ദ്രത്തിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കാലപ്പഴക്കത്താല്‍ കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടര്‍ന്നു ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫിസ് പ്രവര്‍ത്തനം ലാബിന്റെ മുകളിലുള്ള റൂമിലേക്കും ഡെന്റല്‍ ഒ.പിയുടെ സമീപത്തുള്ള റൂമിലേക്കുമാണു മാറ്റിയത്.
ലാബിന്റെ മുകളിലുള്ള ഇടുങ്ങിയ റൂമിലെ അസൗകര്യങ്ങള്‍ കാരണം ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പ്രതിരോധ കുത്തിവെപ്പിനും മറ്റുമായി കൈ കുഞ്ഞുങ്ങളുമായി എത്തുന്ന മാതാക്കള്‍ക്ക് അസൗകര്യങ്ങള്‍ വലിയ ബുദ്ധിമുട്ടാണ്് സൃഷ്ടിക്കുന്നത് .
കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പലയിടങ്ങളിലായതു കാരണം പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമില്ലാത്ത സാഹചര്യമാണുള്ളത്. പുത്തന്‍ചിറ വേളൂക്കര പഞ്ചായത്തുകളിലെ കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലേക്ക് സേവനത്തിനായി നേഴ്‌സുമാര്‍ ഇവിടെ നിന്നാണ് പോകുന്നത്.
കുടുംബക്ഷേമ ഉപകേന്ദ്രങ്ങളിലേക്കുള്ള പ്രതിരോധ മരുന്നുകളും മറ്റും ഇവിടെയാണ് സൂക്ഷിക്കുന്നത്.
1985 ല്‍ നിര്‍മിച്ച കെട്ടിടത്തിന്റെ സീലിങ്ങില്‍ നിന്ന് സിമന്റ് അടര്‍ന്നു പോയി കമ്പികള്‍ പുറത്തു കാണുന്ന സാഹചര്യമാണുള്ളത് .
ഹെല്‍ത്ത് റിസേര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ കെട്ടിടമാണ് തകര്‍ച്ചാ ഭീഷണിയിലായിരിക്കുന്നത്.മാതൃ ശിശു സംരക്ഷണം, ഗര്‍ഭിണികളുടെ പരിശോധന , കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ , ജനി ശിശു സുരക്ഷാ യോജന, ആരോഗ്യ പോഷണ ക്ലാസ് , ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍, കൗമാര പ്രായക്കാര്‍ക്കുള്ള ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍, സാംക്രമിക രോഗ നിയന്ത്രണ പരിപാടി, ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കുമുള്ള മരുന്നു വിതരണം , പ്രഥമ ശുശ്രൂഷ നല്‍കല്‍, ജീവിത ശൈലി രോഗ പരിശോധന , മരുന്ന് വിതരണം, ജലസ്രോതസുകളുടെ ശുചീകരണം , വയോജന പരിചരണം, സാന്ത്വന പരിചരണം, അയണ്‍ ഗുളിക, ബ്ലീച്ചിങ് പൗഡര്‍, ഒ.ആര്‍.എസ് വിതരണം തുടങ്ങിയ സേവനങ്ങളാണ് ഇവിടെ നിന്ന് ലഭിച്ചിരുന്നത്.
അപകട ഭീഷണിയിലായ പുത്തന്‍ചിറ മാതൃ ശിശു സംരക്ഷണ കേന്ദ്രം കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം നിര്‍മിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. കെട്ടിടം പുനര്‍നിര്‍മാണത്തിനായി ഫണ്ട് അനുവദിക്കണമെന്ന് എം.എല്‍.എ യോടു ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."