മേല്‍പാലത്തിലെ വിളക്കുകള്‍ കണ്ണടച്ചു; പ്രാണഭയത്തോടെ കാല്‍നടയാത്രക്കാര്‍
പാലക്കാട് : നഗരത്തില്‍ ഏറെ ജനസഞ്ചാരമുള്ള ശകുന്തള ജംഗ്ഷനിലെ കാല്‍നടമേല്‍പാലത്തിലെ വിളക്കുകള്‍ മിഴിയടച്ചതോടെ കാല്‍നടയാത്രക്കാര്‍ നടക്കുന്നത് പ്രാണഭയത്തോടെ. ടിബിറോഡ്, മാര്‍ക്കറ്റ് റോഡ്, ജിബി റോഡ്, ആര്‍എസ് റോഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി കാല്‍നടമേല്‍പാലം കയറിയിറങ്ങുന്നത്.
എന്നാല്‍ മേല്‍പാലത്തിലെ വിളക്കുകള്‍ കത്താതായതോടെ യാത്രക്കാര്‍ക്ക് ആശ്രയം കൈയിലുള്ള മൊബൈല്‍ ഫോണിലെ ചിമ്മിനി വെട്ടമാണ്. പാലത്തിന്റെ താഴെ കാടുപിടിച്ചുകിടക്കുന്നതിനാല്‍ ഇവിടം രാപകലന്യേ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. വൈകുന്നേരം സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സ്ത്രീകളടക്കമുള്ള നിരവധി പേരാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്.
ഇരുട്ടിന്റെ മറവില്‍ പിടിച്ചുപറിയും പോക്കറ്റടിയുമൊക്കെ നടക്കുന്നതിനാല്‍ യാത്രക്കാര്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് പാലം കയറിയിറങ്ങുന്നത്. കാലങ്ങളായി അടച്ചിട്ട മേല്‍പാലംഒരു വര്‍ഷം മുമ്പാണ് തുറന്നുകൊടുത്തത്. ഇതിലെ തകരാറിലായ വിളക്കുകള്‍ നേരാക്കിയെങ്കിലും വീണ്ടുമെല്ലാം പ്രവര്‍ത്തനരഹിതമായിരിക്കുകയാണ്. പ്രതിദിനം ആറായിരത്തോളം കാല്‍നടയാത്രക്കാരാണ് ശകുന്തള ജംഗ്ഷനിലെ കാല്‍നടമേല്‍പാലം വഴി കയറിയിറങ്ങുന്നത്. മാത്രമല്ല മഴ പെയ്താല്‍ പാലത്തിന്റെ ഇരുഭാഗത്തും ചെളിയായതിനാല്‍ യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്. മേല്‍പാലത്തിന് സമീപം മദ്യപരുടെയും കഞ്ചാവു വില്‍പ്പനക്കാരുടെയും താവളമായിരിക്കുകയാണ്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വെള്ളം മാത്രമാണ് പാലത്തിലേക്ക് കയറുന്നവര്‍ക്ക് ആകെ ആശ്രയമായിട്ടുള്ളത്. ജോലികഴിഞ്ഞ് ഒറ്റക്ക് വരുന്ന സ്ത്രീകള്‍ പാലത്തില്‍ വെളിച്ചമില്ലാത്തതുമൂലം പാലം കയറാന്‍ ഭയക്കുന്ന സ്ഥിതിയാണ്. പട്ടിക്കര, ചുണ്ണാമ്പുത്തറ, കടുക്കാംകുനമ്‌നം മേമ്പാലങ്ങളും കാലങ്ങളായി സാധ്യമായത്.
നഗരത്തിലെ മിക്കയിടത്തും തെരുവിളക്കുകള്‍ പ്രവര്‍ത്തനരഹിതമായതോടെ സന്ധ്യമയങ്ങിയാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. ശകുന്തള ജംഗ്ഷനിലെ എസ്‌കലേറ്റര്‍ നിര്‍മാണം കടലാസിലൊതുങ്ങിയതോടെ പ്രായമായവരുള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് കാല്‍നടമേമ്പാലം കയറിയിറങ്ങല്‍ തന്നെ ശരണം.
എന്നാല്‍ മേമ്പാലത്തിലെ പത്തോളം വിളക്കുകള്‍ കണ്ണടച്ചതോടെ സന്ധ്യമയങ്ങുന്നതോടെ കാല്‍നടയാത്രക്കാരും ഭീതിയോടെയാണ് പാലത്തിനെ കാണുന്നത്. ആയിരക്കണക്കിനു യാത്രക്കാര്‍ക്ക് ആശ്രയമായ ശകുന്തള ജംഗ്ഷനിലെ കാല്‍നട മേമ്പാലത്തിലെ പ്രവര്‍ത്തനരഹിതമായ വിളക്കുകള്‍ അടിയന്തിരമായി പ്രവര്‍ത്തനസജ്ജമാക്കണമെന്നാവശ്യം ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."