വന്യജീവി ആക്രമണം: ഏഴുവര്‍ഷത്തിനിടെ പൊലിഞ്ഞത് 70 ജീവനുകള്‍
പാലക്കാട് : ജില്ലയില്‍ കാലങ്ങളായി തുടരുന്ന വന്യജീവികളുടെ ആക്രമണത്തില്‍ കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ പൊലിഞ്ഞത് അറുപതോളം ജീവനുകള്‍. ഇതിനുപുറമെയാണ് വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലും റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളിലും വന്യമൃഗങ്ങള്‍ വരുത്തിയിട്ടുള്ള നാശന്ഷ്ടങ്ങള്‍. 2012 മുതല്‍ മെയ് വരെയുള്ള ഔദ്യോഗിക കണക്കുപ്രകാരം 55 മനുഷ്യ ജീവനുകളാണ് ജില്ലയില്‍ മാത്രം വന്യജീവിയാക്രമണത്തില്‍ ഇല്ലാതായിട്ടുള്ളത്. കഴിഞ്ഞ ദിവസം മുണ്ടൂരിന് സമീപം ചുമട്ട്‌തൊഴിലാളിയെ കാട്ടാന കുത്തിക്കൊന്ന സംഭവം ഏറ്റവും ഒടുവിലത്തേതാണ്.
ജില്ലയിലെ വനം ഡിവിഷനുകളില്‍ ഏറ്റവും കൂടുതല്‍ വന്യജീവിയാക്രമണങ്ങളുണ്ടായിട്ടുള്ളത് പാലക്കാട് ഡിവിഷനാണെന്നുള്ളത് പരിതാപകരമാണ്. ഇതിനുപുറമെ മണ്ണാര്‍ക്കാട്, നെന്മാറ, ഡിവിഷനുകളിലും കാട്ടാനകളുടെ ആക്രമണങ്ങളില്‍ ജീവനും സ്വത്തിനും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. വനവൃസ്തൃതി കുറഞ്ഞ പാലക്കാട് ഡിവിഷനില്‍ അടുത്തകാലത്തായി വന്യജീവികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചത് ജനങ്ങളെയും ഉദ്യോഗസ്ഥരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ വന്യജീവിയാക്രമണത്തില്‍ മരണപ്പെട്ടവര്‍ക്കുപുറമെ 138 പേര്‍ക്കു പരുക്കേല്‍ക്കുകയും 1354 കര്‍ഷകര്‍ക്ക് കൃഷി നാശസംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ അമ്പതോളം വളര്‍ത്തുമൃഗങ്ങളെയും വന്യജീവികള്‍ കൊന്നിട്ടുണ്ട്. വന്യജീവിയാക്രമണം കൂടുതല്‍ മൂണ്ടൂരിലാണെങ്കിലും പുതുശ്ശേരി, കഞ്ചിക്കോട് മേഖലകളിലും കുറവല്ല. 2017-18 വര്‍ഷങ്ങളില്‍ 10 പേരുടെയും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
പാലക്കാട് ഡിവിഷനില്‍ മാത്രം കഴിഞ്ഞ രണ്ടരവര്‍ഷത്തനിടെ ജീവന്‍ നഷ്ടപ്പെട്ടത് 28 പേര്‍ക്കാണ്. 2016 ല്‍ 83 പേരുടെയും 2017 ല്‍ 430 പേരുടെയും 2018 മെയ് മാസം വരെ 56 പേരുടെയും കാര്‍ഷിക വിളകളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ 7 വര്‍ഷത്തിനിടെ ജില്ലയില്‍ മാത്രം വന്യജീവിയാക്രമണത്തില്‍ മരിച്ച കുടുംബങ്ങള്‍ക്ക് 65 ലക്ഷത്തോളം രൂപയും പരുക്കേറ്റവര്‍ക്ക് 49 ലക്ഷത്തോളം രൂപയും പരിഹാരത്തുകയായി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ കാര്‍ഷിക വിളകള്‍ നശിച്ചവര്‍ക്ക് 86 ലക്ഷം രൂപയും വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്.
ജീവനും കാര്‍ഷിക വിളകളും നഷ്ടപ്പെട്ടതിനുപുറമെ ഏഴു വര്‍ഷത്തിനിടെ നാല്‍പതോളം വീടുകള്‍ക്ക് വന്യജീവിയാക്രമണത്തില്‍ നശിച്ചവര്‍ക്ക് 4 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ഇത്രയേറെ ജീവനുകള്‍ പൊലിഞ്ഞിട്ടും ജില്ലയില്‍ കാട്ടാന ശല്യം തുടര്‍ക്കഥയാവുകയാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍ ഫലവത്താകാത്തതും വനത്തിനകത്തെ അശാസ്ത്രീയതയുമാണ് ജില്ലയില്‍ കാലങ്ങളായി തുടരുന്ന വന്യജീവിയാക്രമണത്തിനു കാരണമാകുന്നത്.
നെന്മാറ, മണ്ണാര്‍ക്കാട്, ഡിവിഷനുകളില്‍ മാത്രം കൊല്ലപ്പെട്ടത് 25 പേരാണ് അട്ടപാടികളുള്‍പ്പടെയുള്ള മണ്ണാര്‍ക്കാട് ഡിവിഷനില്‍ 20 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇതില്‍ ഒരു കൊമ്പന്‍ 5 പേരെയാണ് കൊലപ്പെടുത്തിയത്. ജില്ലയിലെ വനപ്രദേശങ്ങളില്‍ നിന്ന് കാട്ടാനകള്‍ നേരത്തെ അപൂര്‍വമായേ ഇറങ്ങി വരാറുള്ളൂവെന്നിരിക്കെ ഇപ്പോള്‍ ജനവാസമേഖലകളിലെ കാട്ടാന ശല്യം നിത്യ സംഭവമായിരിക്കുകയാണ്.
എന്നാല്‍ നാട്ടിലിറങ്ങി ജീവനും സ്വത്തിനും ഭീഷണിയാവുന്ന കാട്ടാനകള്‍ നാട്ടിലിറങ്ങുമ്പോഴും ഇവയെ കാടുകയറ്റാന്‍ ശ്രമം പരാജയപ്പെടുകയാണ്. സൗരോര്‍ജ വേലികളും കിടങ്ങുകളും കടലാസിലൊതുങ്ങുമ്പോഴും വന്യജീവിയാക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
എന്തെങ്കിലുമൊക്കെ സംഭവിക്കുമ്പോള്‍ ഹര്‍ത്താലുകള്‍ പ്രതിഷേധ പരിപാടികളുമൊക്കെ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുമ്പോഴും കാലങ്ങളായുള്ള വന്യജീവിയാക്രമണം ശമനമില്ലാതെ തുടരുകയാണ്. ഏറ്റവുമൊടുവില്‍ വള്ളിക്കോട്ടെ കര്‍ഷകന്റെ ജീവനും കൂടി കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ വന്യജീവികളുടെ ശല്യം തുടര്‍ക്കഥ മാത്രമല്ല ഇനിയും എത്ര ജീവന്‍ പൊലിയുമെന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."