ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്
കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് പത്തനാപുരം എം.എല്‍.എ ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. സംഭവം ഒത്തുതീര്‍ക്കാന്‍ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ സമവായചര്‍ച്ച തുടങ്ങി. മധ്യസ്ഥരായി എന്‍.എസ്.എസ് നേതൃത്വവും ഉണ്ട്. ഇക്കാര്യം യുവാവിന്റെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്.
പരസ്യമായി ഗണേഷ് മാപ്പ് പറയണമെന്ന് പരാതിക്കാര്‍ ഉപാധി വച്ചുവെന്നാണ് സൂചന. ചര്‍ച്ച വിജയകരമായാല്‍ ഗണേഷ്‌കുമാറിനെതിരായ പരാതി പിന്‍വലിക്കുമെന്നാണ് കുടുംബത്തിന്റെ നിലപാട്.
അഗസ്തികോട് പുലിയത്ത് വീട്ടില്‍ അനന്തകൃഷ്ണനാണ് എം.എല്‍.എയുടെ മര്‍ദ്ദനത്തിനിരയായത്. ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എല്‍.എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും മാതാവ് ഷീനയും.
റോഡിലൂടെ എം.എല്‍.എയുടെ വാഹനം കടന്നുവന്നെങ്കിലും നിര്‍ത്താന്‍ അദ്ദേഹം തയാറായില്ല. ഒടുവില്‍ അനന്തകൃഷ്ണന്‍ തന്നെ വാഹനം പിറകോട്ടെടുത്ത് നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് കയറ്റിയിട്ടു. സാറിനല്ലായിരുന്നോ വാഹനം മാറ്റാന്‍ എളുപ്പമെന്ന് ഷീന ചോദിച്ചത് ഗണേഷ്‌കുമാറിനെ പ്രകോപിതനാക്കി. ആ സമയം വണ്ടിയിലിരുന്ന എം.എല്‍.എ ഷീനയെ അസഭ്യം പറയുകയും കൈകൊണ്ട് വൃത്തികെട്ട ആംഗ്യം കാണിക്കുകയും ചെയ്തതായി അനന്തകൃഷ്ണന്‍ പറഞ്ഞു. തുടര്‍ന്ന് ഗണേഷ്‌കുമാര്‍ ഇറങ്ങിവന്ന് കാറിന്റെ താക്കോല്‍ ഊരാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഡ്രൈവിങ് സീറ്റില്‍ ഇരുന്ന യുവാവിനെ കുത്തിനു പിടിച്ചിറക്കി കഴുത്തിന് അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഡ്രൈവറെത്തി മര്‍ദിക്കുകയും ചെയ്തതായും അനന്തകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കേസിൽ മർദിക്കപ്പെട്ട അനന്തകൃഷ്ണന്റെ അമ്മ ഷീനയുടെ രഹസ്യമൊഴി കഴിഞ്ഞയാഴ്ച കോടതി രേഖപ്പെടുത്തിയിരുന്നു.ഇതിനു പിന്നാലെയാണ് കേസ് അടിയന്തരമായി ഒത്തുതീർപ്പാക്കാൻ ഗണേഷിന്റെ ഭാഗത്തു നിന്നുള്ള ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."