HOME
DETAILS
MAL
മന്ത്രി എ.സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ പ്രവാസി മുഖ്യമന്ത്രിക്ക് പരാതി നല്‍കി
backup
May 14 2020 | 03:05 AM
തിരുവനന്തപുരം: വ്യക്തിഹത്യ നടത്തുന്നതായും മാനഹാനിയുണ്ടാക്കുന്നതായും കാണിച്ച് മന്ത്രി എ.സി.മൊയ്തീന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിക്കെതിരേ മുഖ്യമന്ത്രിക്ക് പ്രവാസിയുടെ പരാതി. ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.കെ.ഉസ്മാനാണ് മന്ത്രി എ.സി മൊയ്തീന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായ രാജാറാം തമ്പിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
രാജാറാം തമ്പി തനിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരേ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുകയാണ്. പൂര്‍ണ ഗര്‍ഭിണിയായ മകളോടൊപ്പം കഴിഞ്ഞ ദിവസം നാട്ടിലെത്തിയ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലാണ് രാജാറാം തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. പ്രതിപക്ഷ നേതാവിനെ അധിക്ഷേപിക്കുന്ന പോസ്റ്റുകളും രാജാറാം തമ്പി യുടേതായുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കുന്നത് എല്ലാ ചട്ടങ്ങളുടേയും ലംഘനമാണ്. ബഹുമാന്യ വ്യക്തികളെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന വിധത്തില്‍ ട്രോളുകള്‍ തയാറാക്കുന്ന സംഘം ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു. മാന്യമായി ജീവിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്യുന്നതിന് ഇദ്ദേഹം ഒരു മന്ത്രിയുടെ ഓഫിസിനെ തന്നെ ദുരുപയോഗം ചെയ്യുകയാണെന്ന് ഉസ്മാന്‍ പരാതിയില്‍ പറയുന്നു.
ഏക മകളുടെ പ്രസവത്തിനായി അവള്‍ക്കൊപ്പം നാട്ടിലെത്തിയ തനിക്കെതിരെ രാജാറാം തമ്പി നടത്തുന്ന വ്യാജ പ്രചാരണം തന്നേയും കുടുംബത്തേയും ഏറെ വേദനിപ്പിച്ചതായി ഉസ്മാന്‍ വ്യക്തമാക്കുന്നു. കൊവിഡുമായി ബന്ധപ്പെട്ട് ഗള്‍ഫിലകപ്പെട്ട ഞാനുള്‍പ്പടെയുള്ളവരെ സഹായിക്കാന്‍ പ്രതിപക്ഷ നേതാവ് നടത്തിയ ശ്രമങ്ങളെ ഇകഴ്ത്താനാണ് മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ നീക്കം. മന്ത്രിയുടെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി പദവി ഉപയോഗിച്ച് വ്യക്തിഹത്യയും മാനഹാനിയുമുണ്ടാക്കുന്ന രാജാറാം തമ്പിയെ ഔദ്യോഗിക സ്ഥാനത്തു നിന്നും നീക്കണമെന്നും നിയമനടപടിക്ക് വിധേയനാക്കണമെന്നും ഉസ്മാന്‍ പരാതിയില്‍ ആവശ്യപ്പെട്ടു. പരാതിയുടെ കോപ്പി മന്ത്രി എ.സി.മൊയ്തീനും പ്രതിപക്ഷ നേതാവിനും കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."