നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്; ഗംഭീരമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ക്കായി ഒന്നും പ്രഖ്യാപിക്കാത്ത പാക്കേജ് നിരാശപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പ്രതികരിച്ചു.
മോദി രാജ്യത്തെ അതിഥി തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് സുരക്ഷിതമായി എത്താനുള്ള സൗകര്യമൊരുക്കുകയും അവരുടെ എക്കൗണ്ടില്‍ 7,500 രൂപ വീതം നിക്ഷേപിക്കുകയും ചെയ്യണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ചെറുകിട വ്യവസായ മേഖലയെ പിന്തുണയ്ക്കുന്ന ഒരു പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തലക്കെട്ടും ശൂന്യമായ പേജും എന്നാണ് പ്രധാനമന്ത്രിയുടെ പാക്കേജിനെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം പരിഹസിച്ചത്. ശൂന്യമായ പേജ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പൂരിപ്പിക്കുന്നതിന് കാത്തിരിക്കുകയാണെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെ പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും നമുക്ക് നല്‍കി. സ്വഭാവികമായും എനിക്കും അദ്ദേഹം ഉദ്ദേശിച്ചത് എന്തെന്ന് മനസിലായില്ല. ഇന്ന് ധനമന്ത്രി ആ ശൂന്യമായ പേജ് പൂരിപ്പിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു. സമ്പദ്‌വ്യവസ്ഥയിലേക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഓരോ അധിക രൂപയും ഞങ്ങള്‍ ശ്രദ്ധാപൂര്‍വം കണക്കാക്കും- ഇതായിരുന്നു പി. ചിദംബരത്തിന്റെ ട്വീറ്റ്.
ജനസംഖ്യയുടെ പകുതി വരുന്ന താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് (13 കോടി കുടുംബങ്ങള്‍) എന്തു ലഭിക്കുമെന്നും ഞങ്ങള്‍ പരിശോധിക്കും. ആര്‍ക്ക് എന്ത് ലഭിക്കുമെന്നും ഞങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കും. പാവപ്പെട്ടവര്‍, പട്ടിണിക്കാര്‍, തങ്ങളുടെ വീടുകളിലെത്താന്‍ വേണ്ടി നൂറുകണക്കിന് കിലോമീറ്ററുകള്‍ നടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ എന്നിവര്‍ക്ക് എന്ത് ലഭിക്കുമെന്ന് അറിയാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു- ചിദംബരം മറ്റൊരു ട്വീറ്റില്‍ കുറിച്ചു.
ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴാണ് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 10 ശതമാനം വരുന്ന 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
വാചകമടി മാത്രമേയുള്ളൂ, പ്രവര്‍ത്തനമില്ലെന്നാണ് മുന്‍ കേന്ദ്രമന്ത്രി ജയ്‌റാം രമേഷ് പ്രതികരിച്ചത്. ഈ തുക പോരെന്നും ജി.ഡി.പിയുടെ 50 ശതമാനമെങ്കിലും പാക്കേജായി പ്രഖ്യാപിക്കണമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആവശ്യപ്പെട്ടു.
അതേസമയം രാജ്യതാല്‍പര്യം പരിഗണിച്ചുള്ള മികച്ച പാക്കേജാണിതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇത് ഒരു ഉത്തേജക പരിഷ്‌കാരമാണെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."