ജയിലിലടച്ച പൗരത്വ സമര പോരാളികള്‍ക്ക് മുസ്‌ലിം ലീഗ് നിയമസഹായം നല്‍കും
മലപ്പുറം: ഭരണകൂട ഭീകരതയുടെ ഇരകളായി ജയിലിലടക്കപ്പെട്ട ആക്റ്റിവിസ്റ്റുകളുടെ മോചനത്തിനുള്ള നിയമ പോരാട്ടത്തിന് മുസ്‌ലിം ലീഗ് പിന്തുണ നല്‍കും. ഇന്നലെ പാണക്കാട്ട് ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
യു.എ.പി.എ, എന്‍.എസ്.എ തുടങ്ങിയ കരിനിയമങ്ങള്‍ ചുമത്തി ജയിലിലടയ്ക്കപ്പെട്ട ജാമിഅ മില്ലിയ സര്‍വകലാശാല വിദ്യാര്‍ഥി നേതാക്കളായ സഫൂറ സര്‍ഗര്‍, മീരാന്‍ ഹൈദര്‍, പൂര്‍വ വിദ്യാര്‍ഥി നേതാവ് ഷിഫാഉര്‍റഹ്മാന്‍, ഷഹീന്‍ബാഗ് മോഡല്‍ സമരത്തിനു നേതൃത്വം കൊടുത്ത ഗുല്‍ശിഫ എന്നിവരെ അറസ്റ്റ് ചെയ്യുകയും ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍, ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്, ഗവേഷക വിദ്യാര്‍ഥി ചെങ്കിസ് ഖാന്‍ എന്നിവരെ രാജ്യദ്രോഹ കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കാന്‍ നീക്കം നടക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേശിയ കമ്മിറ്റി ഈ തീരുമാനമെടുത്തത്. പൗരത്വ സമര കാലത്തും ഡല്‍ഹി വംശഹത്യയുടെ നാളുകളിലും കേന്ദ്ര സര്‍ക്കാരിന് അപ്രിയകരമായ സത്യങ്ങള്‍ വിളിച്ചുപറഞ്ഞു എന്നതു മാത്രമാണ് ഇവര്‍ ചെയ്ത തെറ്റ്. കലാപത്തിന്റെ ഗൂഢാലോചനക്കുറ്റം ഇരകള്‍ക്കുവേണ്ടി ശബ്ദിച്ചവരുടെ തലയില്‍ കെട്ടിവയ്ക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയാണെന്നും നേതാക്കള്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ പാര്‍ട്ടിയും പോഷകസംഘടനകളും നടത്തിയ ഇടപെടലുകളുടെ തുടര്‍ച്ചയായാണ് നിയമസഹായം നല്‍കുന്നത്. വിദ്യാര്‍ഥികളുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ച് മികച്ച അഭിഭാഷകരുടെ സേവനം ഉറപ്പാക്കും. ഇതിനാവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കും. നീതി ലഭിക്കുംവരെ ഇരകളുടെ കുടുംബത്തോടൊപ്പം പാര്‍ട്ടി നിലയുറപ്പിക്കുമെന്നും ദേശീയ കമ്മിറ്റി വ്യക്തമാക്കി.
മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍, യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."