ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം: സര്‍ക്കാര്‍ തീരുമാനം പാളുന്നു
കോഴിക്കോട്: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പരിഷ്‌കരണ നടപടികള്‍ പാളുന്നു. പുതിയ പദ്ധതിയുടെ അപ്രായോഗികതയും അതിനെതിരേ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയുമാണ് സര്‍ക്കാര്‍ തീരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നത്.
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ പരിഷ്‌കാരം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. എന്നാല്‍ ഡ്രൈവിങ് സ്‌കൂളുടമകള്‍ ടെസ്റ്റുകള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.
കൂടാതെ നടപടി പുന:പരിശോധിക്കണമെന്നും പദ്ധതി നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് കീഴില്‍ സ്വന്തമയി സ്ഥല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് അവര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് 15 വരെ പഴയ രീതിയില്‍ തന്നെ ഡ്രൈവിങ് ടെസ്റ്റ് നടത്താന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
എന്നാല്‍ മെയ് 15ന് ശേഷം ഡ്രൈവിങ് ടെസ്റ്റ് എങ്ങനെ നടത്തുമെന്നതാണ് അനിശ്ചിതത്വമായി തുടരുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, പാറശാല എന്നിവിടങ്ങളില്‍ മാത്രമാണ് സര്‍ക്കാരിന് സ്വന്തമായി ഡ്രൈവിംഗ് ടെസ്റ്റിനായി സ്ഥലമുള്ളത്. പുതിയ പദ്ധതിക്കാവശ്യമായ മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാരിന് ഇതുവരെ സാധിച്ചിട്ടില്ല. നിലവില്‍ ഇലക്‌ട്രോണിക് യാര്‍ഡുകളുള്ള പലയിടത്തും അവ പ്രവര്‍ത്തനരഹിതമായതും സര്‍ക്കാരിന് തലവേദനയാണ്.
ലേണിങ് ടെസ്റ്റിന് പുതുതായി പരിധി നിശ്ചയിച്ചതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്. ഒരു ദിവസം ഏതാനും പേര്‍ക്ക് മാത്രമേ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. കൂടാതെ ലൈസെന്‍സെടുക്കാന്‍ വരുന്നവര്‍ക്ക് ടെസ്റ്റിനായി അനേകം ദിവസം കാത്തിരിക്കേണ്ട അവസ്ഥയാണ്. അവധിക്കാലത്ത് കൂടുതലായെത്തുന്ന വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുതിയ ഡ്രൈവിങ് ടെസ്റ്റിന് മൂന്നുഘട്ടങ്ങളാണുള്ളത്. ഇലക്ട്രോണിക് ഡ്രൈവിങ് ടെസ്റ്റ് യാര്‍ഡുകളില്‍ ആദ്യം റിവേഴ്‌സ് പാര്‍ക്കിങ് ചെയ്യണം. പിന്നീട് കയറ്റത്തില്‍ വാഹനം നിര്‍ത്തിയശേഷം യാത്ര തുടരുന്ന ഗ്രേഡിയന്റ് ടെസ്റ്റ്. മൂന്നാമതായാണ് എച്ച് എടുക്കുന്നത്. പഴയ രീതിപോലെ എച്ച് യാര്‍ഡില്‍ കമ്പി സ്ഥാപിച്ചിട്ടുണ്ടാവില്ല. പകരം വാഹനത്തിന്റെ സൈഡിലെ കണ്ണാടിയില്‍ കൂടി മാത്രം നോക്കി എച്ച് എടുക്കണം. ഇതാണ് പുതിയരീതി.
കേരള മോട്ടാര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തില്‍ നാളെ ഗതാഗത മന്ത്രിയുമായും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറുമായും ചര്‍ച്ച നടത്തുന്നുണ്ട്. തക്കതായ പരിഹാരം സര്‍ക്കാറിന്റെ ഭാഗത്തു നിന്നു ഉണ്ടായില്ലെങ്കില്‍ ഇനിയും റിട്ട് ഹരജി നല്‍കാനാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."