മക്ക ഹറം പള്ളിയിലെ വിപുലീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നിർദേശം
മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയുടെ മൂന്നാം വിപുലീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ നിർദേശം. കൊറോണ വൈറസിനെ നേരിടാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നേരത്തെ നിർത്തി വെച്ച പ്രവർത്തനങ്ങൾ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പുനരാരംഭിക്കുന്നത്. നേരത്തെ നിർത്തി വെച്ച നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു ഇരു ഹറം കാര്യാലയ വകുപ്പിന് കീഴിലെ പ്രോജക്‌ട്, എഞ്ചിനിയറിങ് വിഭാഗം അനുമതി നൽകിയിട്ടുണ്ട്. പ്രധാന കവാടങ്ങൾ, മേൽത്തട്ടുകളിലെ ആർട്ടിഫിഷ്യൽ കല്ലുകൾ പതിക്കുന്ന പ്രവർത്തികൾ, പുറത്തെ പ്രവേശന കവാടങ്ങളിൽ വാസ്തുവിദ്യാ കമാനങ്ങളുടെ പൂർത്തീകരണം, മറ്റ് പ്രധാന ജോലികൾ എന്നിവ ഉൾപ്പെടുന്ന വിപുലീകരണ പ്രവർത്തനങ്ങളാണ് പുനഃരാരംഭിക്കുക.
— رئاسة شؤون الحرمين (@ReasahAlharmain) May 13, 2020
ബന്ധപ്പെട്ട കമ്മിറ്റികളുടെ ഏകോപനത്തോടെ ജോലികൾ പൂർത്തീകരിക്കാൻ പ്രോജക്‌ട്, എഞ്ചിനിയറിങ് വിഭാഗം ചർച്ചകൾ നടത്തിയിട്ടുണ്ട്. നിലവിൽ ഹറമിൽ തീർത്ഥാടകർ ഇല്ലാത്തതും തീർത്ഥാടകരുടെ കുറവും ഉപയോഗപ്പെടുത്തി ജോലികൾ പെട്ടെന്ന് പൂർത്തീകരിക്കാനുള്ള പദ്ധതികളാണ് ചർച്ചയായത്. ഇരു ഹറം വിപുലീകരണത്തിനു സഊദി ഭരണാധികാരികൾ സ്വീകരിക്കുന്ന നിലപാടുകളും പദ്ധതികൾ പൂർത്തീകരിക്കാൻ വേണ്ട നടപടികൾ കൈകൊള്ളുന്നതിലും ഇരു ഹറം പള്ളികളിലും പ്രവേശിക്കുന്ന തീർത്ഥാടകർക്ക് ഭയരഹിതമായി പ്രവേശനം സാധ്യമാക്കുന്നതിനും ഭരണകൂടം ഏർപ്പെടുത്തുന്ന നടപടികളെ ഇരു ഹറം കാര്യാലയ വകുപ്പ് പ്രശംസിച്ചു. കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാർച്ച് 25 ന് ഹറം വിപുലീകരണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് ഉംറ തീർത്ഥാടനവും പിന്നീട് ഹറം പള്ളികളിലേക്ക് പ്രവേശനവും വിലക്കിയിരുന്നു. നിലവിൽ ഹറം ജീവനക്കാരും ഉദ്യോഗസ്ഥരും മാത്രമാണ് ഇവിടെ നടക്കുന്ന ജമാഅത്ത്, ജുമുഅ, തറാവീഹ് നിസ്‌കാരങ്ങളിൽ പങ്കെടുക്കുന്നത്.
അന്തരിച്ച മുൻ രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസിന്റെ ഭരണകാലത്ത് തുടങ്ങി വെച്ച അതിവിപുലീകരണത്തിന്റെ ഭാഗമായുള്ള മൂന്നാമത്തെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് 2015 ൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് തുടക്കമിട്ടത്. മക്ക ഹറാം പള്ളിയുടെ ഏറ്റവും വലിയ വിപുലീകരണ പ്രവർത്തനമാണിത്. മക്ക ഹറം പള്ളിയുടെ പ്രധാന കെട്ടിട വിപുലീകരണം, മുറ്റങ്ങളുടെയും റോഡുകളുടെയും വിപുലീകരണം, പാലങ്ങൾ, ടെറസുകൾ, സെൻട്രൽ സർവ്വീസ് കെട്ടിടങ്ങൾ, സുരക്ഷാ, , ആശുപത്രി കെട്ടിടങ്ങൾ, ഹറമിലേക്കുള്ള തുരങ്കങ്ങൾ, പാലങ്ങൾ, ഗതാഗത സ്റ്റേഷനുകൾ, ആദ്യത്തെ റിംഗ് റോഡ്, കൂടാതെ, അടിസ്ഥാന സൗകര്യങ്ങളായ പവർ സ്റ്റേഷനുകൾ, വാട്ടർ ടാങ്കുകൾ, മഴവെള്ള ഡ്രൈനേജ് തുടങ്ങി അതിവിപുലമായ വികസന പ്രവർത്തനങ്ങളാണ് ഹറാം മൂന്നാം വിപുലീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ മിക്ക പ്രവർത്തനങ്ങളും ഇതിനികം തന്നെ പൂർത്തിയായി പൊതുജനങ്ങൾക്കായി തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."