ഡെങ്കിപ്പനിയില്‍ പശ്ചിമകൊച്ചി; നടപടിയെടുക്കാതെ നഗരസഭ
മട്ടാഞ്ചേരി: പശ്ചിമകൊച്ചിയില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചിട്ടും കൊതുക് നശീകരണത്തിന് നടപടിയെടുക്കാത്ത നഗരസഭ അധികൃതരുടെ നിലപാടില്‍ പ്രതിഷേധം വ്യാപകമാകുന്നു. മട്ടാഞ്ചേരി മേഖലയിലാണ് ഡങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ മാത്രം മുപ്പതോളം പേരാണ് ഡങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലും മറ്റുമായി നിരവധി പേര്‍ ചികിത്സ തേടിയതായാണ് സൂചന. ഇതിന് പുറമേ പകര്‍ച്ച പനിയും വ്യാപകമായതോടെ പശ്ചിമകൊച്ചി അക്ഷരാര്‍ഥത്തില്‍ പനിച്ച് വിറക്കുന്ന അവസ്ഥയാണ്.
ചക്കരയിടുക്ക്, പുതിയറോഡ്, ഇരുമ്പിച്ചി, ചക്കരപറമ്പ്, കോമ്പാറമുക്ക് തുടങ്ങിയ ഭാഗങ്ങളിലാണ് പനി വ്യാപകമായിട്ടുള്ളത്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് കൊതുക് വ്യാപകമാകാന്‍ ഇടയാക്കുന്നത്. മട്ടാഞ്ചേരിയില്‍ പലയിടങ്ങളിലും പ്ലാസ്റ്റിക്ക് വസ്തുക്കള്‍ ശേഖരിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മട്ടാഞ്ചേരി ബസാറിലെ പല ചുക്ക് കളങ്ങളും ഇപ്പോള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി മാറി കഴിഞ്ഞു.
മാത്രമല്ല പഴയ ആക്രി സാധനങ്ങള്‍ കോമ്പാറമുക്ക്, ബാങ്ക് മൂല തുടങ്ങിയിടങ്ങളില്‍ റോഡരികില്‍ നിക്ഷേപിച്ചിരിക്കുകയാണ്.
ഇങ്ങനെ കിടക്കുന്ന സാധനങ്ങളില്‍ വെള്ളം കെട്ടി കിടന്നാണ് കൊതുകുകള്‍ വളരുന്നത്. ഇതാണ് മട്ടാഞ്ചേരിയില്‍ ഡങ്കിപ്പനി വ്യാപകമാകാന്‍ കാരണമെന്ന് ആരോഗ്യ വിഭാഗം അധികൃതരും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ ഇതിനെതിരേ നടപടി സ്വീകരിക്കേണ്ട നഗരസഭയാകട്ടെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നാണ് ആക്ഷേപം. നഗരസഭ ആരോഗ്യ വിഭാഗം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസംഗത വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിന് പുറമേ കൊതുക് നശീകരണത്തിനുള്ള യാതൊരു നടപടികളും നഗരസഭ കൈകൊണ്ടിട്ടില്ല.
ഫോഗിങ് മഴക്കാലമായതിനാല്‍ ചെയ്യാന്‍ കഴിയില്ലയെന്ന നിലപാടാണ് നഗരസഭ അധികൃതര്‍ സ്വീകരിക്കുന്നത്. കൊതുകിനെതിരെയുള്ള മരുന്ന് തെളിക്കലും കാര്യക്ഷമമല്ല.
നഗരസഭയുടെ കെടുകാര്യസ്ഥതതക്കെതിരേ ഭരണ കക്ഷി തന്നെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. നഗരസഭ അനാസ്ഥ വെടിയണമെന്ന് കോണ്‍ഗ്രസ് കൊച്ചി നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് പി.എച്ച് നാസര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."