ജയരാജന് ആശ്വാസമായി കോടതിവിധി
കണ്ണൂര്‍: ബന്ധുനിയമന കേസിലെ മുഴുവന്‍ തുടര്‍നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തത് ഇ.പി ജയരാജന് ആശ്വാസമായി. വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ കേസ് തുടരാന്‍ സാധ്യതയില്ല.
അന്വേഷണ സാധ്യതയില്ലെങ്കില്‍ കേസ് എഴുതിത്തള്ളാം. ഏതെങ്കിലും തരത്തിലുള്ള നടപടികളുമായി മുന്നോട്ടുപോകുന്നെങ്കില്‍ വിജിലന്‍സ് തീരുമാനം അനുസരിച്ചു മാത്രമാകണമെന്നും കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇടതുമുന്നണി ഭരണത്തിന് ചുക്കാന്‍പിടിക്കുന്ന സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗത്തിനെതിരേ വിജിലന്‍സ് നീങ്ങാന്‍ സാധ്യത കുറവാണ്. മാത്രമല്ല, കേസില്‍ പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ അറിയിച്ചിട്ടുമുണ്ട്. ഹൈക്കോടതി വിധി ഇ.പി ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തിന്റെ സാധ്യതകളെ ശക്തിപ്പെടുത്തുമ്പോഴും സി.പി.എം സംസ്ഥാന നേതൃത്വം മൗനത്തിലാണ്.
പാര്‍ട്ടി പച്ചക്കൊടി കാട്ടിയാലും നേരത്തേ വ്യവസായ, കായിക വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന ഇ.പിക്ക് അതുതിരിച്ചുകിട്ടാന്‍ സാധ്യത കുറവാണ്. എം.എം മണി മന്ത്രിസഭയില്‍ പകരക്കാരനായി എത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ കൈയിലുള്ള ആഭ്യന്തരവകുപ്പുനല്‍കി ഇ.പിയെ തിരിച്ചെടുക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
ഇ.പിക്ക് ആഭ്യന്തരം കൈമാറുന്നതോടെ മുഖ്യമന്ത്രിക്ക് മറ്റുവകുപ്പുകളില്‍കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവുമെന്നാണ് ഇവരുടെ അഭിപ്രായം.
എന്നാല്‍, തന്നെ തിരക്കുപിടിച്ചു പുറത്താക്കിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ ഇ.പി ജയരാജന് കടുത്ത അതൃപ്തിയുണ്ട്. എങ്കിലും പിണറായിക്കെതിരേ ഇതുവരെ പരസ്യവിമര്‍ശനം നടത്തിയിട്ടില്ല.
ബന്ധുനിയമനം: ഇ.പി ജയരാജനെതിരായ തുടര്‍നടപടികള്‍ക്ക് സ്റ്റേ
കൊച്ചി: ബന്ധുനിയമനക്കേസില്‍ മുന്‍മന്ത്രി ഇ.പി ജയരാജനെതിരായ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാല്‍ കേസ് എഴുതിത്തള്ളാനുള്ള നടപടികളെ സ്റ്റേ ബാധിക്കില്ലെന്നും സിംഗിള്‍ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.പി ജയരാജന്‍ നല്‍കിയ ഹരജിയിലാണ് വിധി.
ജയരാജന്‍ വ്യവസായ മന്ത്രിയായി ചുമതലയേറ്റശേഷം ബന്ധുവായ പി.കെ സുധീറിനെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചതിനെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബന്ധുവിന്റെ നിയമനം വിവാദമായതോടെ പിന്‍വലിച്ചെന്നും ഇതിനുശേഷമാണ് വിജിലന്‍സ് കേസെടുത്തതെന്നും ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസിലെ ആരോപണങ്ങള്‍ അംഗീകരിച്ചാല്‍ തന്നെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."