കെ.എം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ തള്ളി
തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്തെ സമരവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം അറസ്റ്റിലായ കെ.എം ഷാജഹാനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പൊലിസിന്റെ അപേക്ഷ കോടതി തള്ളി. വേണമെങ്കില്‍ ഒരു മണിക്കൂര്‍ ജയിലില്‍ ചോദ്യംചെയ്യാമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, എസ്.യു.സി.ഐ നേതാവ് ഷാജര്‍ഖാനടക്കം മറ്റു നാലുപേരുടെ കസ്റ്റഡി അപേക്ഷ കോടതി അംഗീകരിച്ചു. ഷാജര്‍ഖാന്റെ ഭാര്യ മിനി, എസ്.യു.സി.ഐ പ്രവര്‍ത്തകന്‍ ശ്രീകുമാര്‍, തോക്കുസ്വാമി എന്നു വിളിക്കപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവരുടെ കസ്റ്റഡി അപേക്ഷകളാണ് കോടതി അംഗീകരിച്ചത്.
ഇന്നലെ നാലുമുതല്‍ വൈകിട്ട് എട്ടുവരെ കസ്റ്റഡിയില്‍ വയ്ക്കാനാണ് കോടതിയുടെ അനുമതി. അറസ്റ്റിലായ അഞ്ചുപേരുടേയും ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജക്കുനേരെ ഡി.ജി.പിയുടെ ഓഫിസിനുമുന്നിലുണ്ടായ പൊലിസ് അതിക്രമത്തിനുപിന്നാലെയാണ് ഷാജഹാനും തോക്കുസ്വാമിയെന്ന ഹിമവല്‍ ഭദ്രാനന്ദയും അടക്കമുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷ കോടതിയില്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. പുറത്തുനിന്നുള്ളവര്‍ പ്രതിഷേധത്തില്‍ നുഴഞ്ഞുകയറിയാണ് പ്രശ്‌നമുണ്ടാക്കിയതെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."