ആഭ്യന്തര മന്ത്രാലയ ഇലക്ട്രോണിക്‌സ് സർവീസായ അബ്ഷിറിൽ രണ്ടു പുതിയ സേവനങ്ങൾ കൂടി ചേർത്തു
റിയാദ്: ആഭ്യന്തര മന്ത്രാലയ ഇലക്ട്രോണിക്‌സ് സർവീസായ അബ്ഷിർ ഓൺലൈൻ സേവനത്തിൽ രണ്ടു പുതിയ സേവനങ്ങൾ കൂടി സഊദി ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു. ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് റദ്ദാക്കുന്നതിനുള്ള സേവനവും റീ-എൻട്രിയിൽ രാജ്യം വിട്ട ശേഷം വിസാ കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവരെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുള്ള സേവനവുമാണ് പുതുതായി ജവാസാത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് നീക്കം ചെയ്യുന്നതിനുള്ള അപേക്ഷ ഓൺലൈനിൽ സമർപ്പിക്കുന്നതോടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ജവാസാത്ത് ഹുറൂബ് നീക്കം ചെയ്യും. നിലവിൽ ജവാസാത്തിന്റെ ഒട്ടു മിക്ക സേവനങ്ങൾക്കും അബ്ഷിർ സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജവാസാത്തിൽ നിന്നുള്ള നടപടിക്രമങ്ങൾക്കും സേവനങ്ങൾക്കും അബ്ഷിർ പ്ലാറ്റ്‌ഫോം ഉപയോഗിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് സഊദി പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു.
അബ്ഷിറിൽ ഗാർഹിക തൊഴിലാളികളുടെ ഹുറൂബ് റദ്ദാക്കാൻ ഇതുവരെ തൊഴിലുടമകൾക്ക് സാധിക്കില്ലായിരുന്നു. ഈ സേവനമാണ് ജവാസാത്ത് ഇപ്പോൾ പുതുതായി ആരംഭിച്ചിരിക്കുന്നത്. നിലവിൽ ഗാർഹിക തൊഴിലാളികൾ ഒളിച്ചോടിയതായി പരാതി നൽകുന്നവർ ഹുറൂബ് റദ്ദാക്കുന്നതിന് ആഗ്രഹിക്കുന്ന പക്ഷം പതിനഞ്ചു ദിവസത്തിനകം നേരിട്ട് ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാൽ, പതിനഞ്ചു ദിവസം പിന്നിട്ട ശേഷം ഹുറൂബ് റദ്ദാക്കാൻ കഴിയില്ല. ഹുറൂബ് തൊഴിലാളികളെ കണ്ടെത്തി രാജ്യത്തേക്കുള്ള വിലക്കോടെ നാട് കടത്തുകയായാണ് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."