ദുരൂഹതകളുടെ വെടിയൊച്ചകള്‍ ബാക്കി, ജലീലിന്റെ മൃതദേഹം സംസ്‌കരിച്ചു
കോഴിക്കോട്: വൈത്തിരിയില്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് േനതാവ് സി.പി ജലീലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെയാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.
ഒട്ടേറെ ആശങ്കകളും ചോദ്യങ്ങളും അവശേഷിപ്പിക്കുകയാണ് ജലീലിന്റെ മരണം. ഏകപക്ഷീയമായാണ് പൊലിസ് ജലീലിനെ വെടിവെച്ചതെന്ന ബന്ധുക്കളുടെയും ആദ്യം വെടിവച്ചത് പൊലിസാണെന്ന റിസോര്‍ട്ട് ജീവനക്കാരുടെയും വെളിപ്പെടുത്തലും തുടര്‍ ദിനങ്ങളിലും വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.
വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെ എത്തിച്ച മൃതദേഹം ഇന്നലെ രാവിലെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ 8.45 ന് തുടങ്ങിയ പോസ്റ്റുമോര്‍ട്ടം 12.45നാണ് അവസാനിച്ചത്.
പൊലിസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും വന്‍ സംഘം പോസ്റ്റുമോര്‍ട്ടം നടക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്‍പില്‍ സുരക്ഷ ഒരുക്കിയിരുന്നു. ഉച്ചയോടെയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കു മുന്‍പില്‍ രാവിലെ തന്നെ ജലീലിന്റെ സഹോദരങ്ങള്‍ എത്തിയിരുന്നു. ഫോറന്‍സിക് സര്‍ജന്‍ ഡോ. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
സി.പി ജലീലിന് അന്ത്യാജ്ഞലിയര്‍പ്പിച്ച് ബാനര്‍ എഴുതിയ ആംബുലന്‍സിലാണ് മൃതദേഹം ജന്മനാടായ പാണ്ടിക്കാട്ടെ വളരാട്ടേക്ക്
കൊണ്ടുപോയത്. മൃതദേഹം ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിച്ചു.
ആംബുലന്‍സ് യാത്രാമധ്യേ എവിടെയും നിര്‍ത്തി മൃതദേഹം പൊതുദര്‍ശനനത്തിന് വയ്ക്കരുതെന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥയോടെയാണ് പൊലിസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിനെ പൊലിസും തണ്ടര്‍ബോള്‍ട്ടും അനുഗമിച്ചു. നെല്ലിക്കുത്തിലെ വീട്ടിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടു വളപ്പിലാണ് സംസ്‌ക്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."