പോളണ്ടിനും കൊളംബിയക്കും ഇന്ന് ജയിക്കണം
റോസ്റ്റോവ്: ഗ്രൂപ്പ് എച്ചില് വമ്പന്മാരായ കൊളംബിയക്കും പോളണ്ടിനും ഇന്ന് ജയിച്ചേ തീരു. ആദ്യ മത്സരത്തില്‍ തന്നെ ഇരു ടീമുകളും തോല്‍വി ഏറ്റുവാങ്ങിയത് ടീമുകളുടെ രണ്ടാം റൗണ്ട് പ്രവേശനത്തിന് ഭീഷണി ആയിരിക്കുകയാണ്.
കൊളംബിയ ആദ്യ മത്സരത്തില്‍ ജപ്പാനോടും പോളണ്ട് സെനഗലിനോടുമായിരുന്നു പരാജയപ്പെട്ടത്. പോയിന്റൊന്നുമില്ലാതെ ഇരു ടീമുകളും ഇപ്പോള്‍ മൂന്നും നാലും സ്ഥാനത്താണ്. ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ ഇരു ടീമുകള്‍ക്കും രണ്ടാം റൗണ്ടിനെ കുറിച്ച് ആലോചിക്കേണ്ടതുള്ളു. ഒന്നുകില്‍ ഇന്ന് ജയിക്കുന്ന ടീമിനും ജപ്പാന് സെനഗല്‍ മത്സരത്തില്‍ ജയിക്കുന്ന ഒരു ടീമിനുമായിരിക്കും ഗ്രൂപ്പ് എച്ചില് നിന്ന് രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റ് ലഭിക്കൂ. ആദ്യ മത്സരത്തില്‍ മധ്യനിരയിലുണ്ടായിരുന്ന പാളിച്ചകള്‍ ഒഴിവാക്കി മറ്റൊരു ഫോര്‍മേഷനിലായിരിക്കും കൊളംബിയ ഇന്ന് കളത്തിലിറങ്ങകു.
ജപ്പാനെതിരേയുള്ള കളിയില്‍ കൊളംബിയക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താന്‍ സാധിച്ചിരുന്നില്ല. കളിയുടെ തുടക്കത്തില്‍ തന്നെ ഒരു താരം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് ടീമിന് മുഴുവനായും പ്രതിരോധത്തിലേക്ക് പിന്‍വലിയേണ്ടി വന്നു.
ചിലപ്പോള്‍ മാത്രമാണ് ഫാല്‍കാവോയും റോഡ്രിഗ്രസും മുന്നേറ്റം നടത്തിയത്. കൂടുതല്‍ സമയവും ജപ്പാന് കൊളംബിയന്‍ ഗോള്‍ മുഖത്തായിരുന്നു. ഇന്നത്തെ മത്സരത്തില്‍ മികച്ച രീതിയിലുള്ള ഒരുക്കവുമായിട്ടാണ് ടീ പോരിനിറങ്ങുക. അതേസമയം, പോളണ്ടിനും ഇന്നത്തേത് ജീവന് മരണ പോരാട്ടമാണ്. ആദ്യ മത്സരത്തിലെ തോല്‍വിയാണ് പോളണ്ടിന്റെ രണ്ടാം മത്സരം സമ്മര്‍ദത്തിലാക്കുന്നത്. ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായതിനാല്‍ ഇന്ന് ലാറ്റിനമേരിക്കയും യൂറോപ്യന്‍ ശക്തിയും തമ്മിലുള്ള നല്ലൊരു പോരാട്ടം തന്നെ കാണാനാകും.
ലോകകപ്പില്‍ ആദ്യമായിട്ടാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ ഇതുവരെ അമേരിക്കന്‍ ടീമുകളുമായി ഏറ്റുമുട്ടിയപ്പോള്‍ പോളണ്ടിന് ജയിക്കാനായിട്ടില്ല. ചരിത്രങ്ങളെല്ലാം പോളണ്ടിനെതിരാണെങ്കിലും ഇന്ന് ജയത്തില്‍ കുറഞ്ഞതൊന്നും ടീം ആശിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."