വിദേശ വനിതയുടെ കൊലപാതകം; മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹതയെന്ന് ഭര്‍ത്താവ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും പൊലിസിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാന്‍. മൃതദേഹം ദഹിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊലപാതകത്തിനുശേഷം സംഭവിച്ചതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണ്. സംസ്‌കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു. കേസിലെ ദുരൂഹതകള്‍ മാറ്റാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജൂണ്‍ ആറിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആരെയെങ്കിലും മുന്നില്‍നിര്‍ത്തി കേസ് അവസാനിപ്പിക്കാനാണ് പൊലിസിന് താല്‍പര്യം. നിലവില്‍ പിടിയിലായവര്‍ യഥാര്‍ഥ പ്രതികളാണെന്ന് കരുതുന്നില്ല. കേസില്‍ അറസ്റ്റിലായവര്‍ക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയില്ല. ഇത്തരത്തിലുള്ളവരുടെ കൂടെ അവള്‍ പോയെന്നത് വിശ്വസിക്കാനാകില്ല. പരിചയമില്ലാത്തവരുമായി അവള്‍ ഇടപഴകാറില്ല. അവളെ ആരൊക്കെയോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ടല്‍ക്കാട്ടില്‍ ഉപേക്ഷിച്ചതാകാം. നീതി ലഭിച്ചില്ലെങ്കില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കും.
ബലാത്സംഗം നടന്നതായി കണ്ടെത്തിയിട്ടുപോലും മൃതദേഹം സംസ്‌കരിച്ചത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്. ഒരിക്കലും ഇത്തരം കേസുകളില്‍ കുടുംബക്കാര്‍ ആവശ്യപ്പെട്ടാല്‍പോലും മൃതദേഹം സംസ്‌കരിക്കാന്‍ പാടില്ലെന്ന് സര്‍ക്കാരിനും പൊലിസിനും അറിയാവുന്നതാണ്.
മൃതദേഹം ദഹിപ്പിക്കരുതെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ഡി.ജി.പിക്ക് നേരിട്ട് കൈമാറിയെങ്കിലും ഉത്തരവ് ഒപ്പിട്ട് വാങ്ങാന്‍ അദ്ദേഹം തയാറായില്ല. തുടര്‍ന്ന് 45 മിനിട്ടിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കാറില്ല. എന്നിട്ടും ദഹിപ്പിച്ചത് അന്വേഷണം അട്ടിമറിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ ഫോറന്‍സിക് റിപ്പോര്‍ട്ടിലോ മൃതദേഹത്തിന്റെ പഴക്കം പറയുന്നില്ല. കെമിക്കല്‍ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
കേസ് ഒതുക്കിത്തീര്‍ക്കാന്‍ ടൂറിസം വകുപ്പിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായി. കുറച്ച് പണം കൊടുത്ത് സഹോദരിയെ പറഞ്ഞയക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണ്. പൊലിസ് ഒരുകാര്യവും തന്നോട് പങ്കുവയ്ക്കാന്‍ തയാറായില്ല. തങ്ങളെ സഹായിക്കാന്‍ ശ്രമിച്ചവരെ അപമാനിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."