ഖുര്‍ആനുമായുള്ള സമാഗമം (9) പരിസ്ഥിതിയും മനുഷ്യനും
എന്തിനുവേണ്ടിയാണ് അല്ലാഹു മനുഷ്യകുലത്തെ ഭൂമിയിലേക്ക് സൃഷ്ടിച്ചയച്ചത്?. ഈ ചോദ്യത്തിനുള്ള ഉത്തരം മനുഷ്യകുലത്തിനെന്നല്ല മാലാഖമാര്‍ക്കും കൃത്യമായ ധാരണയില്ല. സൃഷ്ടിപ്പു സമയത്ത് മാലാഖമാര്‍ അല്ലാഹുവിനോട് ചോദിക്കുന്നത് അതാണല്ലോ. ഭൂമിയില്‍ അക്രമം പ്രവര്‍ത്തിക്കുന്ന ചോര ചിന്തുന്ന വര്‍ഗത്തെ എന്തിനാണ് സൃഷ്ടിക്കുന്നതെന്നാണ് മാലാഖമാര്‍ ചോദിക്കുന്നത്. ചോദ്യത്തിന് മറുപടിയായി അല്ലാഹു പറയുന്നത് നിങ്ങള്‍ക്കറിവില്ലാത്തത് എനിക്കറിയാമെന്നാണ്. മനുഷ്യ സൃഷ്ടിപ്പിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെങ്കിലും ഭൂമിയിലെ മനുഷ്യ കര്‍ത്തവ്യത്തെക്കുറിച്ചും സ്രഷ്ടാവായ അല്ലാഹു മനുഷ്യനില്‍ പ്രതീക്ഷിക്കുന്നതെന്താണെന്നും നമുക്കറിവുള്ളതാണ്. ഭൂമിയിലേക്ക് അയച്ച അല്ലാഹു തന്നെ ഫലപ്രാപ്തിക്കുവേണ്ടി മനുഷ്യനെ പരലോകത്തേക്ക് തിരിച്ചുവിളിക്കും.
അതുകൊണ്ട് ഭൂമിയില്‍ മനുഷ്യന്റെ കര്‍തൃത്വത്തിന്റെ അരുതും അരുതായ്മകളും നമുക്കറിയാവുന്നതാണ്. അതിനുവേണ്ടി കാലാനുക്രമം പ്രവാചകന്മാര്‍ വഴി മനുഷ്യകുലത്തിനിറങ്ങിയ വെളിപാടുകള്‍ നാം ശരിയാംവണ്ണം മനസ്സിലാക്കേണ്ടതുണ്ട്. ഇവ്വിഷയകമായി വ്യക്തമായ ചിത്രം ഖുര്‍ആന്‍ നല്‍കുന്നുണ്ട്. മനുഷ്യ ജീവിതാര്‍ത്ഥത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്രഷ്ടാവിനെ ബഹുമാനിക്കലും അവന്റെ ദൂതനു പിന്നില്‍ വഴിനടക്കലും പരിസ്ഥിതിയോടുള്ള സമീപനവും ഖുര്‍ആന്‍ വ്യക്തമായി സംസാരിക്കുന്നുണ്ട്. ഭൂമിയില്‍ മനുഷ്യന്റെ കര്‍തൃത്വം അല്ലാഹുവിന്റെ പ്രതിനിധാനമാണെന്ന് ഖുര്‍ആനില്‍ ഒരിടത്ത് അല്ലാഹു പറയുന്നുണ്ട്. മനസാ വാചാ കര്‍മണാ മനുഷ്യന്‍ അംഗീകരിക്കേണ്ട വസ്തുതയാണിത്. ഈ ഭുവന വാനലോകത്തിന്റെ അധിപന്‍ അല്ലാഹു മാത്രമാണ്. മനുഷ്യനിവിടെ ഭൂമിയില്‍ അതിന്റെ കൈകാര്യകര്‍ത്താക്കളാണെന്നു മാത്രം. ഭൂമിയില്‍ ആധിപത്യ ബോധമില്ലാതെ മനുഷ്യനേല്‍പിക്കപ്പെട്ട ചുമതലകള്‍ വളരെ ഭംഗിയായി നിര്‍വഹിക്കലാണ് ഭൂമയില്‍ മനുഷ്യന്റെ ദൗത്യം. അതിന് ഖുര്‍ആനിലൂടെ അല്ലാഹു നല്‍കുന്ന പാഠങ്ങള്‍ മനുഷ്യനെ നേര്‍ മാര്‍ഗത്തില്‍ വഴിനടത്തും.
ഖുര്‍ആനില്‍ അല്ലാഹു പറയുന്ന ഒരു വാക്യം നമുക്ക് പരിശോധിക്കാം. 'അതോ പ്രതിസന്ധിയിലകപ്പെട്ടവന്‍ പ്രര്‍ത്ഥിച്ചാല്‍ അവനു ഉത്തരമേകുകയും കഷ്ടപ്പാട് ദൂരീകരിക്കുകയും ഭൂമിയില്‍ നിങ്ങളെ പ്രിതിനിധികളാക്കുകയും ചെയ്യുന്നവനോ ഉദാത്തന്‍? അല്ലാഹുവൊന്നിച്ച് വേറെ ഏതെങ്കിലും ആരാധ്യന്‍ ഉണ്ടോ? വളരെക്കുറച്ചുമാത്രമേ നിങ്ങള്‍ ചിന്തിക്കുന്നുള്ളൂ (നംല് 62) മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുകയും ദുരിതങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും ഭൂമിയില്‍ മനുഷ്യനെ പ്രതിനിധിയാക്കുകയും ചെയ്ത അല്ലാഹുവിനെക്കുറിച്ചും അവന്റെ ഏകത്വത്തെക്കുറിച്ചുമാണ് അല്ലാഹു ഈ വാക്യത്തിലൂടെ മനുഷ്യനെ തെര്യപ്പെടുത്തുന്നത്. അതുകൊണ്ട് മനുഷ്യന്റെ അവലംബവും ആശ്രയവും അല്ലാഹുവായിരിക്കെ അവന്‍ സംവിധാനിച്ചുതന്ന പെരുമാറ്റസംഹിത മനുഷ്യന്‍ ജീവിതത്തില്‍ സ്വായത്തമാക്കേണ്ടതുണ്ട്.
അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങള്‍ നാമിവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്ന്, ഭൂലോകത്തിന്റെയും പരിസ്ഥിതിയുടെയും ഉടമസ്ഥന്‍ അല്ലാഹുവും മനുഷ്യനതിന്റെ കൈകാര്യകര്‍ത്താവും മാത്രമായിരിക്കെ അല്ലാഹു സംവിധാനിച്ചു സൃഷ്ടിച്ച പരിസ്ഥിതിയെയും അതിലെ ഘടനകളെയും മനുഷ്യന്‍ ബഹുമാനിക്കേണ്ടതുണ്ട്. പരിസ്ഥിതിയോടുള്ള ഈ ബഹുമാനം ആത്മീയ വൃത്തിയുടെയും ഭൗതിക പ്രതിബദ്ധതയുടെയും ഭാഗമാണ്. ഹൃത്തടം പരിസ്ഥിതിക്കു നേരെ തുറന്നുവെച്ചാല്‍ ഒരുപാട് ജ്ഞാനങ്ങള്‍ മനുഷ്യന് കൈവരാനുണ്ട്. മനുഷ്യനു നേരെ തുറന്നുവെച്ച പാഠപുസ്തകമാണ് പരിസ്ഥിതി. സ്രഷ്ടാവായ ഉടമസ്ഥന്‍ മനുഷ്യനെ അനുഗ്രഹിച്ചു നല്‍കിയ പാരിതോഷികം. പാരിതോഷകത്തോട് നാം സമീപിക്കുമ്പോള്‍ അതിന്റെ ദാതാവിനെ നാം നിരന്തരം സ്മരിക്കും, പ്രകീര്‍ത്തിക്കും. ഈ സ്മരണകള്‍ അല്ലാഹുവുമായുള്ള ആത്മീയ ബന്ധത്തില്‍ പുതിയ വാതായനങ്ങള്‍ നമുക്കു മുന്നില്‍ തുറക്കപ്പെടും. പ്രകൃതിയെയും പരിസ്ഥിതിയെയും ബഹുമാനിക്കല്‍ ചെറിയ ഉറുമ്പടക്കം അതിലെ മുഴുവന്‍ ജന്തു ജീവി വര്‍ഗത്തെയും ബഹുമാനിക്കലാണ്. ഭൂമണ്ണ് നാശം വരുത്താതെ പ്രകൃതിയെ തകര്‍ക്കാതെ വൃക്ഷങ്ങളെ പിഴുതെറിയാതെ പരിസ്ഥിതിയെ സംരക്ഷിച്ചാലെ ഭൂമിയിലെ മനുഷ്യന്റെ കര്‍തൃത്വം സാധുവാകൂ.
രണ്ട്, പരിസ്ഥിതിയെ അതിന്റെ തനതു രൂപത്തില്‍ മനുഷ്യന്‍ കല്‍പിക്കപ്പെട്ടതുപോലെ സംരക്ഷിച്ചു നിര്‍ത്താന്‍ മനുഷ്യര്‍ പരസ്പരം ഗുണദോഷിക്കുന്ന നടപടി നാം പ്രയോഗത്തില്‍ വരുത്തണം. ഖുര്‍ആനിലെ ധാര്‍മിക മൂല്യങ്ങള്‍ ഇതുവഴി സംവേദനം ചെയ്യാനും മനുഷ്യനിലുള്ള അല്ലാഹുവിന്റെ പ്രതിനിധാനം സാധുവാക്കാനും കഴിയൂ. മൂന്നാമത്തെ കാര്യം മനുഷ്യകുലത്തോടുള്ള മനുഷ്യന്റെ പ്രതിബദ്ധതയും ബന്ധവുമാണ്. സുസംഘടിതവും നീതിനിഷ്ഠവുമായാണ് ഈ ലോകം സംവിധാനിക്കപ്പെട്ടത്. തന്റെ മനുഷ്യ സഹോദരങ്ങളോടും മനുഷ്യന്റെ ബന്ധം നീതിനിഷ്ഠവും നീതിയുക്തവുമായിരിക്കണം. നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ക്കൊപ്പം, അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കൊപ്പം, ദരിദ്ര ജനവിഭാഗങ്ങള്‍ക്കൊപ്പം നാം തോളോട് ചേര്‍ന്നു നില്‍ക്കണം. അല്ലാഹുവിന്റെ പ്രതിനിധീകരണം നമ്മോടാവശ്യപ്പെടുന്ന പ്രതിബദ്ധത അതാണ്. പ്രപഞ്ചത്തോട് ആത്മീയ ബന്ധവും ബൗദ്ധിക ധാരണയും പരിസ്ഥിതിയോട് ശാസ്ത്രീയ ബന്ധവും നാം നേടിയെടുക്കണം. ധാര്‍മികതക്ക് പ്രചാരം നല്‍കുകയും മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയും വേണം.
മനുഷ്യകുലം ഏറ്റെടുത്ത ദൗത്യം തീരെ അപാരമാണെന്നു പറയുന്ന മറ്റൊരു വാക്യം കൂടി നമുക്ക് വായിക്കാം. 'ഭുവന വാനങ്ങള്‍ക്കും പര്‍വതങ്ങള്‍ക്കും മുമ്പാകെ ആ വിശ്വസ്ത ദൗത്യ നിര്‍വഹണച്ചുമതല നാം അവതരിപ്പിച്ചു. എന്നാല്‍ അതിനെപ്പറ്റി അവ ഭയപ്പെടുകയും ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയുമാണുണ്ടായത്. എന്നാല്‍ മനുഷ്യന്‍ ഏതേറ്റെടുത്തു. അവന്‍ വലിയ അതിക്രമിയും വിവേകശൂന്യനുമായിരിക്കുന്നു' (അഹ്‌സാബ് 72). മനുഷ്യനേറ്റെടുത്ത വിശ്വസ്ത ദൗത്യത്തിന്റെ കനമാണ് വാക്യം നമ്മെ ഓര്‍മപ്പെടുത്തുന്നത്. കാര്യ നിര്‍വഹണം അസാധ്യമാണെന്ന് ഭയന്ന് ഭുവന വാനലോകങ്ങളും പര്‍വതങ്ങളും ഏറ്റെടുക്കാന്‍ വിസമ്മതിച്ച വിശ്വസ്ത ദൗത്യമാണ് മനുഷ്യന്‍ അറിവില്ലായ്മ കാരണമോ അഹമ്മതി കാരണമോ ഏറ്റെടുത്തത്. ഖുര്‍ആന്‍ പറയുന്നതു പോലെ അല്ലാഹു നിര്‍ദേശിച്ച പെരുമാറ്റ സംഹിത പ്രവര്‍ത്തിപഥത്തിലെത്തിക്കലും ഭൂമിയില്‍ അല്ലാഹുവിന്റെ പ്രിതിനിധീകരണവും അത്ര അനായാസകരമല്ല.
എങ്കിലും മനുഷ്യകുലത്തിനു കിട്ടിയ ആദരവും മഹത്വവുമാണത്. അല്ലാഹുവിന്റെ പ്രതിനിധീകരണമെന്ന (ഖിലാഫത്) ചുമതല ആള്‍ബലം കൊണ്ടും അധികാരം കൊണ്ടും മുഷ്‌ക് കാണിക്കുന്ന രാഷ്ട്രീയ ഭാവനയല്ല. മറിച്ച് അല്ലാഹുവിന്റെ ഖിലാഫതെന്നാല്‍ ഒരു പ്രാപഞ്ചിക ആശയമാണ്. അല്ലാഹുവിന് സര്‍വാധിപത്യമുള്ള ലോകത്ത് മനുഷ്യര്‍ പരസ്പരം നീതിയും സ്വാതന്ത്ര്യവും അഭിമാനവും വകവെച്ചു നല്‍കുകയും പരസ്പരം ഗുണദോഷിക്കുകയും അല്ലാഹുവിന്റെ പെരുമാറ്റ സംഹിതക്കനുസൃതം പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കലുമാണത്. ഈ ആശയം പ്രയോഗവത്കരിക്കുമ്പോഴാണ് മനുഷ്യന്‍ പ്രതാപിയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."