ഹയര്‍സെക്കന്‍ഡറി ലയനം: റാങ്ക് ഹോള്‍ഡര്‍മാരും പ്രക്ഷോഭത്തിന്
കോഴിക്കോട്: ഹയര്‍സെക്കന്‍ഡറി ലയനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പ്രതിഷേധം ശക്തമായിരിക്കെ റാങ്ക് ഹോള്‍ഡര്‍മാരും സമരത്തിനിറങ്ങുന്നു. 2019 ജൂണില്‍ ലയനം യഥാര്‍ഥ്യമായാല്‍ ഇപ്പോള്‍ നിലവിലുള്ളതും ഉടന്‍ പ്രസിദ്ധീകരിക്കാനുള്ളതുമായ എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി (ജൂനിയര്‍) റാങ്ക് ലിസ്റ്റുകള്‍ അപ്രസക്തമാകാന്‍ സാധ്യതയുള്ളതാണ് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം ലയനം നടന്നാല്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള അധ്യാപക തസ്തികയുടെ പേര് പി.ജി ടീച്ചര്‍ എന്നായി മാറും. ഇതോടെ ഹൈസ്‌കൂളുകളില്‍ ഉള്ള അധ്യാപകര്‍ക്ക് ഹയര്‍ സെക്കന്‍ഡറിയിലും തിരിച്ചും ക്ലാസ് എടുക്കാന്‍ കഴിയുന്നതോടെ ഇപ്പോള്‍ വന്നതും വരാന്‍ പോകുന്നതുമായ എല്ലാം ലിസ്റ്റുകളും ഇല്ലാതാകാനാണ് സാധ്യത.
സര്‍വിസ് സംഘടനകളുടെ എതിര്‍പ്പും നിയമപ്രശ്‌നങ്ങളും മറികടന്ന് പുതിയ തസ്തികയുടെ സ്‌കെയില്‍ നിശ്ചയിച്ച്, അധ്യാപകരെ മുഴുവന്‍ പുനര്‍വിന്യസിച്ചതിനു ശേഷമായിരിക്കും പി.ജി ടീച്ചര്‍ തസ്തികയില്‍ ഒഴിവുണ്ടെങ്കില്‍ നിയമനം നടത്തുക. ഈ തസ്തികയിലേക്ക് പി.എസ്.സി നോട്ടിഫിക്കേഷന്‍ വിളിച്ച് പരീക്ഷ നടത്തി നിയമനം നടക്കണമെങ്കില്‍ മിനിമം 10 വര്‍ഷമെങ്കിലും വേണ്ടി വരും. ഇപ്പോള്‍ എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി ലിസ്റ്റുള്ള പലര്‍ക്കും ഈ പരീക്ഷക്ക് അപേക്ഷിക്കാന്‍ പ്രായപരിധി തടസമാകുന്നതോടെ നിരവധി പേരുടെ അധ്യാപക ജോലിയെന്ന സ്വപ്‌നമായിരിക്കും ഇല്ലാതാകുക.
പി.ജിയോ സെറ്റോ ഇല്ലാത്ത ഹൈസ്‌കൂള്‍ അധ്യാപകര്‍ ലയനത്തോടെ ഹയര്‍ സെക്കന്‍ഡറിയിലും ക്ലാസ് എടുക്കുന്നതോടെ പഠന നിലവാരത്തെ ബാധിക്കുമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഹൈസ്‌കൂളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എച്ച്.എസ്.എസ്.ടി എന്ന വലിയ തസ്തികയും ശമ്പളവും ലഭിക്കുമെങ്കിലും ഇത് ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണെന്നാണ് ആക്ഷേപം.
ഹയര്‍ സെക്കന്‍ഡറി ലയനവുമായി ബന്ധപ്പെട്ട ഖാദര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി അംഗീകരിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര തത്വത്തിന്ന് വിരുദ്ധമാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെന്നാണ് സംഘടനകളുടെ ആരോപണം. അധ്യാപകരുടെ യോഗ്യതാ മാനദണ്ഡങ്ങളിലുമുണ്ട് അശാസ്ത്രീയത. പ്രൈമറി തലത്തില്‍ അധ്യാപകരുടെ അടിസ്ഥാനയോഗ്യത ബിരുദമാവണമെന്ന് കേന്ദ്രം നിര്‍ദേശിക്കുമ്പോള്‍ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റും യോഗ്യതയുമുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ തരംതാഴ്ത്തുന്ന സാഹചര്യമാണ് ലയനത്തോടെ ഉണ്ടാകുകയെന്നാണ് ഈ മേഖലയിലെ അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."