ശശികലയുടെ താല്‍ക്കാലിക ഭാരവാഹിത്വം: തെര. കമ്മിഷന്‍ പരിശോധിക്കുന്നു
ചെന്നൈ: വ്യാപക ക്രമക്കേടുകളെ തുടര്‍ന്ന് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതിനു പിറകെ എ.ഐ.ഡി.എം.കെ ശശികല വിഭാഗത്തെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം.
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെയുടെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തതിന്റെ നിയമസാധുത കമ്മിഷന്‍ പരിശോധിക്കാന്‍ തീരുമാനിച്ചു.
മൂന്നു മാസത്തിനകം ശശികലയുടെ ഭാരവാഹിത്വത്തില്‍ കമ്മിഷന്‍ തീരുമാനമെടുക്കും. അതിനു ശേഷം മാത്രമേ ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി പ്രഖ്യാപിക്കുകയുള്ളൂവെന്നാണ് അറിയുന്നത്.
ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ വ്യാപകമായി വോട്ടിന് പണം വിതരണം ചെയ്തതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തെര. കമ്മിഷന്‍ ബുധനാഴ്ച നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ശശികല വിഭാഗമായ എ.ഐ.എ.ഡി.എം.കെ(അമ്മ)യുടെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ടി.ടി.വി ദിനകരന് വോട്ട് ചെയ്യാനായി ജനങ്ങള്‍ക്കിടയില്‍ 89 കോടിയോളം രൂപ വിതരണം ചെയ്തതായി ഇന്‍കം ടാക്‌സ് കണ്ടെത്തിയിരുന്നു.
ഇത്തരത്തില്‍ 35ഓളം സ്ഥലങ്ങളില്‍ സംസ്ഥാന ആരോഗ്യ മന്ത്രി സി. വിജയ്ഭാസ്‌കറിന്റേതുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."