ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ സി.ബി.ഐയെ ഉപയോഗിച്ച് കേന്ദ്രം ലക്ഷ്യമിടുന്നു: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജന്‍സികളായ സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) എന്നിവയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ്. ഈ ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കേന്ദ്രം ലക്ഷ്യമിടുകയാണെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് ആരോപിച്ചു.
വിഷയം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ്് ആവശ്യപ്പെട്ടു. ബി.ജെ.പി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും ബി.ജെ.പി ഇതര മുന്‍ മുഖ്യമന്ത്രിമാര്‍ക്കുമെതിരേ എന്‍ഫോഴ്‌സ്‌മെന്റിനേയും സി.ബി.ഐയെയും സര്‍ക്കാര്‍ നിയമവിരുദ്ധമായി ഉപയോഗിക്കുകയാണെന്ന് പറഞ്ഞ കോണ്‍ഗ്രസ്, വിഷയത്തില്‍ അടിയന്തര ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് സഭാചട്ടം 267 പ്രകാരം നോട്ടിസ് നല്‍കിയെങ്കിലും ഉപാധ്യക്ഷന്‍ അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളടക്കം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
ഇതോടെ, സഭാ നടപടികള്‍ 10 മിനിറ്റ് നേരത്തേക്ക് പിരിയുന്നതായി ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ അറിയിച്ചു. ഇന്നലെ സഭാ നടപടികള്‍ ആരംഭിച്ച ഉടനെ തന്നെ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിങ്ങിനെതിരേ ഇ.ഡി എടുത്ത കള്ളപ്പണ കേസ് കോണ്‍ഗ്രസ് രാജ്യസഭയില്‍ ഉയര്‍ത്തി.
കള്ളപ്പണം വെളുപ്പിക്കുന്ന ബി.ജെ.പി മുഖ്യമന്ത്രിമാരെ ഈ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അതേസമയം ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ എന്‍ഫോഴ്‌സ്‌മെന്റിനേയും സി.ബി.ഐയേയും ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചു. സ്വജനപക്ഷപാതം, കള്ളപ്പണക്കേസ്, അഴിമതി കേസുകള്‍ നേരിടുന്ന ബി.ജെ.പി മുഖ്യമന്ത്രിമാരെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി അധികാരത്തിലുള്ള മധ്യപ്രദേശില്‍ ഒരു ദിനപത്രത്തിന് അനുവദിച്ച ഭൂമി വാണിജ്യ ആവശ്യത്തിനായി മാറ്റിയ സംഭവവും ഹരിയാന സര്‍ക്കാര്‍ ഭാഭ രാംദേവിന്റെ പതഞ്ജലിക്ക് ഭൂമി അനുവദിച്ചതും ശര്‍മ്മ സഭയില്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് ഒരു നിയമവും അല്ലാത്ത സംസ്ഥാനങ്ങള്‍ക്ക് മറ്റൊരു നീതിയും നിയമവുമാണ് സി.ബി.ഐയും ഇ.ഡിയും നടപ്പാക്കുന്നതെന്നും അതു അനുവദിക്കാനാവില്ലെന്നും ശര്‍മ്മ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."