ആലപ്പുഴ സംവാദത്തില്‍ സമസ്തയോട് പരാജയം: മുജാഹിദില്‍ തര്‍ക്കം
കോഴിക്കോട്: തൗഹീദ് (ഏകദൈവ വിശ്വാസം), ശിര്‍ക്ക് (ബഹുദൈവാരാധന) എന്നീ വിഷയങ്ങളില്‍ സുന്നികളുമായി സംവാദം നടത്തി പരാജയപ്പെട്ടതിനെ ചൊല്ലി മുജാഹിദ് വിഭാഗങ്ങളില്‍ തര്‍ക്കം. കോഴിക്കോട്ടും ആലപ്പുഴയിലും സുന്നികളുമായി നടത്തിയ സംവാദം പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുജാഹിദ് ഔദ്യോഗിക ഗ്രൂപ്പിനെതിരേ മര്‍കസുദ്ദഅ്‌വ വിഭാഗം രംഗത്തെത്തി.
സുന്നി പക്ഷത്തിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമയും മുജാഹിദ് വിഭാഗത്തെ പ്രതിനീധികരിച്ച് കെ.എന്‍.എം മേഖലാ കമ്മിറ്റിയുമാണ് ആലപ്പുഴയില്‍ സംവാദം നടത്തിയത്. കോഴിക്കോട്ട് ഇസ്തിഖാമയുടെ ഇളം തലമുറയോട് പരാജയപ്പെട്ടതിന് പിന്നാലെ ആലപ്പുഴയിലും പൂര്‍ണ പരാജയം സമ്മതിക്കേണ്ടി വന്നതാണ് മുജാഹിദിന് നാണക്കേടുണ്ടാക്കിയത്. ആലപ്പുഴ സംവാദത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയവര്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന പ്രമേയവുമായി മര്‍കസുദ്ദഅ്‌വ വിഭാഗം ആലപ്പുഴയില്‍ ഇന്നലെ പൊതുപരിപാടി നടത്തി. വലിയകുളം മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ കെ.എന്‍.എം മര്‍കസുദ്ദഅ്‌വ സെക്രട്ടറി അബ്ദുല്‍ലത്തീഫ് കരുമ്പിലാക്കലാണ് പ്രസംഗിക്കാനെത്തിയത്. എന്നാല്‍ സംവാദത്തില്‍ മുജാഹിദ് പക്ഷം വിജയിച്ചുവെന്ന് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് മുജാഹിദ് ഔദ്യോഗിക വിഭാഗം മറു വിഭാഗത്തിന്റെ ആരോപണത്തെ നേരിടാന്‍ ശ്രമിക്കുകയാണ്.
2002 ലെ പിളര്‍പ്പിനു ശേഷം കെ.എന്‍എമ്മില്‍ കടന്നുകൂടിയ ആശയവ്യതിയാനമാണ് സംവാദത്തില്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് മുജാഹിദ് ഗ്രൂപ്പുകളിലെ ചര്‍ച്ച. അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോയി പഠനം നടത്തുന്നവര്‍ സുന്നി ആശയങ്ങളെ ശരിവയ്ക്കുകയാണെന്നാണ് വിമര്‍ശനം.
ഇങ്ങനെ പോയാല്‍ നദ്‌വത്തുല്‍ മുജാഹിദീന്‍ പിരിച്ചുവിടേണ്ട ആവശ്യം വരില്ലെന്നും അത് സമൂഹത്തില്‍ ലയിച്ചുപോകുമെന്നുമുള്ള ഉമര്‍ മൗലവിയുടെ ഓര്‍മകളുടെ തീരത്ത് എന്ന പുസ്തകത്തിലെ വരികളും സമസ്തയോട് തുടര്‍ച്ചയായി സംവാദത്തില്‍ പരാജയപ്പെടുന്നതിനെ വിമര്‍ശിച്ച് പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നു.
ആലപ്പുഴ സംവാദത്തില്‍ തൗഹീദ്, ശിര്‍ക്ക് വിഷയങ്ങളില്‍ സുന്നി വിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ തങ്ങളുടെ വാദങ്ങള്‍ക്ക് തെളിവ് ഉദ്ധരിക്കാനോ മുജാഹിദ് പക്ഷത്തിന് കഴിഞ്ഞിരുന്നില്ല. പ്രവാചകന്മാരില്‍നിന്ന് അഭൗതിക മാര്‍ഗത്തില്‍ ഗുണം പ്രതീക്ഷിക്കല്‍ പ്രാര്‍ഥനയാണെന്നും അത് ശിര്‍ക്കാണെന്നുമുള്ള വാദം സ്ഥിരീകരിക്കാന്‍ മുജാഹിദ് വിഭാഗത്തിന് സാധിച്ചിരുന്നില്ല.
കെ.എന്‍.എം സെക്രട്ടറിയും മുതിര്‍ന്ന പണ്ഡിതനുമായ എം. അബ്ദുറഹിമാന്‍ സലഫിയടക്കമുള്ളവര്‍ പങ്കെടുത്തിട്ടും സമസ്തയിലെ യുവനിരയോട് പരാജയപ്പെട്ടതില്‍ അണികള്‍ കടുത്ത വിമര്‍ശനമാണ് നേതൃത്വത്തിന് നേരെ ഉയര്‍ത്തുന്നത്. സുന്നി പക്ഷം നിരത്തിയ പല തെളിവുകളും തങ്ങള്‍ കണ്ടില്ലെന്നും പഠിച്ചിട്ട് പ്രതികരിക്കാമെന്നുമായിരുന്നു മുജാഹിദ് വിഭാഗത്തിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."