ഈജിപ്ത് ചര്‍ച്ച് ആക്രമണം: രാജ്യത്ത് മൂന്നു മാസത്തെ അടിയന്തരാവസ്ഥ
കെയ്റോ: ഓശാനപ്പെരുന്നാള് ചടങ്ങുകള്‍ക്കിടെ ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ ഐ.എസ് നടത്തിയ ഭീകരാക്രമണത്തില്‍ രാജ്യം അനുശോചിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഈജിപ്ത് സര്‍ക്കാര്‍ രാജ്യത്ത് മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ ഈജിപ്ഷ്യന്‍ നഗരമായ ടാന്റയിലെ സെന്റ് ജോര്‍ജ് കോപ്റ്റിക് ക്രിസ്ത്യന്‍ ചര്‍ച്ചിലും അലക്സാണ്ട്രിയയിലെ സെന്റ് മാര്‍ക് കോപ്റ്റിക് ഓര്‍ത്തഡോക്സ് കത്തീഡ്രലിലുമായി നടന്ന ഐ.എസ് ആക്രമണത്തില്‍ 43 പേര് കൊല്ലപ്പെടുകയും 100 ലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈമാസം അവസാനം ഫ്രാന്‍സിസ് മാര്‍പ്പാപ്പ രാജ്യം സന്ദര്‍ശിക്കാനിരിക്കെയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ മരംകൊണ്ടുള്ള ശവപ്പെട്ടികളിലാക്കി സെന്റ് മാര്‍ക് ചര്‍ച്ചിലെത്തിച്ചു മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ട നാല് മുസ്ലിം പൊലിസ് ഉദ്യോഗസ്ഥരുടെ ഖബറടക്ക ചടങ്ങുകള്‍ അല്‍ ബഹിറ പ്രവിശ്യയിലെ പള്ളിയിലും നടന്നു.
ആക്രമണത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഈജിപ്തില്‍ നടന്നത് ഭീരുത്വം നിറഞ്ഞ ഹീനകൃത്യമാണെന്ന് യു.എസ് രക്ഷാസമിതി വാര്‍ത്താകുറിപ്പിലൂടെ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."