ഓപ്പറേഷന്‍ അനാക്കോണ്ട: നേതൃത്വം നല്‍കിയത് ഐ.ജി നേരിട്ട്
വൈത്തിരി: ഓപ്പറേഷന്‍ അനാക്കോണ്ട എന്ന് പേരിട്ട മാവോയിസ്റ്റ് വേട്ട കാര്യക്ഷമമാക്കുന്നതിന് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ വയനാട് സന്ദര്‍ശിച്ചത് പല തവണ. മാവോയിസ്റ്റ് കബനീ ദളം നേതാവ് സി.പി ജലീല്‍ പൊലിസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട വൈത്തിരി ഉപവന്‍ റിസോര്‍ട്ടില്‍ മുന്‍പ് രണ്ടുതവണ ഐ.ജി എത്തിയിരുന്നു. ഒരു ദിവസം റിസോര്‍ട്ടില്‍ താമസിക്കുകയും പൊലിസ് സംഘത്തോടൊപ്പം മാവോയിസ്റ്റുകള്‍ ജനങ്ങളുമായി ഇടപഴകുന്ന ചില കേന്ദ്രങ്ങള്‍ പരിശോധിക്കുകയും ചെയ്തു. മലബാര്‍ കേന്ദ്രീകരിച്ച് നടക്കുന്ന മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം വൈത്തിരി, ലക്കിടി, പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സുഗന്ധഗിരി വനമേഖലയാണെന്ന് പൊലിസ് മൂന്ന് മാസം മുന്‍പ് മനസിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഐ.ജിയുടെ സന്ദര്‍ശനങ്ങള്‍.
ഐ.ജി ആദ്യമെത്തിയത് ഹവില്‍ദാര്‍ വി.വി വസന്തകുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച ദിവസമാണ്. ഉപവന്‍ റിസോര്‍ട്ടില്‍ പോയ ശേഷമാണ് മൃതദേഹം കാണാന്‍ ഐ.ജി അന്ന് എത്തിയത്. കൂടുതല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അന്ന് ലക്കിടിയില്‍ ഉണ്ടായിരുന്നു. സമീപത്തെ ആളുകളുമായി മാവോയിസ്റ്റുകള്‍ക്ക് നല്ല ബന്ധമുണ്ടെന്നും ചിലരുമായി അവര്‍ സൗഹൃദത്തിലാണെന്നും തിരിച്ചറിഞ്ഞത് അതിന് ശേഷമാണ്. വസന്തകുമാറിന്റെ മൃതദേഹം കൊണ്ടുവന്ന അന്ന് റിസോര്‍ട്ടില്‍ മൂന്ന് മണിക്കൂറോളം ഐ.ജി തങ്ങിയിട്ടുണ്ട്. പിന്നീട് ഒരാഴ്ച മുന്‍പും ഐ.ജി ഇവിടെയെത്തിയിരുന്നു.
ഓപ്പറേഷന്‍ അനാക്കോണ്ടയുടെ ഭാഗമായി വൈത്തിരിയിലെത്തിയ ഐ.ജി ആന്റി നക്‌സല്‍ സ്‌ക്വാഡ്, തണ്ടര്‍ബോള്‍ട്ട്, പൊലിസ് എന്നിവരോടൊത്ത് സുഗന്ധഗിരി വനമേഖലയില്‍ തിരച്ചില്‍ നടത്താനുമുണ്ടായിരുന്നു. ഓപ്പറേഷന്‍ അനാക്കോണ്ട സജീവമാക്കാന്‍ അതിന് ശേഷം കൂടുതല്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഐ.ജി ഇവിടേക്ക് നിയോഗിച്ചിരുന്നുവെന്നുമാണ് സൂചന. പൊലിസിന്റെ ഈ നീക്കങ്ങള്‍ അറിയാതെയാവാം മാവോയിസ്റ്റുകള്‍ വീണ്ടും കാടിറങ്ങിയിട്ടുണ്ടാവുക. ഇതാണ് പൊലിസുമായുണ്ടായ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നും വിലയിരുത്തപ്പെടുന്നു.
ജലീലിന്റെ മൃതദേഹം വിട്ടുകൊടുത്തത്
കര്‍ശന വ്യവസ്ഥകളോടെ
മഞ്ചേരി:വയനാട്ടില്‍ പൊലിസിന്റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് സി.പി ജലീലിന്റെ മൃതദേഹം പൊലിസ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത് കര്‍ശന വ്യവസ്ഥകളോടെ. യാത്രാമധ്യേ ആംബുലന്‍സ് എവിടെയും നിര്‍ത്തി മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കരുതെന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് പൊലിസ് മുന്നോട്ടുവച്ചത്. മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിനെ പൊലിസും തണ്ടര്‍ബോള്‍ട്ടും അനുഗമിച്ചു.
മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ 8.45ന് തുടങ്ങിയ പോസ്റ്റുമോര്‍ട്ടം നാലു മണിക്കൂര്‍ നീണ്ട് 12.45നാണ് അവസാനിച്ചത്. വന്‍ പൊലിസ് സംഘം ഇവിടെയും സുരക്ഷ ഒരുക്കിയിരുന്നു. ഫോറന്‍സിക് സര്‍ജന്‍ ഡോ. പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
സി.പി ജലീലിന് അന്ത്യാഞ്ജലിയര്‍പ്പിച്ചുകൊണ്ട് ബാനര്‍ എഴുതിയ ആംബുലന്‍സിലാണ് മൃതദേഹം ജന്മനാടായ പാണ്ടിക്കാട്ടേക്ക് കൊണ്ടുപോയത്. മൃതദേഹം ആംബുലന്‍സില്‍ കയറ്റിയപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ മൃതദേഹം പാണ്ടിക്കാട് വളരാടുള്ള വീട്ടിലെത്തിച്ചു. നാലുമണിവരെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. നാട്ടുകാരും വിവിധ സംസ്ഥാനങ്ങളില്‍നിന്നുമെത്തിയ മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകരുമടക്കം നൂറു കണക്കിനാളുകള്‍ ജലീലിനു അന്തിമോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു. വിവിധ ഭാഷകളിലുള്ള മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തിനു അന്ത്യയാത്ര ചൊല്ലിയത്.
വര്‍ഷങ്ങള്‍ക്ക് മുന്നേ വീടു വിട്ടിറങ്ങിയ ജലീലിന്റെ നിശ്ചലശരീരം കണ്ട് മാതാവും സഹോദരിമാരും ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിക്കരഞ്ഞു.
ഒളിവിലുള്ള മൂത്ത സഹോദരന്‍ സി.പി.മൊയ്തീനും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലുള്ള സഹോദരന്‍ സി.പി ഇസ്മാഈലിനും ജലീലിനെ അവസാനമായി ഒന്നു കാണാന്‍ പോലും സാധിച്ചില്ല.
മനുഷ്യാവകാശ പ്രവര്‍ത്തകനായ മറ്റൊരു സഹോദരന്‍ സി.പി റഷീദും, അന്‍സാറും ഇളയ സഹോദരന്‍ സി.പി ജിഷാദും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. ഗ്രോ വാസു, എം.എന്‍ രാവുണ്ണി, അഡ്വ.പി.എ. പൗരന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
വെടിയേറ്റ രണ്ടാമന്‍ ഇപ്പോഴും കാണാമറയത്ത്
വൈത്തിരി: റിസോര്‍ട്ടിലുണ്ടായ വെടിവയ്പിനിടെ പരുക്കേറ്റെന്ന് പറയപ്പെടുന്ന മാവോയിസ്റ്റ് ഇന്നലെയും കാണാമറയത്ത്. ഇയാള്‍ക്കായി വ്യാഴാഴ്ച മുഴുവന്‍ തണ്ടര്‍ബോള്‍ട്ട് സമീപത്തെ വനത്തില്‍ തിരച്ചില്‍ നടത്തുകയും ജില്ലയിലെയും അയല്‍ജില്ലകളിലെയും ആശുപത്രികളിലടക്കം നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്‌തെങ്കിലും ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. എന്നാല്‍ ഇയാള്‍ പൊലിസ് കസ്റ്റഡിയില്‍ തന്നെ ഉണ്ടെന്നുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
അതേസമയം സംഭവ ദിവസം രാത്രി 12.30ഓടെ കാട്ടിനുള്ളില്‍നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍ കേട്ടുവെന്നും അതിനുശേഷം ഒരു വാഹനം റോഡില്‍നിന്ന് പുറപ്പെടുന്ന ശബ്ദം കേട്ടുവെന്നും റിസോര്‍ട്ടിന് സമീപത്തുള്ളവര്‍ പറയുന്നുണ്ട്. വ്യാഴാഴ്ച പരിശോധന നടത്തിയ പൊലിസ് നായ രക്തം വാര്‍ന്ന് കിടന്ന സ്ഥലത്തുകൂടി നടന്ന് സമീപത്തെ തേയില തോട്ടത്തിനരികില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ കയറി റോഡിലേക്കിറങ്ങിയിരുന്നു. പരുക്കേറ്റ മാവോയിസ്റ്റിനെ വാഹനത്തില്‍ കൊണ്ടുപോയി എന്ന വാദം ശരിവയ്ക്കുന്നതിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.
പൊലിസ് നടപടിയില്‍ ദുരൂഹത
കല്‍പ്പറ്റ: പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ വയനാട് ലക്കിടിയിലെ സ്വകാര്യ റിസോര്‍ട്ടിലുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. പൊലിസ് വെടിവയ്പില്‍ ജലീല്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉന്നയിച്ച ആരോപണങ്ങളാണ് പൊലിസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നുള്ള സംശയത്തിന് ഇടയാക്കുന്നത്.
മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിലെത്തുന്നതിന്റെയും പണം ആവശ്യപ്പെടുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിട്ട പൊലിസ് മാവോയിസ്റ്റുകള്‍ നടത്തിയെന്ന് പറയുന്ന വെടിവയ്പിന്റെ ഫൂട്ടേജ് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നാണ് സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉന്നയിക്കുന്ന പ്രധാന ചോദ്യം. വെടിവയ്പ് നടന്നത് രാത്രിയിലാണെങ്കിലും റിസോര്‍ട്ടില്‍ തന്നെയുണ്ടായിരുന്ന മൃതദേഹം കണ്ടെത്തുന്നത് പിറ്റേന്ന് പുലര്‍ച്ചെ നാലോടെയാണെന്നും ഇവര്‍ ആരോപിക്കുന്നു.
വെടിയേറ്റെന്ന് നേരത്തേ കണ്ടെത്തിയിട്ടും ജലീലിന് ചികിത്സ നിഷേധിച്ചതാണോ എന്നുള്ള ആരോപണവും പൊലിസിനുനേരെ ഉയരുന്നുണ്ട്. സഹോദരനെ മൃതദേഹം കാണിക്കുന്നതിന് ആദ്യം വിലക്കേര്‍പ്പെടുത്തിയതെന്തിനെന്നും ഇവര്‍ ചോദിക്കുന്നു. സാധാരണ മാവോയിസ്റ്റുകളിലെ പ്രചാരണ, സൈനിക സ്‌ക്വാഡുകള്‍ ധരിക്കുന്ന വസ്ത്രമല്ല ജലീല്‍ ധരിച്ചിരിക്കുന്നത്. കൂടെയുണ്ടായിരുന്ന മാവോയിസ്റ്റുകളെക്കുറിച്ചും പൊലിസ് മൗനം പാലിക്കുകയാണ്.
അതേസമയം, തങ്ങള്‍ പൊലിസില്‍ വിവരമറിയിച്ചിരുന്നില്ലെന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നത്. ജീവനക്കാര്‍ വിവരമറിയിക്കാതെ പിന്നെ എങ്ങനെയാണ് ആയുധധാരികളായ തണ്ടര്‍ബോള്‍ട്ട് സംഘം ഉടനടി റിസോര്‍ട്ടിലെത്തിയതെന്നും ഇവര്‍ ചോദിക്കുന്നു. 2018 സെപ്റ്റംബര്‍ 26ന് ഉപവന്‍ റിസോര്‍ട്ടിന് സമീപത്തെ വെറ്ററിനറി യൂനിവേഴ്‌സിറ്റി കവാടത്തിലെത്തിയ മാവോയിസ്റ്റുകളെക്കുറിച്ചുള്ള അന്വേഷണം എവിടെയെത്തിയെന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."