വിഷ പച്ചക്കറികള്‍ കണ്ടെത്താന്‍ സ്‌ക്വാഡ് രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളും രാസവസ്തുക്കളും അമിതമായ അളവില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാതലത്തില്‍ സ്‌പെഷ്യല്‍ ഫുഡ് സേഫ്റ്റി സ്‌ക്വാഡുകള്‍ ഉടന്‍ രൂപീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിലുള്ള സ്‌പെഷ്യല്‍ ഫുഡ് സേഫ്റ്റി സ്‌ക്വാഡും ജില്ലാതല സ്‌പെഷ്യല്‍ ഫുഡ് സേഫ്റ്റി സ്‌ക്വാഡും അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
ഭക്ഷ്യവസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗം ഇല്ലാതാക്കുന്നതിന് ചെക്ക് പോസ്റ്റുകളില്‍ നടത്തുന്ന പരിശോധനകള്‍ തുടരണമെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷ, കൃഷി വകുപ്പുകളില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കളുടെ സാംപിളുകള്‍ ശേഖരിച്ച് അനലിറ്റിക്കല്‍ ലാബില്‍ പരിശോധന നടത്താറുണ്ടെന്നും വിവരം മാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാറുണ്ടെന്നും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധനാഫലം പ്രസിദ്ധീകരിക്കാറുണ്ട്. വിഷാംശമുള്ള പച്ചക്കറികളുടെ വിപണനം തടയാന്‍ ഭക്ഷ്യസുരക്ഷാവകുപ്പിന് പരിശോധനാ ഫലം കൈമാറും.
കീടനാശിനികളുടെ അംശം കണ്ടെത്തിയ സംഭവത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ട്. അമിതമായ കീടനാശിനി പ്രയോഗത്തിനെതിരേ ഇതര സംസ്ഥാനത്തിലെ കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. വിഷരഹിത നാടന്‍ പച്ചക്കറികള്‍ സുലഭമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.
ഇതര സംസ്ഥാന പഴം, പച്ചക്കറികള്‍ പരിശോധിക്കാന്‍ സ്‌പെഷ്യല്‍ ഫുഡ് സേഫ്റ്റി സ്‌ക്വാഡിന് രൂപം നല്‍കിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷനെ അറിയിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള പഴം, പച്ചക്കറി വ്യാപാരികളുടെ വിവരങ്ങളും അവരുടെ ലൈസന്‍സ് സംബന്ധമായ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവര്‍ എവിടെ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതെന്ന വിവരവും ശേഖരിക്കുന്നുണ്ട്. ചെക്ക്‌പോസ്റ്റുകളില്‍ നിന്നുതന്നെ സാംപിള്‍ ശേഖരിച്ച് പരിശോധനക്ക് ബന്ധപ്പെട്ട അനലിറ്റിക്കല്‍ ലാബുകളെ ഏല്‍പ്പിക്കാറുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പഴങ്ങളിലും പച്ചക്കറികളിലുമടക്കമുള്ള കീടനാശിനികള്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു. രോഗവിമുക്തിയും ആരോഗ്യകരവുമായ ജീവിതവും ഓരോ പൗരന്റെയും അടിസ്ഥാന മനുഷ്യാവകാശമാണ്.
അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതിനായി ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ദുരന്തമുണ്ടായി കഴിഞ്ഞ് നടപടിയെടുക്കുന്നതിലും അഭികാമ്യം ദുരന്തസാധ്യത ഇല്ലാതാക്കുകയാണ്. നിയമങ്ങളുടെ അപര്യാപ്തതയല്ല, നിയമങ്ങള്‍ നടപ്പാക്കാന്‍ വരുന്ന തടസവും വിമുഖതയുമാണ് ആപത്തുകള്‍ക്കും ദുരന്തങ്ങള്‍ക്കും കാരണമാകുന്നതെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകരായ തമ്പി സുബ്രഹ്മണ്യന്‍, ഡോ. സജീവ് ഭാസ്‌കര്‍, കവടിയാര്‍ ഹരികുമാര്‍ എന്നിവരാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."