ബോസ്ഫറസിന്റെ തീരങ്ങളില്‍
കുര്‍ദിസ്താന്‍ തലസ്ഥാനമായ എര്‍ബിലില്‍നിന്നു രണ്ടു മണിക്കൂര്‍ വിമാനമാര്‍ഗം യാത്ര ചെയ്താണു കുടുംബസമേതം ഇസ്താംബൂളിലെത്തിയത്. ആറു ഡിഗ്രി തണുപ്പുണ്ട് പുറത്തെന്ന് ഇറങ്ങാനായപ്പോള്‍ വിമാനത്തില്‍ അനൗണ്‍സ്‌മെന്റ് ചെയ്യുന്നതു കേട്ടു. തണുപ്പിനു വേണ്ട വസ്ത്രങ്ങള്‍ കരുതിയിരുന്നു. ഫ്‌ളൈറ്റിലെ ലഘുഭക്ഷണം കഴിച്ചു തീരുമ്പോഴേക്കും ഇസ്താംബൂള്‍ അതാതുര്‍ക്ക് വിമാനത്താവളത്തില്‍ എത്തിയതായി അറിയിപ്പുണ്ടായി. എമിഗ്രേഷന്‍ നടപടികള്‍ വേഗം കഴിഞ്ഞു. ബാഗേജ് വഹിക്കാന്‍ ട്രോളി വേണമെങ്കില്‍ രണ്ടു ലിറ (ഏകദേശം 28 രൂപ) കൊടുക്കണം. കുറച്ചു പണം തുര്‍ക്കിഷ് ലിറയിലേക്കു മാറ്റിവച്ചിരുന്നു. അഞ്ചു ലിറയുടെ ഒരു നോട്ടു കൊടുത്ത് ബാക്കി ചില്ലറ വാങ്ങി. ബാഗേജും കുട്ടികളുടെ സ്‌ട്രോളറും വേഗം ലഭിച്ചു.
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. പുറത്തിറങ്ങി ടാക്‌സിക്കാരോട് ബുക് ചെയ്ത ഹോട്ടലിലേക്ക് എത്രയാവുമെന്നു ചോദിച്ചു ചോദിച്ചു മൂന്നാമത്തെ ടാക്‌സി ഉറപ്പിച്ചു. അര മണിക്കൂറുണ്ട് ഹോട്ടലിലെത്താന്‍. ഇസ്താംബൂള്‍ നഗരത്തിലെ തിരക്കുപിടിച്ച നഗരത്തിലൂടെ ഹോട്ടലിലേക്കു ടാക്‌സിയില്‍ ഒരു യാത്ര. ടാക്‌സിക്കാരന്‍ അവിടെത്തന്നെ എത്തിക്കില്ലേ എന്ന ഒരങ്കലാപ്പ് ഉള്ളിലുണ്ടായിരുന്നെങ്കിലും പുറത്തു കാണിച്ചില്ല. ഇരുവശങ്ങളിലും കൂറ്റന്‍ കെട്ടിടങ്ങള്‍, കുറെ പ്രശസ്തമായ ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍, ഫ്‌ളൈ ഓവറുകള്‍, പാലങ്ങള്‍, പൈതൃക നഗരത്തിലെ ജനനിബിഡമായ ഒട്ടേറെ കാഴ്ചകള്‍ കണ്‍കുളിര്‍ക്കെ കാണുമ്പോഴേക്കും ഹോട്ടലിനു മുന്നിലെത്തി. ഹോട്ടല്‍ ജീവനക്കാരുടെ ഹൃദയംഗമമായ സ്വീകരണത്തില്‍ ഒരു രാത്രി.
ഉസ്മാനിയ, ബൈസന്റൈന്‍ എന്നീ രണ്ടു സാമ്രാജ്യങ്ങളുടെ തലസ്ഥാനമായിരുന്ന ഇസ്താംബൂള്‍ ഒട്ടേറെ തവണ സന്ദര്‍ശിച്ചാലും മടുപ്പുവരാത്ത സാംസ്‌കാരികകേന്ദ്രവും പൈതൃകനഗരിയുമാണ്. രണ്ടു ഭൂഖണ്ഡങ്ങള്‍ (യൂറോപ്പും ഏഷ്യയും) കൂട്ടിമുട്ടുന്ന ലോകത്തെ ഏക സ്ഥലവുമിതാണ്. ഇസ്താംബൂള്‍ നഗരത്തിലെ ബോസ്ഫറസ് പാലത്തിനു മുകളിലൂടെയോ അതല്ലെങ്കില്‍ കടലിലൂടെ ബോട്ടുമാര്‍ഗമോ യാത്ര ചെയ്യുമ്പോള്‍ ഭൂഖണ്ഡങ്ങള്‍ മുറിച്ചുകടക്കുകയാണെന്നു തോന്നുകയില്ല. 7,000ത്തോളം കി.മി തീരപ്രദേശമുള്ള തുര്‍ക്കിയിലെ വിവിധങ്ങളായ ഭൂപ്രകൃതിയില്‍ പരന്നുകിടക്കുന്ന എറ്റവും വലിയ നഗരമാണ് ഇസ്താംബൂള്‍. ഒരവധിക്കാലം ചെലവഴിക്കാന്‍ എന്തുകൊണ്ടും പറ്റിയ സ്ഥലമാണിതെന്ന് ഉറപ്പിക്കാന്‍ അധികസമയം വേണ്ടിവന്നില്ല. എല്ലാം ഒത്തിണങ്ങിയ നഗരം. കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ വിശാലമായ ബീച്ച്. ഇരുവശങ്ങളിലുമുള്ള പ്രത്യേക പാതകളില്‍ ആളുകള്‍ നടക്കുന്നുണ്ട്. ചിലര്‍ ഓടുന്നുണ്ട്. ശാന്തസുന്ദരമായ അന്തരീക്ഷം. പൈതൃകനഗരിക്കൊത്തിണങ്ങിയ പ്രകൃതിഭംഗി.
പിറ്റേന്നു പ്രഭാതഭക്ഷണം കഴിച്ചു വേഗം പുറത്തേക്കിറങ്ങാന്‍ റെഡിയായി. കാസര്‍കോട് പടന്ന സ്വദേശിയും ഇസ്താംബൂള്‍ യൂനിവേഴ്‌സിറ്റി പിഎച്ച്.ഡി വിദ്യാര്‍ഥിയുമായ ഫഹദ് അലിയെ ഞങ്ങളുടെ യാത്രയില്‍ കൂടെക്കൂട്ടി. ഒന്നിച്ചുള്ള സഞ്ചാരത്തിലൂടെ അദ്ദേഹം വളരെ അടുത്ത സുഹൃത്തായി മാറി. രണ്ടുവര്‍ഷത്തെ പരിചയത്തില്‍ ഫഹദിന് ഇസ്താംബൂള്‍ നഗരം നാടുപോലെ വഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ക്കു കാണേണ്ട സ്ഥലങ്ങള്‍ ഓരോന്നിന്റെയും സമയംസഹിതം ഫഹദ് ഒരു ഐഡിയ തന്നു. താമസിക്കുന്ന ഹോട്ടലിന്റെ വളരെ അടുത്തായതിനാല്‍ ആദ്യം സന്ദര്‍ശിച്ചത് ടോപ്കാപ്പി പാലസായിരുന്നു. നാഗരികതയുടെ പഴമയും പ്രതാപവുമെല്ലാം വിളിച്ചോതുന്ന രണ്ടു പൈതൃകക്കാഴ്ചകള്‍ കാണാനാണു പിന്നീടു പോയത്. ഇസ്താംബൂള്‍ നഗരത്തിന്റെ പ്രൗഢി വിളിച്ചറിയിക്കുന്നതാണു ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സുല്‍ത്താന്‍ അഹ്മദ് പള്ളി സമുച്ഛയവും ഹാഗിയ സോഫിയയും.
ഉദിച്ചുനില്‍ക്കുന്ന നാഗരികത
ഭീമാകാരമായ ഒരു പള്ളിയെ ഇത്ര ഭംഗിയായി കല്ലില്‍ കൊത്തിയെടുക്കാനാവുമോ എന്നാണു സുല്‍ത്താന്‍ അഹ്മദിന്റെ ആദ്യ കാഴ്ചയില്‍ തോന്നിയത്. ചരിത്രപ്രധാനമായ ഈ പള്ളി സമുച്ഛയം ബ്ലൂ മോസ്‌ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. രൂപകല്‍പ്പനയില്‍ പള്ളിക്കു ചുറ്റും നീല നിറത്തിലുള്ള മാര്‍ബിളും ടൈലും ഉപയോഗിച്ചതിനാലാണത്രെ ബ്ലൂ മോസ്‌ക് എന്ന പേരു വന്നത്.
സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ചരിത്രം ഉണര്‍ന്നിരിക്കുന്ന ഈ ആരാധനാലയത്തിനുണ്ട്. 1609നും 1616നും ഇടയില്‍ സുല്‍ത്താന്‍ അഹ്മദ് ഒന്നാമന്‍ പണികഴിപ്പിച്ച പള്ളിയുടെ ശില്‍പചാതുരി ആരെയും അതിശയിപ്പിക്കുന്നതാണ്. നാട്ടുകാരും യാത്രക്കാരും സാധാരണ പോലെ ആരാധനയ്‌ക്കെത്തി നിസ്‌കാരം നിര്‍വഹിക്കുമ്പോഴും മതജാതി ഭേദമെന്യേ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിനു പേര്‍ പള്ളിക്കകത്തു സന്ദര്‍ശകരായി എത്തുന്നുവെന്നതാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. നിസ്‌കാരം മുടങ്ങാതെ സന്ദര്‍ശകരെ നിലനിര്‍ത്താന്‍ ഭരണകൂടവും ശ്രദ്ധിച്ചുപോരുന്നുണ്ട്.
പള്ളിയോടു ചേര്‍ന്ന സുല്‍ത്താന്‍ അഹ്മദ് എന്ന ഭരണാധികാരിയുടെ ഖബറിടവും വഴിയമ്പലവും മതപഠന കേന്ദ്രവുമുണ്ട്. വഴിയമ്പലത്തില്‍ വിശ്രമിച്ചുകൊണ്ടിരുന്ന ഒരു ഫ്രഞ്ചുകാരനെയും സന്ദര്‍ശകകേന്ദ്രത്തിലെ ഒരു ജീവനക്കാരനെയും പരിചയപ്പെട്ടു. ഫ്രഞ്ചുകാരന്‍ ഇത് അഞ്ചാം തവണയാണ് ഇസ്താംബൂള്‍ സന്ദര്‍ശിക്കുന്നത്. സുല്‍ത്താന്‍ അഹ്മദ് അദ്ദേഹത്തിനു വ്യത്യസ്തമായ അനുഭൂതി പകരുന്നുവത്രെ. രാവും പകലും സ്ത്രീകളും പുരുഷന്മാരും ഇവിടെ വന്ന് ഈ ചരിത്രസ്മാരകം അനുഭവിച്ചു പോകുന്നത് തുര്‍ക്കിക്കുള്ള അംഗീകാരമായി അവിടുത്തെ ജീവനക്കാരന്‍ ഞങ്ങളോടു പറഞ്ഞു. എന്തുകൊണ്ടാണു നിങ്ങള്‍ സുല്‍ത്താന്‍ അഹ്മദിന്റെ ഖബറിടത്തിനു വലിയ പ്രാധാന്യം കൊടുക്കാത്തതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം ഭരണാധികാരി മാത്രമായിരുന്നുവെന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞു.
പള്ളിയുടെ പടിഞ്ഞാറു ഭാഗത്തു കൂടിയാണു പള്ളിയില്‍ സന്ദര്‍ശകരായെത്തുന്നവര്‍ പ്രവേശിക്കേണ്ടത്. നീണ്ടനിരയില്‍ സന്ദര്‍ശകര്‍ നില്‍പ്പുണ്ടെങ്കിലും ക്യൂ വേഗം നീങ്ങുന്നുണ്ട്. സ്ത്രീകള്‍ വരിയായി പള്ളിയോടു ചേര്‍ന്ന ഓഫിസിനടുത്ത് എത്തുമ്പോള്‍ തലയും ശരീരഭാഗങ്ങളും മറക്കാനുള്ള ഒരു വസ്ത്രം ലഭിക്കും. അതു ധരിച്ചാണ് പള്ളിയിലേക്കു പ്രവേശിക്കേണ്ടത്. കുറച്ചുകൂടി മുന്നോട്ടുനീങ്ങിയാല്‍ പ്ലാസ്റ്റിക് കവറുകള്‍ കൂട്ടിവച്ചിട്ടുണ്ട്. പാദുകങ്ങള്‍ അതിലിട്ടു കൈയില്‍ തന്നെ പിടിച്ചു മുന്നോട്ടുപോകാവുന്നതാണ്. പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ പ്രത്യേകമായ ആത്മീയാനുഭൂതിയുണ്ടായി. എന്നാല്‍ സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്നത് അതിനുള്ളിലെ ശില്‍പചാതുരി തന്നെയാണ്. നീല നിറത്തിലുള്ള മാര്‍ബിളിന്റെയും ടൈലിന്റെയും തിളക്കം അത്ര പഴയതാണെന്നു തോന്നിക്കുന്നില്ല. ഈ പള്ളി നിര്‍മിച്ച ശേഷം പിന്നീട് പുനര്‍നിര്‍മിച്ചിട്ടില്ല എന്നാണു സുഹൃത്ത് ഫഹദ് പറഞ്ഞുതന്നത്. പള്ളിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ എട്ട് വാല്യമുള്ള ഗ്രന്ഥമായി ടോപ്കാപി പാലസ് മ്യൂസിയത്തിലെ ലൈബ്രറിയിലുണ്ടെന്നും ഫഹദ് വിശദീകരിച്ചു. പിന്നീട് ഞങ്ങള്‍ ടോപ്കാപി കാണാനായി പോയെങ്കിലും സമയം വൈകിയതിനാല്‍ പ്രവേശനം ലഭിച്ചില്ല. സിദഫ്ഫര്‍ മുഹമ്മദ് ആഗാ എന്നയാളാണ് പള്ളിയുടെ ചുമതലയേറ്റെടുത്ത ശില്‍പിയെന്നാണു പള്ളിയുടെ ചരിത്രം പറയുന്നത്.
നിര്‍മാണത്തിനു നാല്‍പതു വര്‍ഷത്തിലധികമെടുത്ത ചക്രവര്‍ത്തിമാരുടെ പള്ളികളെന്നു ഖ്യാതികേട്ട ലോകത്തെ ആദ്യ പള്ളിയാണ് ഇന്നു ലോകത്ത് അറിയപ്പെട്ട ചരിത്രസ്മാരകങ്ങളിലൊന്നായ സുല്‍ത്താന്‍ അഹ്മദ് മസ്ജിദ് എന്ന ബ്ലൂ മോസ്‌ക്. അന്നു കൂടുതല്‍ ആളുകള്‍ ആരാധിച്ചിരുന്ന ഹാഗിയ സോഫിയക്ക് (മുന്‍പ് അതു പള്ളിയായിരുന്നു) മുന്നില്‍ തന്നെയായതിനാല്‍ അവ രണ്ടും ചേര്‍ന്ന് ഇസ്താംബൂള്‍ നഗരത്തിന്റെ മാറ്റുകൂട്ടുകയും ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു സന്ദര്‍ശകര്‍ ഒഴുകിയെത്തുകയുമായിരുന്നു. ഉയരത്തില്‍ പരന്നുകിടക്കുന്ന ഒരു താഴികക്കുടവും ആറു മിനാരങ്ങളും എട്ടു ചെറിയ താഴികക്കുടങ്ങളുമാണു പള്ളിയുടെ പുറംകാഴ്ചയില്‍ വിളങ്ങിനില്‍ക്കുന്നത്. അകത്തുവന്നാല്‍ മുന്നില്‍ തിളങ്ങുന്ന അറബിക് കലിഗ്രാഫിയില്‍ കൊത്തിവച്ച ഖുര്‍ആനികസൂക്തം കാണാം.
പുറത്തെ ഉയര്‍ന്ന താഴികക്കുടങ്ങള്‍ പള്ളിയുടെ അകത്തുനിന്നു നോക്കിയാല്‍ മാര്‍ബിളിന്റെ തിളക്കത്താലും ഉയര്‍ന്ന വിളക്കുമാടങ്ങളാലും പ്രകാശിതമാണ്. ടൈലുകളിലെ ചിത്രപ്പണി 20,000 കരകൗശല വിദഗ്ധര്‍ ചേര്‍ന്നൊരുക്കിയതാണെന്നും തുര്‍ക്കിയുടെ പരമ്പരാഗതമായ തുലിപ്പ് ചിത്രാകൃതിയാണ് അതിനു സ്വീകരിച്ചതെന്നും അതിനകത്തെ മറ്റൊരു ഇംഗ്ലിഷുകാരനായ ഗൈഡിന്റെ വിവരണത്തില്‍നിന്ന് ഞങ്ങള്‍ മനസിലാക്കി.
ഹാഗിയ സോഫിയ എന്ന സംസ്‌കാരം
തുര്‍ക്കിയിലെ താജ്മഹലാണ് സുല്‍ത്താല്‍ അഹ്മദ് സമുച്ചയത്തിനു വിപരീതമായി നിലകൊള്ളുന്ന ഹാഗിയ സോഫിയ. രണ്ടിടവും ഒറ്റ വരവില്‍ കണ്ടുതീര്‍ക്കാം. ഇസ്താംബൂള്‍ നഗരത്തിന്റെ ശില്‍പകലാ സൗന്ദര്യം വിളിച്ചറിയിക്കുന്ന സ്മാരകസൗധമാണിത്. ചരിത്രാതീത കാലം മുതല്‍ ബൈസാന്റിയന്‍-ഉസ്മാനിയ കാലങ്ങളില്‍ ഈ കെട്ടിടം ഒരുപോലെ വിളങ്ങിനിന്നു. ചരിത്രത്തോടൊപ്പം പഴമയും വര്‍ണചാതുരിയും ഉദിച്ചുനില്‍ക്കുന്ന ഈ കെട്ടിടസമുച്ചയം എ.ഡി 360കളില്‍ ക്രിസ്ത്യന്‍ ചര്‍ച്ചും ഉസ്മാനികളുടെ ആധിപത്യത്തെത്തുടര്‍ന്ന് 1453 മുതല്‍ മുസ്‌ലിം പള്ളിയുമായി. 500 വര്‍ഷക്കാലം അവരുടെ കീഴിലായിരുന്നു. കുറേക്കാലം രാജാക്കന്മാരുടെയും സുല്‍ത്താന്മാരുടെയും മാത്രം ആരാധനാലയമായും മാറിയിരുന്നു.
1935 മുതല്‍ അതാതുര്‍ക്കിനു കീഴില്‍ ഹാഗിയ സോഫിയ തുര്‍ക്കിയുടെ ഔദ്യോഗിക മ്യൂസിയമായി മാറി. ശില്‍പചാതുരിയുള്ള സ്മാരകസൗധമായും ചരിത്രനിര്‍മിതിയായും പിന്നീട് തുര്‍ക്കിയില്‍ മാത്രമല്ല, ലോകത്താകമാനമുള്ള സഞ്ചാരികളുടെ പ്രധാന പൈതൃകകേന്ദ്രമായി മാറിയത്. ഇസ്താംബൂളിന്റെ ഹൃദയഭാഗത്തായതിനാല്‍ ഹാഗിയ സോഫിയ സന്ദര്‍ശിക്കാതെ ഇസ്താംബൂള്‍ കാഴ്ചകള്‍ പൂര്‍ണമാകില്ല. 1931ല്‍ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും 1985ലെ യുനസ്‌കോയുടെ ലോക പൈതൃകപട്ടികയിലും സ്ഥാനംപിടിച്ച ഹാഗിയ സോഫിയക്കു ചരിത്രാതീതകാലം മുതലുള്ള തലമുറകളുടെ സംസ്‌കൃതിയുണ്ട്. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് രണ്ടാമനാണ് ഇതിന്റെ ശില്‍പി. എ.ഡി 360ലാണു ഹാഗിയ സോഫിയയുടെ പ്രാരംഭഘട്ടം പൂര്‍ത്തിയാക്കിയത്. പ്രാചീന ലത്തീന്‍ വാസ്തുകലാ ശൈലിയിലാണു കെട്ടിടം പണികഴിപ്പിച്ചത്.
മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു ഈ കെട്ടിടസമുച്ചയം. 900 വര്‍ഷത്തോളം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കേന്ദ്രമായിരുന്നു. ഇന്നതു ലോകത്തെ മുഴുവന്‍ വിനോദസഞ്ചാരികളെയും ബൈസാന്റിയന്‍, ഉസ്മാനിയ സാമ്രാജ്യങ്ങളെയും അവരുടെ ശില്‍പകലാ വൈദഗ്ധ്യത്തെയും ഓര്‍മിപ്പിക്കുന്ന കേന്ദ്രമാണ്. ഉസ്മാനികളുടെ ആധിപത്യകാലത്തു പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു വിധേയമായ ഹാഗിയ സോഫിയക്കു സാമൂഹ്യസ്വഭാവം കൈവന്നു. സുല്‍ത്താന്‍ അഹ്മദ് ഇതിനായി ഒരു ധര്‍മസ്ഥാപനം തന്നെ സ്ഥാപിച്ചു. വര്‍ഷംതോറും 14,000 സ്വര്‍ണനാണയങ്ങള്‍ അതിന്റെ പുരോഗതിക്കുവേണ്ടി വകയിരുത്തി. ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം, ഭൂസ്വത്തിന്റെ അതിര്‍ത്തിയും മറ്റു വിവരങ്ങളും സൂക്ഷിക്കുന്ന 66 മീറ്റര്‍ നീളമുള്ള രജിസ്റ്റര്‍ തുടങ്ങി പ്രധാന ആവശ്യങ്ങള്‍ക്കായി വസ്തുദാനം നടത്തിയതും ഇക്കാലത്തു ഹാഗിയ സോഫിയ കേന്ദ്രമാക്കിയായിരുന്നു. ഉസ്മാനിയ ഭരണകൂടത്തിനു കീഴില്‍ സ്മാരകമണ്ഡപത്തോടൊപ്പം മതപഠനശാലകള്‍, ഓഡിറ്റോറിയം, വിശിഷ്ടമായ ലൈബ്രറി, ആര്‍ട്ട് ഗാലറി, പ്രാരംഭ പാഠശാല തുടങ്ങിയവയെല്ലാം ഉള്‍കൊള്ളുന്ന സമുച്ചയമായിരുന്നു ഹാഗിയ സോഫിയ.
ഇന്നു ഹാഗിയ സോഫിയ തുര്‍ക്കി എന്ന രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ചിഹ്നമാണ്. അവരുടെ കലാസൗകുമാര്യതയുടെയും കരകൗശല സാമര്‍ഥ്യത്തിന്റെയും ചരിത്രപരമായ അടയാളവുമാണത്. മതപരവും സാംസ്‌കാരികവുമായ ഗതിവിഗതികളിലൂടെ മാറിവന്ന ഓര്‍മച്ചിത്രമാണ്. മറ്റൊരിടത്തും കാണാത്തത്രയും കലിഗ്രഫിയുടെ ശേഖരം ഇവിടെയുണ്ട്. എല്ലാ കാലത്തേക്കും പ്രസക്തവും കാണുന്നവരെ അത്ഭുതപ്പെടുത്തുന്നതുമായ ചിരപുരാതന നാഗരികതയെ പ്രതിഫലിപ്പിക്കുന്ന വിദഗ്ധകല നമുക്കവിടെ അനുഭവിക്കാം. ഉയര്‍ന്നുനില്‍ക്കുന്ന താഴികക്കുടങ്ങള്‍, വലിയ ശിലാഫലകങ്ങളുടെ എടുപ്പ്, പുറംകാഴ്ചയെക്കാള്‍ സുന്ദരമായ ശില്‍പകലാഭംഗി ആസ്വദിക്കുകയായിരുന്നു ഞങ്ങള്‍.
നഗരക്കാഴ്ച
ഇസ്താംബൂള്‍ നഗരക്കാഴ്ചകളില്‍ നിന്നാണു രണ്ടാം ദിവസം തുടങ്ങുന്നത്. ചരിത്രത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നു പേരുള്ള ഇസ്താംബൂള്‍ ബോസ്ഫറസ് കടലിടുക്കിനു രണ്ടു ഭാഗത്തേക്ക് ഓരം ചേര്‍ന്നാണു നിലകൊള്ളുന്നത്. ഏതാണ്ട് ഒരുകോടി അറുപതു ലക്ഷം ജനങ്ങള്‍ ഈ നഗരത്തില്‍ വിവിധ സംസ്‌കാരങ്ങളുമായി ഇണങ്ങി ജീവിക്കുന്നു. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍നിന്നുള്ള നീലക്കടലിന്റെയും മലയുടെയുമൊക്കെ പുറംകാഴ്ച വശ്യമനോഹരമാണ്.
തക്‌സീം ചത്വരത്തിലേക്കാണ് ആദ്യം പോയത്. പ്രക്ഷോഭങ്ങളും രാഷ്ട്രീയസമരങ്ങളും നടക്കുന്ന തക്‌സീം സ്‌ക്വയര്‍ ആരെയും വിസ്മയിപ്പിക്കാന്‍ പോന്നതാണ്. വിനോദസഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു സ്ഥലമാണിത്. മധുരമിഠായി കടകള്‍, പഴക്കടകള്‍, ഭോജനശാലകള്‍, പുസ്തകശാലകള്‍ തുടങ്ങി വിവിധങ്ങളായ കച്ചവടങ്ങള്‍ ഇവിടെ നടക്കുന്നു.
ലോകത്തിലെ തന്നെ ഏറ്റവും ജനത്തിരക്കുള്ള തെരുവ് എന്നു പേരുകേട്ട ഇസ്തിക്‌ലാലിലേക്കാണു പിന്നീട് പോയത്. ഈ രണ്ടിടത്തും ഞങ്ങള്‍ സംഗീതപരിപാടികള്‍ കണ്ടു. വിവിധ സംഗീതോപകരണങ്ങളുമായി സ്വയം ആസ്വദിച്ചുപാടുന്നവര്‍. ഒന്നുകില്‍ സ്വയം ആവിഷ്‌കാരത്തിനു വേണ്ടി, അല്ലെങ്കില്‍ ഏതെങ്കിലും ബാന്‍ഡുകളുടെ പരസ്യത്തിനു വേണ്ടി, അതുമല്ലെങ്കില്‍ ജീവിക്കാന്‍ വേണ്ടിയൊക്കെയാണവര്‍ പാടുന്നത്. ഇസ്തിക്‌ലാല്‍ സ്ട്രീറ്റില്‍നിന്ന് ഞങ്ങള്‍ ട്രാമില്‍ കയറി കുറച്ചുദൂരം യാത്ര ചെയ്തു. ഈ തെരുവില്‍ ലൈബ്രറികളും ബാങ്കുകളും ഹോട്ടലുകളും കരകൗശലശാലകളുമൊക്കെ കാണാം. ഉച്ചയ്ക്കുശേഷം അയ്യൂബ് ഡിസ്ട്രിക്ടായിരുന്നു ഞങ്ങളുടെ ഉന്നം.
അയ്യൂബ് സുല്‍ത്താന്‍ സമുച്ചയം
ഇസ്‌ലാമിക ചരിത്രത്തിലെ ജ്വലിച്ചുനില്‍ക്കുന്ന നക്ഷത്രമായ അബൂ അയ്യൂബുല്‍ അന്‍സാരിയെ അറിയാത്തവര്‍ ഉണ്ടാകില്ല. തുര്‍ക്കിയില്‍ ഇസ്താംബൂള്‍ നഗരത്തിനു പുറത്തുള്ള അയ്യൂബ് നഗരിയിലാണു പ്രവാചക സന്തതസഹചാരിയുടെ ഖബറിടം ഉള്‍ക്കൊള്ളുന്ന സമുച്ചയമുള്ളത്. സുഗന്ധവ്യഞ്ജനങ്ങളുടെ ബസാറില്‍നിന്ന് ഗോള്‍ഡന്‍ ഹോണിനു നേരെ (നാഗരിക ജലപാതയുടെ പേരില്‍ അറിയപ്പെടുന്ന സ്ഥലം) ബസ് മാര്‍ഗം 25 മിനുട്ട് യാത്ര ചെയ്താല്‍ ഈ നഗരിയിലെത്താം. ഇസ്താംബൂളില്‍നിന്നു വരുമ്പോള്‍ സെന്റ് സ്റ്റീഫന്‍ ബള്‍ഗേറിയന്‍ ചര്‍ച്ച്, പാട്രിയാര്‍ക്കീസ് ഓര്‍ത്തഡോക്‌സ് കോണ്‍സ്റ്റാന്റിനോപ്പിള്‍ തുടങ്ങിയ രണ്ടു പ്രധാനപ്പെട്ട ചര്‍ച്ചുകളും കാണാനായി. എല്ലാ മതവിഭാഗങ്ങള്‍ക്കും രണ്ടിടത്തും ആരാധനാസൗകര്യം ഒരുക്കിയിട്ടുണ്ട്.
തുര്‍ക്കിയിലെ തന്നെ അതിപുരാതന പള്ളികളില്‍ ഒന്നാണ് സുല്‍ത്താന്‍ അയ്യൂബ് സമുച്ചയം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്താംബൂള്‍ കാണാനെത്തുന്നവര്‍ മതപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും പ്രവാചകനായ മുഹമ്മദ് നബിയുടെ അനുചരനും സന്തതസഹചാരിയുമായ ഈ സ്വഹാബിയുടെ ഖബറിടം സന്ദര്‍ശിക്കാതെ പോവില്ല. 1458ലാണ് ഈ സമുച്ചയത്തിന്റെ നിര്‍മാണം. ഉസ്മാനിയാ ആധിപത്യത്തിനു കീഴില്‍ സുല്‍ത്താന്‍ മുഹമ്മദാണ് ഇതു പണികഴിപ്പിച്ചത്. പൈതൃകനഗരമായ അയ്യൂബ് ഡിസ്ട്രിക്ട് എന്നു തന്നെയാണ് ഈ സ്ഥലത്തിന്റെ നാമവും. തുര്‍ക്കിയിലെ പുരാതന സമൂഹത്തെയും അവരുടെ സംസ്‌കാരത്തെയും അറിയാന്‍ ഇസ്താംബൂള്‍ നഗരത്തിനു പുറത്തുള്ള ഈ സമുച്ചയം സന്ദര്‍ശിക്കുന്നതു നന്നായിരിക്കും. വിശാലമായ പള്ളിക്കു ചുറ്റും ഭോജനശാലകളും കടകളുമുള്ള ഈ സ്ഥലം സന്ദര്‍ശകരെ ആകര്‍ഷിക്കുംവിധമാണു സംവിധാനിച്ചിട്ടുള്ളത്. വലിയൊരു പാര്‍ക്കും അതിലേക്കു കടക്കാനുള്ള ഒരു പാലവുമുണ്ട്. ഈ സ്ഥലത്ത് മതപരവും സംഗീതപ്രാധാന്യവുമുള്ള ഒട്ടേറെ പരിപാടികള്‍ നടക്കാറുണ്ട്. കരകൗശല വിദഗ്ധരുടെ വര്‍ക്ക്‌ഷോപ്പുകള്‍, സൂഫി സംഗീതനിശ, കഥാകഥന പരിപാടികള്‍ തുടങ്ങിയവയും ഉസ്മാനികളുടെ കലാവൈശിഷ്ട്യത്തെ ഓര്‍മിപ്പിക്കുന്ന സ്റ്റേജ് പരിപാടികളും ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്.
രാത്രി ഞങ്ങള്‍ കമലിക്ക (തല്ലുല്‍ അറായിസ്) എന്ന പേരുള്ള മലമുകളിലേക്കു പോയി. ഇസ്താംബൂള്‍ നഗരം മുഴുവന്‍ മുകളില്‍നിന്നു നോക്കിക്കാണാവുന്ന സ്ഥലമാണിത്. രാത്രിയുടെ വെളിച്ചത്തില്‍ ആ നഗരത്തിന്റെ പരിച്ഛേദം അവിടെ തിളങ്ങിനില്‍ക്കുന്നതു കാണാവുന്നതാണ്. ഇവിടെയിരുന്ന് തുര്‍ക്കിഷ് കോഫി കുടിക്കാത്ത സഞ്ചാരികള്‍ ചുരുക്കമായിരിക്കും.
ഗ്രാന്‍ഡ് ബസാര്‍
സുല്‍ത്താന്‍ അഹ്മദിനടുത്തുനിന്ന് ട്രാമില്‍ കയറിയാണു ഞങ്ങള്‍ അല്‍ഫാത്തിഹിലുള്ള ഗ്രാന്‍ഡ് ബസാറിലെത്തിയത്. ലോകത്തിലെ ഏറ്റവും പുരാതന ഷോപ്പിങ് മാളാണ് ഇസ്താംബൂള്‍ ഗ്രാന്‍ഡ് ബസാര്‍. ഏതാണ്ട് 61ഓളം തെരുവുകളിലായി നാലായിരത്തിലധികം വിവിധങ്ങളായ കടകള്‍ പരന്നുകിടക്കുകയാണിവിടെ. സുഗന്ധവ്യഞ്ജനങ്ങളുടെ കലവറകൂടിയാണിവിടം. യാതൊരു മടിയും കൂടാതെ വിലപേശി വാങ്ങാന്‍ പറ്റുന്ന ഒരിടം കൂടിയാണിത്. അവിടുത്തെ നേര്‍ത്ത സംഗീതവും പ്രകാശങ്ങളുടെ ക്രമീകരണവുമൊക്കെ നമ്മെ വല്ലാതെ വശീകരിക്കാന്‍ പോന്നതാണ്.
തുര്‍ക്കിയോടൊപ്പം ഇസ്താംബൂളും അനുദിനം വളരുകയാണ്. നാലു കാലാവസ്ഥകളുമുള്ള ഭൂമിയിലെ സ്വര്‍ഗമാണ് തുര്‍ക്കിയിലെ ഓരോ സ്ഥലങ്ങളുമെന്നു ചിലരൊക്കെ പറയുന്നതു സത്യമാണെന്ന തോന്നല്‍ ഇസ്താംബൂള്‍ വിടുമ്പോള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അടുത്ത സ്‌പോട്ടായ അനാത്തോലിയയിലേക്കു വിമാനമാര്‍ഗം ഞങ്ങള്‍ തിരിക്കുമ്പോള്‍ ഇസ്താംബൂളില്‍ കാണാനിനിയും ഒട്ടേറെ സ്ഥലങ്ങള്‍ ബാക്കിയായി കിടപ്പുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."