സി.എം.എഫ്.ആര്‍.ഐയുടെ പ്രവര്‍ത്തനം ഇനി ലക്ഷദ്വീപിലും
കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) പ്രവര്‍ത്തന മണ്ഡലം ലക്ഷദ്വീപിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. കവരത്തി ദ്വീപിലെ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ (കെ.വി.കെ) നടത്തിപ്പ് ചുമതല ഇനി സി.എം.എഫ്.ആര്‍.ഐ വഹിക്കും. ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന തരത്തില്‍ ലക്ഷദ്വീപിലെ കാര്‍ഷിക അനുബന്ധ വിഭവങ്ങള്‍ വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സി.എം.എഫ്.ആര്‍.ഐ നേതൃത്വം നല്‍കും. കാര്‍ഷിക ഉല്‍പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ചെറുകിട സംരംഭങ്ങളിലൂടെ മൂല്യവര്‍ധിത ഉല്‍പാദനം മെച്ചപ്പെടുത്തുക, വിപണന ശൃംഖല ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സി.എം.എഫ്.ആര്‍.ഐക്ക് കീഴില്‍ കെ.വി.കെ പ്രവര്‍ത്തിക്കുക. ലക്ഷദ്വീപിലെ നാളികേരം, ചൂരമീന്‍ എന്നിവയുടെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇവയ്ക്ക് അന്താരാഷ്ട്ര ഏജന്‍സികളുടെ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കാനും കെ.വി.കെ ഊന്നല്‍ നല്‍കും. കെ.വി.കെയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിന് ഉന്നതതല സംയുക്ത യോഗം ഇന്ന് കവരത്തിയില്‍ നടക്കും. ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഡോ. എ.കെ സിങ്, ലക്ഷദ്വീപ് ഭരണകൂടം കൃഷി വകുപ്പ് സെക്രട്ടറി എ.ടി ദാമോദര്‍, ലക്ഷദ്വീപിലെ ജനപ്രതിനിധികള്‍, ഐ.സി.എ.ആര്‍ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞര്‍, കര്‍ഷക പ്രതിനിധികള്‍, എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. കൂടാതെ, ചെറുകിട സംരംഭകര്‍ക്ക് മത്സ്യാവശിഷ്ടങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ത്രിദിന പരിശീലനവും ഇന്ന് തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."