എല്‍.ഡി.എഫിന് 20 സീറ്റിലും സ്ഥാനാര്‍ഥികളായി; ജെ.ഡി.എസിന് സീറ്റില്ല
തിരുവനന്തപുരം: ഇരുപത് ലോക്സഭാ മണ്ഡലങ്ങളില്‍ പതിനാറിടത്തും സി.പി.എം തന്നെ മത്സരിക്കും. നാലിടത്ത് സി.പി.ഐ മത്സരിക്കും. എ.കെ.ജി സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം.
സീറ്റ് നല്‍കണമെന്ന ജെ.ഡി.എസിന്റെ ആവശ്യം അംഗീകരിച്ചില്ല. സീറ്റ് നല്‍കാത്തതില്‍ എല്‍.ജെ.ഡിയും പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എല്ലാ ഘടകകക്ഷികളുടെയും നേതാക്കള്‍ പങ്കെടുത്തു. ആദ്യം സീറ്റ് ആവശ്യം ഉന്നയിച്ചത് എല്‍.ജെ.ഡിയായിരുന്നു. പിന്നാലെ ജെ.ഡി.എസും ഒപ്പംകൂടി. മുന്നണി മര്യാദ കാണിക്കണമെന്നും തങ്ങള്‍ക്കും സീറ്റിന് അവകാശമുണ്ടെന്നും കക്ഷി നേതാക്കള്‍ പറഞ്ഞു. ഇതിനിടയില്‍ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സീറ്റ് നല്കാന് കഴിയില്ലെന്നും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. തുടര്‍ന്ന് മുന്നണിയെന്ന രീതിയില്‍ മറ്റു പാര്‍ട്ടികളോട് ഭാവിയില്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കാന്‍ സി.പി.എം മുന്‍കൈയെടുക്കണമെന്ന് ജെ.ഡിഎസും എല്‍.ജെ.ഡിയും നിലപാടെടുത്തതോടെ ഒച്ചപ്പടുകളൊന്നുമില്ലാതെ ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സി.പി.എം സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കോടിയേരി ബാലകൃഷ്ണനും സി.പി.ഐ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനും യോഗത്തില്‍ വിശദീകരിച്ചു. ജയിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ഥികളെയാണ് നിശ്ചയിച്ചിരിക്കുന്നതെന്ന പൊതുവിലയിരുത്തലും യോഗത്തിലുണ്ടായി.
ഇരുപത് സീറ്റിലും സ്ഥാനാര്‍ഥികളെ തീരുമാനിച്ച് യോഗം പിരിഞ്ഞു. എല്ലാ കക്ഷികളും ചേര്‍ന്ന് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് യോഗത്തിനുശേഷം കണ്‍വീനര്‍ എ.വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ ഈ മാസം 11ന് ആരംഭിച്ച് 14ന് അവസാനിക്കും.
എല്ലാ മണ്ഡലങ്ങളിലും നിലവിലെ സാഹചര്യത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് നല്ല വിജയസാധ്യതയാണുള്ളത്. 20ന് മുന്‍പ് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നും വിജയരാഘവന് പറഞ്ഞു. നാല് സിറ്റിങ്ങ് എം.പിമാരും ആറ് എം.എല്‍.എമാരും സി.പി.എമ്മിന്റെ രണ്ടു ജില്ലാ സെക്രട്ടറിമാരും രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് മത്സരരംഗത്തുള്ളത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം- സി. ദിവാകരന് (സി.പി.ഐ)
ആറ്റിങ്ങല്‍ - എ. സമ്പത്ത്
കൊല്ലം- കെ.എന്‍ ബാലഗോപാല്‍
പത്തനംതിട്ട- വീണ ജോര്‍ജ്
മാവേലിക്കര- ചിറ്റയം ഗോപകുമാര്‍ (സി.പി.ഐ)
ആലപ്പുഴ- എ.എം ആരിഫ്
ഇടുക്കി- ജോയിസ് ജോര്‍ജ്
കോട്ടയം- വി.എന്‍ വാസവന്
എറണാകുളം- പി. രാജീവ്
ചാലക്കുടി- ഇന്നസെന്റ്
തൃശൂര്‍- രാജാജി മാത്യു തോമസ് (സി.പി.ഐ)
ആലത്തൂര്‍- പി.കെ ബിജു
പാലക്കാട് - എം.ബി രാജേഷ്
പൊന്നാനി- പി.വി അന്‍വര്‍
മലപ്പുറം - വി.പി സാനു
കോഴിക്കോട്- എ. പ്രദീപ് കുമാര്‍
വടകര- പി. ജയരാജന്
വയനാട്- പി.പി സുനീര്‍ (സി.പി.ഐ)
കണ്ണൂര്‍- പി.കെ ശ്രീമതി
കാസര്‍കോട്- കെ.പി സതീഷ് ചന്ദ്രന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."