കാലം കെട്ടിയുണ്ടാക്കിയ കത്തുപാട്ടുകള്‍
''എത്രയും ബഹുമാനപ്പെട്ട പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ സ്വന്തം ഭാര്യ
എഴുതുന്നതെന്തെന്നാല്‍ ചൊല്ലീടുന്നു പിരിശത്തില്‍ അസ്സലാം
ഞങ്ങള്‍ക്കെല്ലാം സുഖമാണിവിടെ എന്ന് തന്നെ എഴുതീടട്ടെ.
മറുനാട്ടില്‍ നിങ്ങള്‍ക്കും അതിലേറെ ക്ഷേമമാണന്ന് കരുതി സന്തോഷിക്കട്ടെ...''
മലയാളികള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ ഈ കത്തുപാട്ട് കേള്‍ക്കാത്തവരുണ്ടാകില്ല. പാട്ടായി രചിക്കപ്പെട്ട കത്തുകളാണു കത്തുപാട്ടുകള്‍. പ്രസിദ്ധ മാപ്പിളകവി നല്ലളം ബീരാന്‍ സാഹിബിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കത്തായി വായിക്കാനും പാട്ടായി പാടാനും പറ്റിയവയാണു കത്തുപാട്ടുകള്‍. കത്തിന്റെ യഥാര്‍ഥ ധര്‍മം കത്തുപാട്ട് നിര്‍വഹിക്കുന്നുമുണ്ട്. മാപ്പിളപ്പാട്ടു ലോകത്തെ ആകര്‍ഷണീയവും ആനന്ദകരവുമായ ഒരു ശാഖയാണു കത്തുപാട്ടുകള്‍. മാപ്പിളപ്പാട്ടിനു ജനഹൃദയങ്ങളില്‍ സ്വാധീനം നേടിക്കൊടുത്തതില്‍ കത്തുപാട്ടുകള്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
മാപ്പിളക്കവികള്‍ക്കിടയില്‍ കത്തുപാട്ടുകള്‍ രചിക്കുന്ന താല്‍പര്യം പണ്ടുമുതലേ കേരളത്തില്‍ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ നിലനിന്നിരുന്നു. നാട്ടിലെ പ്രമാണിമാര്‍ ഇതിനു പ്രോത്സാഹനവും നല്‍കി. കാശുകൊടുത്ത് കത്തുപാട്ടുകള്‍ എഴുതിച്ചു സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയക്കുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. പുലിക്കോട്ടില്‍ ഹൈദര്‍ എഴുതിയ മറിയക്കുട്ടിയുടെ കത്ത് പ്രസിദ്ധമാണ്. 1921ലെ മലബാര്‍ കലാപത്തെ തുടര്‍ന്നു തടവില്‍ കഴിയുന്ന ഭര്‍ത്താവിനു ഭാര്യ ബെല്ലാരി ജയിലിലേക്കയച്ച കത്താണിത്. ഇശല്‍ കൊമ്പില്‍ രചിച്ച ഈ കത്തുപാട്ട് ആമുഖം തന്നെ മനോഹരമായിട്ടാണു കവി വിവരിക്കുന്നത്.
''ആലങ്ങള്‍ ആറും ഉണ്ട് അലിഫും കുന്‍ ഇട കൊണ്ട്
അമൈത്ത കോന്‍ തിരുനാമം തവക്കം വിണ്ട്
സ്തുതിയാല്‍ ഹംദും സ്വല്ലാ സലാമയും മൊളിന്തും കൊണ്ട്
ഉണ്ടതെങ്കില്‍ വന്നു കാണ്‍മാന്‍ ഉണ്ട് മോഹം പൊന്നെ
ഒറ്റ നോക്ക് കണ്ട് മരിച്ചോട്ടെ അന്നു തന്നെ...''
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, പുലിക്കോട്ടില്‍ ഹൈദര്‍, ചാക്കീരി മൊയ്തീന്‍ കുട്ടി, നെച്ചിമണ്ണില്‍ കുഞ്ഞിക്കമ്മു മാസ്റ്റര്‍, ഒറ്റയില്‍ ഹസ്സന്‍കുട്ടി ഹാജി, ലാ ഹാജി, കമ്മുട്ടി മരിക്കാര്‍, കുഞ്ഞിസീതി കോയ തങ്ങള്‍, ചിന്ന അവറാന്‍, തോട്ടപ്പാളി കുഞ്ഞലവി മാസ്റ്റര്‍, മമ്പാട് ഉണ്ണിപ്പ, പി.ടി ബീരാന്‍കുട്ടി മൗലവി, എസ്.എ ജമീല്‍ മുതലായവരെല്ലാം കത്തുപാട്ട് രംഗത്തു പ്രശസ്തരായവരാണ്. പുലിക്കോട്ടില്‍ ഹൈദര്‍ മമ്പാട് അധികാരിക്കയച്ച കത്ത്, കോയക്കുട്ടി ഹാജിക്കയച്ച കത്ത്, അയമു മൊല്ലാക്കക്കയച്ച മറുപടി, ലാ ഹാജിക്കയച്ച മറുപടി, പി.ടി ബീരാന്‍ കുട്ടി മൗലവിക്കയച്ച കത്തുപാട്ട്, ബീടരുടെ കത്ത്, തോട്ടപ്പാളിക്കയച്ച കത്തുകള്‍, കുഞ്ഞിപ്പൂവിക്കയച്ച കത്ത്, കുഞ്ഞിമോള്‍ക്കയച്ച കത്ത് എന്നിവ പ്രസിദ്ധ രചനകളാണ്. മഹാകവി മോയിന്‍കുട്ടി വൈദ്യരും സ്വാതന്ത്ര്യസമര സേനാനിയും ഖിലാഫത്ത് നേതാവുമായ കട്ടിലശ്ശേരി മുഹമ്മദ് മൗലവി വരെ യൗവനകാലത്ത് ഇത്തരം കൃതികള്‍ രചിച്ചിരുന്നതായി കണാം.
മോയിന്‍കുട്ടി വൈദ്യരുടെ ഒരു കത്തുപാട്ടില്‍നിന്ന്...
ഇശല്‍: ഉടനെ ജുമൈലത്ത്
''മുല്ലപ്പൂ ബീവിക്കറി വാന്‍ കുറിത്തകത്ത്
മുന്നെ നമൈ തമ്മില്‍ കണ്ടിട്ടില്ലാ പെരുത്ത്
മല്ലിക മുല്ല മുഹബ്ബത്തോപ്പില്‍ മുളച്ച്
മനതാശായാലും വളര്‍മ്മ മുരടു വച്ചു''
കാമുകിയോടുള്ള പ്രണയാഭ്യര്‍ഥന, ഹൃദയനൊമ്പരങ്ങള്‍, കാമുകി-കാമുകന്മാരുടെ സൗന്ദര്യവര്‍ണനകള്‍, അനുഭവങ്ങള്‍, യാത്രാവിവരണങ്ങള്‍, സാമൂഹിക-മത വിഷയങ്ങള്‍ തുടങ്ങിയ പല പ്രമേയങ്ങളും കത്തുപാട്ടിനു വിഷയമാകാറുണ്ട്.
''വിശേഷച്ചെമ്മലര്‍ തോപ്പില്‍മികും പൊന്‍കുടകം ചെമ്മെ
വിതാനിച്ചുള്ളലങ്കാരത്തിരുമെത്തമ്മേല്‍ ഏറ്റം
വിനോദ ശൗഖിളക്കി വാണിടും തത്തമ്മേ...''
എന്നു തുടങ്ങുന്ന പ്രസിദ്ധമായ ഈ കത്തുപാട്ട് മോയിന്‍കുട്ടി വൈദ്യരുടെ മകന്‍ അഹമ്മദ് കുട്ടി വൈദ്യര്‍ രചിച്ചതാണ്. ഇതു പ്രേമഗാന രൂപത്തിലാണ് അദ്ദേഹം എഴുതിയിട്ടുള്ളത്.
''മണക്കും താമര പുതുമ പൂമുഖം കുലുങ്ങുന്നാനന്ദം കണ്ട്
എന്റെ മനസില്‍ സഞ്ചാരം കൊണ്ട് മഹിമ ലക്ഷണം മികന്തേറും കണ്ണില്‍ മായാലെ
പെന്‍മുഖം ചുണ്ടു, ചീറി പവിഴം പോല്‍ അഴകുണ്ട്.''
ഓര്‍മയില്‍നിന്നു കടഞ്ഞെടുത്ത തന്റെ കാമുകിയുടെ സൗന്ദര്യവര്‍ണനയാണ് ഈ വരിയിലൂടെ കത്തുപാട്ട് രൂപേണ കവി വിവരിക്കുന്നത്. ഇതിന്റെ കര്‍ത്താവിനെയും രചനാകാലത്തെയും വ്യക്തമല്ല.
''ബടിവുറ്റെ മലയാള കവികള്‍ക്കിസ്മാന്‍ തന്നില്‍
മകുടമായ് വിലസിയും പി. ഹൈദര്‍കാക്ക അവരും
മൊല്ലാക്ക അവരില്‍ മഹ്ബൂബായിടും പി.ടി എഴുതി മക്കാ''
എന്നിങ്ങനെ തുടര്‍ന്നുപോവുന്നു പി.ടി ബീരാന്‍ മൗലവിയുടെ ഹജ്ജ് യാത്രപ്പാട്ട്. പുലിക്കോട്ടില്‍ ഹൈദറിനയച്ച മറുപടിക്കത്താണിത്. ഹജ്ജ് യാത്രയില്‍ അരങ്ങേറിയ സംഭവങ്ങളാണ് ഇതിലെ ഇതിവൃത്തം. 'മുല്ലപ്പു ബീവിക്കറിയാന്‍ കുറിത്തെ കത്ത് ' എന്നു തുടങ്ങുന്ന പ്രസിദ്ധ കത്തുപാട്ട് മോയിന്‍കുട്ടി വൈദ്യര്‍ തന്റെ ചെറുപ്പകാലത്ത് എഴുതിയതാണ്.
എഴുപതുകളിലും എണ്‍പതുകളിലും അനേകം കുടുംബത്തിന്റെ ജീവിതസ്വപ്നങ്ങള്‍ക്ക് അത്താണിയായി ഗള്‍ഫുപണം മാറിയപ്പോള്‍ കത്തുപാട്ടിനു പുതിയ മാനം കൈവന്നു. അങ്ങനെ ഗള്‍ഫ് കുടുംബങ്ങളുടെ കരളലിയിപ്പിക്കുന്ന ദേശീയഗാനമായി മാറിയതാണ് ദുബായ് കത്തുപാട്ട്. ഈ പാട്ടുകേട്ട് അനേകം പ്രവാസി മലയാളികള്‍ അങ്ങകലെ മണലാരണ്യത്തല്‍ വച്ചു തന്റെ പ്രിയതമയെയും ബന്ധുക്കളെയും ഓര്‍ത്തു കരഞ്ഞിട്ടുണ്ട്. പ്രവാസി ഭാര്യമാരുടെയും കൂട്ടുകുടുംബത്തിന്റെയും മോഹനസങ്കല്‍പങ്ങളുടെയും തേങ്ങലുകളുടെയും തീക്ഷ്ണാവിഷ്‌കാരം കേട്ട് ഉള്ളുപൊള്ളി ഗള്‍ഫ് നാടുകളോട് എന്നെന്നേക്കും യാത്ര പറഞ്ഞവരുണ്ട്. പണ്ടെന്നോ വിട്ടുപോന്ന ഭാര്യയെ കാണാന്‍, കുട്ടിയെ കാണാന്‍ നാട്ടിലേക്ക് ഓടിപ്പോയ എത്രയോ ഗള്‍ഫുകാരുണ്ട്. വിസ കിട്ടി ഗള്‍ഫുനാടുകളിലേക്കു പോകാനൊരുങ്ങി നിന്നവര്‍ക്ക് ദുബായ് കത്തുപാട്ട് കേട്ടു ഭാര്യയെ കെട്ടിപ്പിടിച്ച് ഇനി പോകേണ്ടെന്നുവച്ച നിരവധി സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
കത്തുപാട്ട് മലയാളികള്‍ക്കിടയില്‍ ജനപ്രിയമാക്കിയ അപൂര്‍വവ്യക്തികളിലൊരാളാണ് സയ്യിദ് അബ്ദുല്‍ ജമീല്‍ എന്ന എസ്.എ ജമീല്‍. മലയാളത്തിലെ കത്തുപാട്ടുകളുടെ ശില്‍പിയായി അദ്ദേഹം അറിയപ്പെടുന്നു. 1977കളിലാണു ജമീലിന്റെ പ്രശസ്തമായ കത്തുപാട്ട് പിറക്കുന്നത്. ഭര്‍ത്താവ് ജീവിച്ചിരിക്കെ വിരഹത്തിന്റെ കയ്പുനീര്‍ കുടിച്ചു മാനസികനില തെറ്റിയ ധാരാളം സ്ത്രീകള്‍ തന്റെ മുന്‍പില്‍ ചികിത്സ തേടിയെത്തുമ്പോള്‍ പങ്കുവയ്ക്കുന്ന നൊമ്പരകഥകള്‍ നേരില്‍ മനസിലാക്കിയാണ് ഒരു മനോരോഗ ചികിത്സകന്‍ കൂടിയായ എസ്.എ ജമീല്‍ കത്തുപാട്ടെന്ന സന്ദേശകാവ്യത്തിനു തുടക്കമിട്ടത്. പ്രവാസലോകത്തിന്റെ പ്രണയവും വിരഹവും കത്തുപാട്ടിലൂടെ ലോകത്തിനു മുന്നില്‍ അദ്ദേഹം എത്തിച്ചു.
വ്യവസായിയും നാട്ടുകാരനുമായി പി.വി അബ്ദുല്‍ വഹാബ് ജമീലിനെ അബൂദബിയിലേക്കു ഗാനമേള അവതരിപ്പിക്കാന്‍ ക്ഷണിച്ചു. പോകുമ്പോള്‍ ഒരു ഗാനവും ജമീല്‍ രചിച്ചു. കിഴക്കന്‍ ഏറനാട്ടിലെ മാപ്പിളപ്പെണ്ണ് ഗള്‍ഫിലുള്ള ഭര്‍ത്താവിനയക്കുന്ന കത്തുപോലെ എഴുതിയ ഗാനമായിരുന്നു അത്. പിന്നീട് വടക്കേ മലബാറിലെയും ഗള്‍ഫ് പ്രവാസികളുടെയും ഇടയില്‍ പ്രചുരപ്രചാരം സിദ്ധിച്ച ഗാനമായി മാറി ഇത്. അതിലെ ഏതാനും വരികള്‍ ഇങ്ങനെയാണ്:
''എത്രയും ബഹുമാനപ്പെട്ട പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍ സ്വന്തം ഭാര്യ
എഴുതുന്നതെന്തെന്നാല്‍ ചെല്ലീടുന്നു പിരിശത്തില്‍ അസ്സലാം
ഞങ്ങള്‍ക്കെല്ലാം സുഖമാണിവിടെ എന്ന് തന്നെ എഴുതീടട്ടെ.
മറുനാട്ടില്‍ നിങ്ങള്‍ക്കും അതിലേറെ ക്ഷേമമാണന്ന് കരുതി സന്തോഷിക്കട്ടെ.
ഞാനൊന്ന് ചോദിക്കുന്നു
ഈ കോലത്തില്‍ എന്തിനു സമ്പാദിക്കുന്നു.
ഒന്നുമില്ലെങ്കിലും
തമ്മില്‍ കണ്ടുകൊണ്ട്
നമ്മള്‍ രണ്ടും ഒരു പാത്രത്തില്‍
ഉണ്ണാമല്ലോ,
ഒരു പായ്
വിരിച്ചൊന്നിച്ചുറങ്ങാമല്ലോ....''
ഈ കത്തുപാട്ടിനുള്ള മറുപടി എഴുതിയതും ജമീല്‍ തന്നെ. അതും പ്രശസ്തമാണ്. അതിലെ രണ്ടുവരി ഇങ്ങനെ:
''അബൂദാബിയിലുള്ളൊരെഴുത്തുപെട്ടി,
അന്നു തുറന്നപ്പോള്‍ കത്തുകിട്ടി
എന്‍ പ്രിയ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ കത്തു ഞാന്‍ കണ്ടുഞെട്ടി''
കത്തുപാട്ട് കേട്ടു സ്തംഭിച്ചുപോയ പ്രവാസികളുടെ മനസിനെ ദുഃഖാര്‍ഥമാക്കിയ എസ്.എ ജമീല്‍ തുടരുന്നു ഇങ്ങനെ:
''മലക്കല്ല പെണ്ണെന്നത് വല്ലാത്തൊരു വാക്കാണ്
മനസില്‍ വെടിപൊട്ടിച്ചിരട്ടക്കുഴല്‍ തോക്കാണ്..''
ഈ വാക്കുകള്‍ പ്രവാസികളുടെ മനതലങ്ങളില്‍ ഇടിമുഴക്കം പോലെ പ്രവഹിച്ചു. അക്കാലത്ത് അത്രയും പാടിപ്പതിഞ്ഞ വരികളിലൊന്നായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."