ഇടതു ജനാധിപത്യ മുന്നണിയോ കമ്യൂണിസ്റ്റ് മുന്നണിയോ
1000 ദിവസങ്ങളായി കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ കമ്യൂണിസ്റ്റ് മുന്നണിയായി ചുരുങ്ങിപ്പോയോ? ബഹുജന ജനാധിപത്യ പ്രസ്ഥാനങ്ങളായ ഇടതു, വലതു മുന്നണികള്‍ക്ക് മാറിമാറി ഭരിക്കാന്‍ ഭാഗ്യം ലഭിച്ച കേരളത്തില്‍ 20 ലോക്‌സഭാ സീറ്റുകള്‍ 16 +4 ആയി കമ്യൂണിസ്റ്റ് പാര്‍ട്ടികളായ വലിയേട്ടനും ചെറിയേട്ടനും കൂടി പങ്കുവച്ചിരിക്കുന്നു. അങ്ങനെ സംഭവിച്ചപ്പോള്‍ മുന്നണി യുടെ ബഹുജന ജനാധിപത്യ വ്യാപ്തിക്ക് എന്തോ കോട്ടം തട്ടിയതായി തോന്നുന്നു.
ഇരു മുന്നണികളിലും ധാരാളം കക്ഷികള്‍ ഓരോ തെരഞ്ഞെടുപ്പിലും കൂടിവരികയാണ്. പിളരുംതോറും വളരാന്‍ പറ്റിയ വിളനിലമാണ് മുന്നണി രാഷ്ട്രീയം എന്ന് ചെറുപാര്‍ട്ടികള്‍ ഓരോ തെരഞ്ഞെടുപ്പിലും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇരുമുന്നണികളിലും ഇത്തരം കൂട്ടര്‍ കൂടിവരികയും അവരുടെ പാര്‍ലമെന്ററി പ്രതീക്ഷകള്‍ അനുദിനം തകര്‍ന്നു കൊണ്ടിരിക്കുകയുമാണ് എന്നു പറയേണ്ടിയിരിക്കുന്നു.
വലിയേട്ടനും ചെറിയേട്ടനും ഈ കാര്യം ഈ വീക്ഷണകോണില്‍ ചിന്തിച്ചിട്ടുണ്ടോ എന്നറിയില്ല. ഭരണം കിട്ടിയാല്‍ പിന്നെ വളരുന്ന തങ്ങളുടെ വയറിനു കീഴോട്ട് അധികം കീഴാള ദൃഷ്ടികള്‍ പായിക്കാത്ത കമ്യൂണിസ്റ്റ് നേതൃത്വം മുന്നണി രാഷ്ട്രീയത്തില്‍ അറിയേണ്ടതായ ചില മുന്നണി മര്യാദകളില്‍ രാഷ്ട്രീയ പരിഗണന എന്ന വാക്കിന് വലിയ പ്രാധാന്യമുണ്ട്. കണ്ടറിയണം പ്ലീസ്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉഭയകക്ഷി ചര്‍ച്ച എന്നത് മഹാ സംഭവമാക്കി കൊണ്ടാടുകയായിരുന്നു. എന്നാല്‍, ചര്‍ച്ചയില്‍ ദേശീയ രാഷ്ട്രീയ സാഹചര്യം കമ്യൂണിസ്റ്റുകാരുടെ പാര്‍ലമെന്റംഗങ്ങളുടെ എണ്ണം കൂടുതല്‍ ആവശ്യപ്പെടുന്നതിനാല്‍ 20 സീറ്റുകളും ഞങ്ങള്‍ പങ്കിട്ടെടുക്കുകയാണ്, സഹകരിക്കണം എന്നു പറയുകയാണുണ്ടായത്. പാര്‍ലമെന്ററി അധികാരത്തില്‍ മുന്നണിയെ താങ്ങിനിര്‍ത്തുന്ന ചെറു പാര്‍ട്ടികളെ അകറ്റിനിര്‍ത്തുന്ന മുന്നണിക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നറിയപ്പെടാന്‍ അവകാശമില്ലാതായിരിക്കുകയാണ്. അതിപ്പോള്‍ വെറും കമ്യൂണിസ്റ്റ് മുന്നണി മാത്രം.
ഇവിടെ പൂര്‍ണമായും വഴിയാധാരമായിട്ടില്ലാതെ ഇപ്പോഴും പ്രതീക്ഷയുമായി നടക്കുന്നത് ഇടതു മുന്നണിയിലെ രണ്ടായി പിരിഞ്ഞ ജനതാദളുകളാണ്. ഐ.എന്‍.എല്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയായി പരിഗണിക്കപ്പെട്ടിട്ടും സീറ്റ് കിട്ടാതെയാണ് നടക്കുന്നത്. ബഹുജനാടിത്തറയില്ലാത്ത ഇത്തരംഘടകകക്ഷികള്‍ വെറും വിറകുവെട്ടുന്നവരും വെള്ളം കോരികളുമാണ് എന്ന യാഥാര്‍ഥ്യം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണിപ്പോള്‍. ഈ ജനതാദള്‍ ഇന്ത്യ ഭരിച്ച പാര്‍ട്ടിയാണ്. അവരെയാണ് സീറ്റെന്ന് പറഞ്ഞ് ഇടത് മുന്നണിപിന്നാലെ നടത്തുന്നത്. ഇവരെക്കൂടാതെ എന്‍.സി.പിയും ഒരു ശകലം കേരളാ കോണ്‍ഗ്രസുമുണ്ട്.
ഇതില്‍ ഒരു ജനതാദള്‍, വലിയേട്ടന്‍ കോഴിക്കോട് സീറ്റ് പിടിച്ചെടുത്തപ്പോള്‍ യു.ഡി.എഫിലേക്കു ചാടി. സീറ്റ് നഷ്ടപ്പെട്ട നേതാവ് വീരേന്ദ്രകുമാര്‍ പാലക്കാട് സീറ്റ് നേടിയെടുത്തു, മത്സരിച്ചു, തോറ്റു. എന്നാല്‍ യു.ഡി.എഫുമായുള്ള ധാരണ പ്രകാരം (ലോക്‌സഭയില്‍ തോറ്റാല്‍ രാജ്യസഭ) രാജ്യസഭാംഗമായി. പ്രത്യേകിച്ച് പ്രത്യയശാസ്ത്രപരമായ പരിപാടിയൊന്നുമില്ലാതെ ബോറടിച്ച് എല്‍.ഡി.എഫിലേക്കു തന്നെ മാറുകയും കേന്ദ്രത്തിലെ ചില വഴിവിട്ട ബി.ജെ.പി ബന്ധങ്ങളില്‍ അലോസരപ്പെട്ട് പാര്‍ട്ടി പേരു മാറ്റി പിളര്‍ന്ന് വളര്‍ന്ന് വീണ്ടും പിളര്‍ന്ന് ലോക തന്ത്രങ്ങള്‍ (ലോക് താന്ത്രിക്) പയറ്റി. അങ്ങനെ പോകുന്നു.
നാലു സീറ്റ് കിട്ടിയ ചെറിയേട്ടന്‍ അതില്‍ വനിതാ പ്രാതിനിധ്യം വേണ്ട വിധം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ വനിതാ സ്ഥാനാര്‍ഥിയില്ല. സീറ്റ് വിഭജനം കീറാമുട്ടിയല്ല എന്നു പ്രഖ്യാപിച്ചപ്പോള്‍ ആരും ഇത്രയും ചിന്തിച്ചില്ല.കാല്‍ പതിറ്റാണ്ടിലേറെ ഈ മുന്നണിയുടെ ഒപ്പം നടന്ന് ലീഗ് വിരുദ്ധ പ്രത്യയശാസ്ത്രം മുഖമുദ്രയാക്കിയ ഇന്ത്യന്‍ നാഷനല്‍ ലീഗിന് ഘടകകക്ഷിയായിട്ടും സീറ്റില്ല എന്നത് ഏതു മുന്നണി മര്യാദയാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. സീറ്റ് വിഭജനം കീറാമുട്ടിയല്ലെങ്കിലും തെരഞ്ഞെടുപ്പു വിജയം കീറാമുട്ടിയാകുമോ എന്നതാണ് മുന്നണിയിലെ സീറ്റ് ദാഹികളായ ഘടകകക്ഷികളുംഘടകമല്ലാത്ത കക്ഷികളും തല പുകഞ്ഞാലോചിക്കുന്നത്. നമ്മള്‍ക്കു കിട്ടിയില്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്ന ഒരു നയം കൂടി രാഷ്ട്രീയത്തിലുണ്ട്. അങ്ങനെ വന്നാല്‍ പിന്നെ എല്ലാം കീറാമുട്ടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."