കിമ്മും ട്രംപും ഇന്ത്യയും
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ മലേഷ്യയില്‍ വച്ചു കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ വാരം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒരു ഉത്തരകൊറിയന്‍ നേതാവും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുള്ള ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. കേവലം അമേരിക്ക, ഉത്തരകൊറിയ കൂടിക്കാഴ്ചയ്ക്കപ്പുറം ലോക രാജ്യങ്ങളില്‍ പലര്‍ക്കും ഈ കൂടിക്കാഴ്ച വിവിധ മാനങ്ങള്‍ നല്‍കുന്നതായിരുന്നു. യുദ്ധ വെറിയന്‍മാര്‍ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചതും ഒടുവില്‍ കണ്ടേക്കാമെന്നു സമര്‍ഥിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ ലോക യുദ്ധം ഉണ്ടാവില്ലെന്ന തിരിച്ചറിവായിരുന്നു ലോക ജനതയ്ക്ക്. ഈ രാജ്യങ്ങളുടെ പിന്‍പറ്റി നിലകൊള്ളുന്ന രാജ്യങ്ങള്‍ക്കും അത് ഭാവിയിലേക്കുള്ള ഉത്പാദനപരമായ ചുവടുവയ്പുമായി. ഇരുചേരിയിലും പെടാത്ത ഇന്ത്യക്ക് ഇതില്‍ ആശാവഹമായി നേട്ടങ്ങളുണ്ടെന്നത് കാണാതിരുന്നുകൂടാ.
നയതന്ത്ര ബന്ധം
ഇന്ത്യയും ഉത്തരകൊറിയയുമായി 45 വര്‍ഷത്തെ നയതന്ത്ര ബന്ധമാണുള്ളത്. ആണവ-മിസൈല്‍ പരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തിയപ്പോഴും ഉത്തരകൊറിയയുമായുള്ള സഹകരണം തുടരാനുള്ള ഇന്ത്യയുടെ ധീരമായ നിലപാട് ആ രാജ്യത്തിന്റെ ബഹുമാനം വര്‍ധിപ്പിക്കുന്നതായി. ഉത്തരകൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളോടുള്ള യു.എന്‍ പ്രമേയത്തെ ഇന്ത്യ പിന്തുണയ്ക്കാതിരുന്നതോടെ അവരുടെ വിദേശകാര്യ മന്ത്രി 2015ല്‍ ഇന്ത്യ സന്ദര്‍ശിച്ചകാര്യവും ഓര്‍മിക്കാം. ട്രംപും ഉന്നും കൂടിക്കണ്ടതിനു പിന്നില്‍ ഇന്ത്യയുടെ സമ്മര്‍ദവും ഉണ്ടായിരുന്നത ്‌വാര്‍ത്തകളില്‍ എവിടെയും കണ്ടില്ല. കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുമ്പ് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ഉത്തരകൊറിയ സന്ദര്‍ശിച്ചത് പരാമര്‍ശിക്കേണ്ടതുണ്ട്. ഡെറാഡൂണിലെ ഏഷ്യാപെസഫിക് ബഹിരാകാശ ശാസ്ത്ര സാങ്കേതിക കേന്ദ്രത്തില്‍ ഉത്തരകൊറിയന്‍ ശാസ്ത്രജ്ഞര്‍ക്ക് സാങ്കേതിക ജ്ഞാനം നല്‍കുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ തുടര്‍ച്ചയായിക്കാണണം.
വ്യാപാരബന്ധം
ചൈനയോട് വ്യാപാര ബന്ധത്തില്‍ മത്സരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏഷ്യയില്‍ സാമ്പത്തിക ശക്തിയാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് ചൈനയാണ് തടസം. ചൈനയും ഉത്തരകൊറിയയും തമ്മിലാണ് ഏറ്റവും വലിയ വ്യാപാരമുള്ളത്. രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. 2014-15 കാലത്ത് 209 ദശലക്ഷം ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഉത്തരകൊറിയയുമായി ഉണ്ടായിരുന്നതെങ്കില്‍ 2016-17 കാലത്ത് 130 ദശലക്ഷം ഡോളറായി അതുചുരുങ്ങി. കാരണം, ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ ഉപരോധം. അത് അംഗീകരിക്കുമ്പോഴും ആഹാരം, വൈദ്യസഹായം എന്നിവയില്‍ ഇന്ത്യ സഹകരണം തുടര്‍ന്നു. ഒപ്പം ആണവ-മിസൈല്‍ പരീക്ഷണത്തെ എതിര്‍ക്കുകയും ചെയ്തു. ഇന്ത്യയുടെ നിലപാടിനെ ഉത്തരകൊറിയ അംഗീകരിച്ചു. അമേരിക്കയുടെ പിന്‍പറ്റിയല്ല ഉത്തരകൊറിയയുടെ ആയുധപ്പന്തയത്തെ ഇന്ത്യ എതിര്‍ക്കുന്നതെന്ന് അവര്‍ക്ക് വ്യക്തത വരുത്താന്‍ ഇന്ത്യക്കായി. അയല്‍രാജ്യങ്ങളുടെ ഉത്കണ്ഠയാണ് ഇന്ത്യ പങ്കുവച്ചത്. പ്രത്യേകിച്ച് ജപ്പാനും ദക്ഷിണ കൊറിയയുമായി ഇന്ത്യക്ക് നല്ല ബന്ധമുള്ളതിനാല്‍ ഉത്തരകൊറിയയുടെ നിലപാട് കണ്ടില്ലെന്ന് കരുതാനുമാവില്ലല്ലോ.
സംഘര്‍ഷരഹിത മുനമ്പ്
കൊറിയന്‍ മുനമ്പിനെ സംഘര്‍ഷ രഹിതമായി കാണാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് ഇരു കൊറിയകള്‍ക്കുമറിയാം. ലോകത്തിലേക്ക് ഉത്തരകൊറിയ വാതായനം തുറക്കുമ്പോള്‍ 45 വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിവച്ച ബന്ധത്തിന്റെ ഊഷ്മളത ദൃഢീകരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയും; പ്രത്യേകിച്ച്, ഉയര്‍ന്നുവരുന്ന പ്രാദേശിക ശക്തിയെന്ന നിലയില്‍. അമേരിക്കയുടെ ഭീഷണിയില്‍ ഒപ്പം നിന്ന ചൈന പോലും തള്ളിപ്പറഞ്ഞത് ഉത്തരകൊറിയയെ പ്രതിസന്ധിയിലാക്കിയിരുന്ന അവസരത്തില്‍. ഏഷ്യയില്‍ ചെറുരാജ്യങ്ങളോട് ഇന്ത്യ പുലര്‍ത്തിവരുന്ന മമത അവര്‍ കാണാതിരുന്നതുമില്ല. കൊറിയന്‍ മേഖലയെ ആണവ സാന്നിധ്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം യു.എസും കൊറിയയും ചേര്‍ന്നെടുത്തപ്പോള്‍ കൊറിയയുമായി ആണവ കച്ചവടത്തിന് പുറപ്പെട്ട പാകിസ്താനെയും അത് പ്രതിസന്ധിയിലാക്കുന്നു എന്നും മനസിലാക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."