മൂന്നാം സീറ്റ്: ലീഗ് തീരുമാനം ഇന്ന്
കോഴിക്കോട്: മൂന്നാം സീറ്റ് സംബന്ധിച്ച് മുസ്ലിം ലീഗിന്റെ തീരുമാനം ഇന്ന്. കോഴിക്കോട് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇതു സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളും.
സീറ്റ് നല്‍കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗ് നേതാക്കളെ ഇന്നലെ നടന്ന ചര്‍ച്ചയിലും അറിയിച്ചു. ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ തമ്മില്‍ കോഴിക്കോട് വച്ചാണ് ഇന്നലെ വീണ്ടും കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുല്‍വഹാബ് എം.പി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
യു.ഡി.എഫില്‍ സീറ്റിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ച് മൂന്നാം സീറ്റ് ആവശ്യത്തില്‍ നിന്നും പിന്മാറാന് മുസ്ലിം ലീഗ് നേതൃത്വം തയാറാകും.
മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുന്നണി ആയതു കൊണ്ടാണ് ഇ ത്തരം ചര്‍ച്ചകള്‍ യു.ഡി.എഫില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ ഇന്ന് ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്നു തന്നെ ഈ കാര്യത്തില്‍ തീരുമാനം ഉണ്ടാകും. യു.ഡി.എഫില്‍ സീറ്റ് വിഭജനം ഒരു വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."