കോഴയിലെ സര്‍ക്കാര്‍ പാടശേഖരം തരിശുകിടക്കുകയാണ്
കുറവിലങ്ങാട്: കൃഷി വകുപ്പ് മന്ത്രിയിതൊന്നും കാണുന്നില്ലെ?. തരിശുഭൂമിയില്‍ കൃഷിയിറക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയാറാക്കുമ്പോഴും സര്‍ക്കാര്‍ വക നെല്‍കൃഷിയിടം അനാഥമായി കിടക്കുന്നു.ആവശ്യത്തിന് കര്‍ഷകരില്ലെന്ന പേരില്‍ പലപ്പോഴും കൃഷിയിറക്കാന്‍ അധികൃതര്‍ വിസമ്മതിക്കുമ്പോള്‍ കോഴയിലെ സര്‍ക്കാര്‍ പാടം തരിശുകിടക്കുകയാണ്.
ആകെയുള്ള ഇരുപതേക്കര്‍ പാടശേഖഖരത്തില്‍ പകുതിയും ഇന്ന് തരിശുഭൂമിയാണെന്നതാണ് വാസ്തവം. അരിക്കുവേണ്ടി ഇതര സംസ്ഥാനങ്ങളെ കേരളം ആശ്രയിക്കുന്ന കാലത്താണ് പാടങ്ങളില്‍ കൃഷിയിറക്കാന്‍ വിസമ്മതിക്കുന്നതെന്നതും ശ്രദ്ധേയം. പലപ്പോഴും കൃഷിയുടെ പേരില്‍ അധികൃതര്‍ സംസാരിക്കുന്നതെല്ലാം വാചക കസര്‍ത്താണെന്നതിന്റെ പ്രധാന തെളിവാണ് സര്‍ക്കാര്‍ വകയുള്ള കൃഷിഭൂമി ഇത്തരത്തില്‍ അനാഥമായി കിടക്കുന്നത്.
കരനെല്‍കൃഷിയുടെ പേരില്‍ ഉദ്ഘാടനങ്ങളും പ്രചരണകോലാഹലങ്ങളും സാധാരണമായിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ കൃഷിയിടം കാടുകയറി കിടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.എല്ലാം ഉദ്ഘാടനത്തില്‍ ഒതുക്കി.
സര്‍ക്കാര്‍ ഫാം പ്രവര്‍ത്തനം തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. എങ്കിലും ഇവിടെ ആകെയുള്ളത് ആറ് സ്ത്രീകളടക്കം 13 പേരാണ്. എന്നാല്‍ ഇവരെ നയിക്കാനുള്ള ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവൊന്നുമില്ലെന്നതും ശ്രദ്ധേയം. ആറ് ജീവനക്കാരാണ് ഓഫീസിലുള്ളത്. ആകെയുള്ള 13 തൊഴിലാളികളില്‍ ഒരാള്‍ രാത്രികാലത്തെ വാച്ച്മാന്റെ സേവനത്തിലാണ്. ബാക്കിയുള്ളവര്‍ എല്ലാവരും എത്തിയാല്‍ ശരാശരി 10 പേരുടെ വരെ സേവനം ഒരു ദിനം ലഭിക്കും. 20.5 ഏക്കര്‍ പാടത്തിനൊപ്പം 4.5 ഏക്കര്‍ കരഭൂമിയിലും ഇതേ തൊഴിലാളികളുടെ സേവനം ലഭ്യമാക്കേണ്ടതുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ കാഷ്വല്‍തൊഴിലാളികളെ പ്രയോജനപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തിയിരുന്നത്. പാടത്ത് കൃഷിയിറക്കാന്‍ പോലും കഴിയാത്ത സാഹചര്യം ഉടലെടുത്തിട്ടും ഫാമിന്റെ നിയന്ത്രണാധികാരികളായ ജില്ലാ പഞ്ചായത്തോ കൃഷി വകുപ്പ് ഉദ്യോഗസ്ഥരോ രംഗത്തെത്താന്‍ പോലും തയാറാകുന്നില്ലെന്നതാണ് സ്ഥിതി.
ഓണക്കാലത്തെ വിളവെടുപ്പ് ഓര്‍മയാക്കി മിഥുനം വിടവാങ്ങുമ്പോഴും പാടത്ത് പൂര്‍ണമായി കൃഷിയിറക്കാന്‍ ഇനിയും നടപടിയില്ല. ഫാമില്‍ തൊഴിലാളികളില്ലെന്ന പേരിലാണ് കൃഷിയിറക്കാന്‍ നടപടികളെടുക്കാത്തത്.
ആറ് ബ്ലോക്കുകളായി തിരിച്ചിട്ടുള്ള 20.5 ഏക്കര്‍ പാടത്ത് ഇതിനോടകം മൂന്ന് ബ്ലോക്കില്‍ മാത്രമാണ് കൃഷിയുള്ളത്. ഏകദേശം എട്ട് ഏക്കറില്‍ മാത്രമാണ് കൃഷിയിറക്കിയിട്ടുള്ളത്. ആയിരക്കണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന എംസി റോഡിന്റെ ഇരുവശത്തായി സ്ഥിതി ചെയ്യുന്ന പാടം തരിശുകിടക്കുന്നത് നാടിന് തന്നെ നാണക്കേടാണ്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇവിടുത്തെ സ്ഥിതിയില്‍ മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."